ദിവസം 6 ലക്ഷം സൈബർ ആക്രമണം തടയുന്നതായി യുഎഇ

ദുബായ് : രാജ്യത്ത് ദിവസം ശരാശരി ആറുലക്ഷത്തോളം സൈബർ ആക്രമണം തടയുന്നതായി യുഎഇ സൈബർ സുരക്ഷാ മേധാവി ഡോ. മുഹമ്മദ് അൽ കുവൈത്തി. യുദ്ധസാഹചര്യങ്ങളിൽ ഇത് ദിവസം ഏകദേശം എട്ടുലക്ഷംവരെ ഉയർന്നു. സൈബർ സുരക്ഷയെ സർക്കാർ സംവിധാനങ്ങളുടെ മാത്രം ഉത്തരവാദിത്വമാക്കാതെ എല്ലാ വിഭാഗങ്ങളെയും പങ്കാളികളാക്കുന്ന പ്രതിരോധമാണ് യുഎഇ പിന്തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സൈബർ ഭീഷണി പരമ്പരാഗത ഓൺലൈൻ കുറ്റകൃത്യങ്ങളിൽനിന്ന് രാജ്യത്തിന്റെ നിർണായക ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളെ തകർക്കാൻ ലക്ഷ്യമിടുന്ന സൈബർ യുദ്ധത്തിലേക്ക് മാറുകയാണ്. വൈദ്യുതി, ജലം, വ്യോമഗതാഗതം, ഊർജ മേഖലകൾ ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങൾ പരസ്‌പരം ബന്ധിപ്പിച്ച ഡിജിറ്റൽ സംവിധാനങ്ങളെ ആശ്രയിക്കുന്നതിനാൽ ദോഷകരമായ ചെറിയ പ്രോഗ്രാം പോലും വലിയ പ്രത്യാഘാതം സൃഷ്‌ടിച്ചേക്കും. യുഎഇ നേരിടുന്ന ഭീഷണികളെ സൈബർ കുറ്റകൃത്യം, സൈബർ ഭീകരത, സൈബർ യുദ്ധം എന്നിങ്ങനെ മൂന്നായി തിരിക്കാം. സാമ്പത്തിക തട്ടിപ്പ്, വിവരമോഷണം, ചാരപ്രവർത്തനം, അഭ്യൂഹങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയവയാണ് സൈബർ കുറ്റകൃത്യങ്ങളുടെ പ്രധാന രൂപങ്ങൾ. സമൂഹത്തിൽ തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കാനും സാമൂഹിക ഐക്യം തകർക്കാനും യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാനും ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതാണ് സൈബർ ഭീകരത.
ഓൺലൈൻ ഗെയിമുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും കുട്ടികൾ അക്രമസ്വഭാവമുള്ള ഉള്ളടക്കങ്ങൾക്ക് വിധേയരാകുന്നത് ഗൗരവമായി കാണേണ്ട വിഷയമാണ്. വെർച്വൽ ലോകവും യഥാർഥ ജീവിതവും തമ്മിലുള്ള വ്യത്യാസം കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കേണ്ടത് പ്രധാനമാണ്. സൈബർ സുരക്ഷ സർക്കാർ ഏജൻസികളുടെയും വിദഗ്ധരുടെയും മാത്രം ഉത്തരവാദിത്വമല്ല. സമൂഹമാണ് സൈബർ സുരക്ഷയുടെ ആദ്യ പ്രതിരോധനിര. കുട്ടികൾ, രക്ഷിതാക്കൾ, കുടുംബങ്ങൾ എന്നിവരിൽ ഡിജിറ്റൽ സുരക്ഷാ ബോധവൽക്കരണം ശക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിജിറ്റൽ പരിവർത്തനം, ഇ–-ഗവൺമെന്റ് എന്നിവയിൽനിന്ന് നിർമിത ബുദ്ധി, ക്വാണ്ടം സാങ്കേതികവിദ്യ, സ്വയം നിയന്ത്രിത സംവിധാനങ്ങൾ, റോബോട്ടുകൾ, ഡ്രോണുകൾ എന്നിവയിലേക്ക് സാങ്കേതികവിദ്യ അതിവേഗം മാറുകയാണ്. പുതിയ സാങ്കേതികവിദ്യകൾ കൂടുതൽ സൗകര്യങ്ങളും സാമ്പത്തിക നേട്ടങ്ങളും നൽകുമ്പോഴും മനുഷ്യന്റെ ജാഗ്രതയാണ് സുരക്ഷയുടെ അടിസ്ഥാനം. ഓൺലൈനിൽ ലഭിക്കുന്ന വിവരങ്ങൾ പരിശോധിച്ചുറപ്പിച്ചശേഷം മാത്രം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ആപ്ലിക്കേഷനുകൾ തുറക്കുകയോ വേണം. പണമോ വ്യക്തിഗത വിവരങ്ങളോ ആവശ്യപ്പെടുന്ന സന്ദേശങ്ങളോട് പ്രത്യേക ജാഗ്രത പുലർത്തണമെന്നും ഡോ. മുഹമ്മദ് അൽ കുവൈത്തി ആവശ്യപ്പെട്ടു.










0 comments