ad
Deshabhimani

പഞ്ചസാര വിലക്കയറ്റം: വൻകിട കമ്പനികൾക്ക് കൊള്ളലാഭം; സാധാരണക്കാരും കർഷകരും ദുരിതത്തിൽ

SUGAR STOCK
വെബ് ഡെസ്ക്

Published on Aug 31, 2026, 04:37 PM | 3 min read

ന്യൂഡൽഹി: രാജ്യത്ത് പഞ്ചസാര വില കുത്തനെ ഉയരുമ്പോൾ അതിന്റെ നേട്ടം കൊയ്യുന്നത് വൻകിട കമ്പനികളും ഓഹരി നിക്ഷേപകരും. തിങ്കളാഴ്ച പ്രമുഖ പഞ്ചസാര കമ്പനികളുടെ ഓഹരിവില 11 ശതമാനം വരെ ഉയർന്നു. സാധാരണക്കാരന്റെ അടുക്കള ബജറ്റ് തകർക്കുന്ന രീതിയിൽ പൊതുവിപണിയിൽ വില ഉയരുമ്പോൾ, മറുവശത്ത് ബൽറാംപുർ ചിനി മിൽസ്, ശ്രീ രേണുക ഷുഗേഴ്സ്, മവാന ഷുഗേഴ്സ് ഉൾപ്പെടെയുള്ള കമ്പനികളുടെ ഓഹരി വില കുത്തനെ വർധിക്കുകയാണ്.


ബൽറാംപുർ ചിനി മിൽസാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ഓഹരി വില 10 ശതമാനം ഉയർന്ന് 738 രൂപയിലെത്തി. ശ്രീ രേണുക ഷുഗേഴ്സിന്‍റെ ഓഹരി 5.44 ശതമാനവും ഉയർന്നു. ത്രിവേണി എൻജിനീയറിങ്, മവാന ഷുഗേഴ്സ് എന്നിവയുടെ ഓഹരികളും കുതിച്ചു.


എഥനോൾ നയം; മില്ലുകൾക്ക് മറ്റൊരു വരുമാനവഴി


കേന്ദ്രത്തിന്റെ ഇ-20 നയമാണ് വലിയ പഞ്ചസാര മില്ലുകളുടെ ബിസിനസ് ഘടന തന്നെ മാറ്റിയത്. പഞ്ചസാരയ്ക്കൊപ്പം എഥനോളും വൈദ്യുതിയും ഉൽപ്പാദിപ്പിക്കുന്ന കമ്പനികൾക്ക് ഒരേസമയം ഒന്നിലധികം വരുമാനസ്രോതസ്സുകളാണ് ലഭിക്കുന്നത്. എണ്ണ വിപണന കമ്പനികൾ എഥനോൾ ഉറപ്പായി വാങ്ങുന്നതിനാൽ വലിയ ഡിസ്റ്റിലറി ശേഷിയുള്ള ബൽറാംപുർ ചിനി, ത്രിവേണി എൻജിനീയറിങ്, ശ്രീ രേണുക ഷുഗേഴ്സ് തുടങ്ങിയ കമ്പനികൾക്ക് ഇത് കൂടുതൽ ഗുണകരമായി.


അസാധാരണ വിലക്കയറ്റം; സാധാരണക്കാർക്ക് ഇരുട്ടടി


കഴിഞ്ഞ ഒരു മാസത്തിനിടെയാണ് രാജ്യത്ത് പഞ്ചസാര വിലയിൽ വലിയ വർധനവുണ്ടായത്. കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പിന്റെ സ്വന്തം കണക്കനുസരിച്ച് ജൂലൈ 20-ന് കിലോയ്ക്ക് 48.18 രൂപയായിരുന്ന ശരാശരി റീട്ടെയിൽ വില ആഗസ്റ്റ് 20 ആയപ്പോഴേക്ക് 55.70 രൂപയായി ഉയർന്നു. രാജ്യത്തെ ചില വിപണികളിൽ പഞ്ചസാര വില കിലോയ്ക്ക് 65 മുതൽ 70 രൂപ വരെയായി കുതിച്ചുയർന്നിരിക്കുകയാണ്. വരാനിരിക്കുന്ന പ്രധാന ഉത്സവകാലത്തിന് തൊട്ടുമുമ്പുള്ള ഈ വിലക്കയറ്റം പാവപ്പെട്ട കുടുംബങ്ങളുടെ താളംതെറ്റിക്കുമ്പോഴാണ്, അതേ സാഹചര്യം മുതലെടുത്ത് പഞ്ചസാര കമ്പനികളുടെ ഓഹരിവില കുതിക്കുന്നത്.


കേന്ദ്ര നയത്തിലെ വൈരുധ്യവും കോർപ്പറേറ്റ് പ്രീണനവും


കമ്പനികൾ മാത്രം ലാഭം കൊയ്യുന്നതിലൂടെ തുറന്നുകാട്ടപ്പെടുന്നത് നിലവിലെ പഞ്ചസാര-കാർഷിക നയത്തിന്റെ രൂക്ഷമായ വൈരുധ്യമാണ്. ഒരു വശത്ത് ഭക്ഷ്യവസ്തുവിന്റെ വില നിയന്ത്രിക്കാനെന്ന പേരിൽ കേന്ദ്ര സർക്കാർ സ്റ്റോക്ക് പരിധിയും ഇറക്കുമതിയും സപ്ലൈ ക്വാട്ടയും പ്രഖ്യാപിക്കുന്നു. മറുവശത്ത്, വൻകിട പഞ്ചസാര മില്ലുകളെ എഥനോൾ, വൈദ്യുതി, പഞ്ചസാര എന്നിവയിൽനിന്ന് ഒരേസമയം ഭീമമായ വരുമാനം നേടുന്ന വലിയ സംയോജിത ബിസിനസ് സ്ഥാപനങ്ങളാക്കി മാറ്റിയ നയഘടനയാണ് ഓഹരി വിപണി ആഘോഷിക്കുന്നത്.


ബൽറാംപുർ ചീനി, ത്രിവേണി എൻജിനീയറിങ്, ശ്രീ രേണുക ഷുഗേഴ്സ് തുടങ്ങിയ വൻകിട മില്ലുകൾക്ക് കേന്ദ്രത്തിന്റെ എഥനോൾ ഡിസ്റ്റിലറി നയം വൻ തോതിലുള്ള സ്ഥിരവരുമാനമാണ് ഉറപ്പാക്കുന്നത്. സ്വകാര്യ എണ്ണക്കമ്പനികളിൽനിന്നുള്ള ഉറപ്പായ എഥനോൾ വാങ്ങലിനൊപ്പം പഞ്ചസാര വിലയും ഉയർന്നതോടെ കമ്പനികൾക്ക് ഒന്നിലധികം വരുമാനസ്രോതസ്സുകളാണ് തുറന്നുകിട്ടിയിരിക്കുന്നത്. മുമ്പ് വിലചക്രത്തെ (Price cycle) ആശ്രയിച്ചിരുന്ന പഞ്ചസാര വ്യവസായത്തെ ഓഹരി വിപണി ഇപ്പോൾ കൂടുതൽ ലാഭകരമായ ‘ബയോ എനർജി’ മേഖലയായി കാണുന്നതും ഈ കോർപ്പറേറ്റ് പ്രീണന നയം മൂലമാണ്.


വില വർധനവിന്റെ ഗുണം മുഴുവൻ കരിമ്പ് കർഷകരിലേക്ക് എത്തുണ്ടെന്ന കേന്ദ്ര സർക്കാരിന്റെ വാദം പൂർണ്ണമായും പൊള്ളയാണെന്ന് കണക്കുകൾ തെളിയിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ കരിമ്പ് ഉൽപ്പാദന സംസ്ഥാനമായ ഉത്തർപ്രദേശിൽ 2026–27 സീസണിലേക്കുള്ള കരിമ്പ് കൃഷിവിസ്തൃതി 47,000 ഹെക്ടറോളമാണ് കുറഞ്ഞത്.


ഉയർന്ന കൃഷിച്ചെലവ്, കടുപ്പമേറിയ തൊഴിലാളി-ജലസേചനച്ചെലവുകൾ, മില്ലുകളിൽനിന്ന് മാസം തികഞ്ഞിട്ടും പണം ലഭിക്കാത്തത് തുടങ്ങിയ കാരണങ്ങളാൽ കർഷകർ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. മില്ലുടമകളുടെ ഖജനാവ് നിറയുമ്പോഴും കർഷകർക്ക് കടക്കെണിയും ദുരിതവും മാത്രമാണ് ബാക്കി.


പൂഴ്ത്തിവെപ്പ് സമ്മതിച്ച് കേന്ദ്രം; വിപണിയിൽ അടിയന്തര നടപടി വൈകുന്നു


വിലക്കയറ്റം കൈവിട്ടുപോയതോടെ പത്തുലക്ഷം ടൺ അസംസ്കൃത പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യാനും, സെപ്റ്റംബർ മുതൽ മില്ലുകളുടെ വിൽപ്പന ക്വാട്ട മാസത്തിലൊരിക്കൽ എന്നതിനു പകരം രണ്ടാഴ്ച കൂടുമ്പോൾ നിശ്ചയിക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. വിപണിയിൽ സ്റ്റോക്ക് പൂഴ്ത്തിവെപ്പും ഊഹക്കച്ചവടവും നടക്കുന്നുണ്ടെന്ന് കേന്ദ്രം തന്നെ സമ്മതിക്കുന്നു.


ഇവിടെയാണ് വിഷയം കടുത്ത രാഷ്ട്രീയ ചോദ്യമായി മാറുന്നത്. വിപണിയിൽ കൃത്രിമ ക്ഷാമവും പൂഴ്ത്തിവെപ്പും ഉണ്ടെന്ന് സർക്കാർ തന്നെ സമ്മതിക്കുമ്പോൾ, അതിന്റെ ഭാരം സാധാരണക്കാരായ ഉപഭോക്താക്കൾ ചുമക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്? വില ഉയർന്നപ്പോഴേക്കും മില്ലുകളുടെ ഓഹരികൾ കുതിക്കുകയും കോർപ്പറേറ്റ് വരുമാന പ്രതീക്ഷകൾ വാനോളമുയരുകയും ചെയ്ത ശേഷമാണ് വില നിയന്ത്രണം സർക്കാരിന്റെ അടിയന്തര നടപടിയായി മാറുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home