ad
Deshabhimani

ഇനി ബോർഡിങ് പാസിൽ സീൽ പതിപ്പിക്കേണ്ട, ഡിജിറ്റൽ പാസ് മതി; ചൊവ്വ മുതൽ പ്രാബല്യത്തിൽ

e boarding pass
വെബ് ഡെസ്ക്

Published on Aug 31, 2026, 04:56 PM | 1 min read

ന്യൂഡൽഹി : രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്ന് വിദേശത്തേക്ക് പോകുന്ന യാത്രക്കാരുടെ ബോർഡിങ് പാസിൽ ഇമിഗ്രേഷൻ സ്റ്റാമ്പ് പതിപ്പിക്കുന്ന രീതി അവസാനിക്കുന്നു. സെപ്തംബർ 1 മുതൽ യാത്രക്കാർക്ക് ഇമിഗ്രേഷൻ കൗണ്ടറിൽ ഫിസിക്കൽ ബോർഡിങ് പാസ് കാണിക്കേണ്ടതില്ല. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും നിയമം ബാധകമാണ്.


യാത്രാ നടപടികൾ ലളിതമാക്കാനും ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലാക്കാനുമാണ് പുതിയ മാറ്റമെന്ന് ബ്യൂറോ ഓഫ് ഇമി​ഗ്രേഷൻ വ്യക്തമാക്കി. ഇനി മുതൽ യാത്രക്കാർക്ക് ഇമിഗ്രേഷൻ ക്ലിയറൻസിനായി ഫോണിലുള്ള ഇ- ബോർഡിങ് പാസ് ഉപയോഗിക്കാം. പ്രിന്റ് ചെയ്ത ബോർഡിങ് പാസ് ഉപയോഗിക്കാൻ തടസമില്ലെങ്കിലും ഇനി മുതൽ ഉദ്യോ​ഗസ്ഥർ പാസിൽ സീൽ പതിപ്പിക്കില്ല. ഡിജിറ്റൽ ബോർഡിങ് പാസും ഫിസിക്കൽ ബോർഡിങ് പാസും കൗണ്ടറിൽ ഒരേപോലെ സ്വീകരിക്കും.


വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്കാണ് പുതിയ നിയമം ബാധകം. സ്റ്റാമ്പ് പതിച്ചതിനാൽ ബോർഡിങ് പാസിലെ വിവരങ്ങൾ വായിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നുവെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയമെടുക്കുന്നുവെന്നും വ്യാപകമായ പരാതി ഉയർന്നിരുന്നു. തുടർന്നാണ് പുതിയ തീരുമാനം. പുതിയ ഉത്തരവ് സംബന്ധിച്ച നിർദേശം വിമാനത്താവള ഓപ്പറേറ്റർമാർക്കും സിഐഎസ്എഫ് ഉൾപ്പെടെയുള്ള ഏജൻസികൾക്കും നൽകിയിട്ടുണ്ട്.


ഇന്ത്യൻ പാസ്‌പോർട്ട് ഉടമകളുടെ പാസ്‌പോർട്ടിൽ ഇമിഗ്രേഷൻ സമയത്ത് പതിപ്പിക്കുന്ന എൻട്രി, എക്സിറ്റ് (entry, exit) സ്റ്റാമ്പുകളും ഒഴിവാക്കാനുള്ള നീക്കവും പരിഗണനയിലാണ്. ഇതിനായി പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി പുരോഗമിക്കുകയാണെന്നും വിജയകരമായാൽ അടുത്തപടിയായി വിമാനത്താവളങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home