ബഹിരാകാശത്ത് ഒരു ഇന്ത്യൻ മെയ്ഡ് ഡാറ്റാ സെന്റര്‍; പദ്ധതിയുമായി അഗ്നികുൽ കോസ്മോസ്


എൻ എ ബക്കർ
Published on Mar 03, 2026, 03:37 PM | 2 min read
സൂപ്പർ കമ്പ്യൂട്ടിംഗ് രംഗത്ത് ഇന്ത്യയിൽ നിന്നൊരു വിപ്ലവകരമായ ചുവടുവെപ്പിന് തുടക്കം. ചെന്നൈ ആസ്ഥാനമായുള്ള സ്പേസ് സ്റ്റാർട്ടപ്പ് അഗ്നികുൽ കോസ്മോസ് (Agnikul Cosmos) ബഹിരാകാശത്ത് എഐ ഡാറ്റാ സെന്റർ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു.
ബംഗളൂരു ആസ്ഥാനമായുള്ള നീവ്ക്ലൗഡ് ആണ് ഈ ഡാറ്റാ സെന്റർ വികസിപ്പിക്കുന്നത്. ഈ വർഷം അവസാനത്തോടെ പദ്ധതിക്ക് തുടക്കമിടാനാണ് നീക്കം. ബഹിരാകാശത്ത് ഡാറ്റാ സെന്ററിന്റെ പ്രോട്ടോടൈപ്പ് വിക്ഷേപിച്ചായിരിക്കും ഇത് സാധ്യമാക്കുക. 2027-ഓടെ സൗകര്യം വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ഭൂമിയിൽ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതിന് വലിയ സ്ഥലവും,അവ തണുപ്പിക്കാൻ വൻതോതിൽ വെള്ളവും വൈദ്യുതിയും വേണം. എന്നാൽ ബഹിരാകാശത്ത് ഇതിന് വ്യത്യസ്ത ബദലുണ്ട്. സൂര്യപ്രകാശത്തിൽ നിന്ന് നേരിട്ട് ഊർജ്ജം ഉത്പാദിപ്പിക്കാം. ബഹിരാകാശത്തെ അതിശൈത്യം (അബ്സല്യൂട്ട് സീറോയോട് അടുത്ത താപനില) ഡാറ്റാ സെന്ററുകൾ തണുപ്പിക്കാൻ സഹായിക്കും. ഭൂമിയിലുള്ള ഡാറ്റാ സെന്ററുകളെ അപേക്ഷിച്ച് ബഹിരാകാശത്തുള്ളവയ്ക്ക് ഭൗതികമായ സുരക്ഷ കൂടുതലായിരിക്കും.
അഗ്നികുൽ വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങളുടെ മുകൾഭാഗത്തായിരിക്കും ഈ ഡാറ്റാ സെന്റർ ഘടിപ്പിക്കുക. ഇത് ഒരു ഒറ്റപ്പെട്ട ഉപഗ്രഹമായിരിക്കില്ല. മറിച്ച് പല ഭാഗങ്ങൾ ചേർന്ന് ഒരു ശൃംഖല ആയിട്ടായിരിക്കും പ്രവർത്തിക്കുക. ഇവ തമ്മിലും ഭൂമിയിലെ സ്റ്റേഷനുകളുമായും ഒരേ സമയം വിവരങ്ങൾ കൈമാറാൻ സാധിക്കും.
തുടക്കത്തിൽ നിലവിലുള്ള വിവരങ്ങൾ വിശകലനം ചെയ്ത് പ്രവചനങ്ങൾ നടത്തുന്ന(AI Inference) ജോലികൾക്കായിരിക്കും മുൻഗണന. 2026-ലെ പരീക്ഷണം വിജയിച്ചാൽ, 2027മുതൽ വലിയ തോതിലുള്ള വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് കമ്പനിയുടെ നീക്കം.
ഒരു കിലോഗ്രാം പേലോഡ് ബഹിരാകാശത്ത് എത്തിക്കാൻ ആയിരക്കണക്കിന് ഡോളർ ചെലവാകും. ഇത് നിലവിലെ ഏറ്റവും വലിയ തടസ്സമാണ് . എങ്കിലും, സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് പോലുള്ള പൂർണ്ണമായും പുനരുപയോഗിക്കാവുന്ന റോക്കറ്റുകൾ ഈ ചെലവ് ഗണ്യമായി കുറയ്ക്കുമെന്നാണ് പ്രതീക്ഷ. അഗ്നികുൽ പുനരുപയോഗ റോക്കറ്റുകളുടെ നിര്‍മ്മാണത്തിൽ സഹകരിക്കുന്ന കമ്പനിയാണ്.
അഗ്നികുൽ കോസ്മോസ് അവതരിപ്പിക്കുന്ന ആശയം അല്പം വ്യത്യസ്തമാണ്. റോക്കറ്റ് അതിന്റെ പേലോഡ് ഭ്രമണപഥത്തിൽ എത്തിച്ച ശേഷം, റോക്കറ്റിന്റെ മുകൾ ഭാഗം (upper stage) ഉപേക്ഷിക്കുന്ന പതിവ് രീതിക്ക് പകരം, ആ ഭാഗത്തെ തന്നെ ഒരു പ്രവർത്തനക്ഷമമായ ഡാറ്റാ സെന്റർ മൊഡ്യൂളാക്കി (Data Center-in-a-Can) മാറ്റുക എന്നതാണ് ഇവരുടെ ആശയം. ഇത് വിക്ഷേപണ ചെലവ് ഗണ്യമായി കുറയ്ക്കും എന്ന് വാദിക്കുന്നു.
ഇപ്പോഴും സ്വപ്നം
നിലവിൽ, പൂർണ്ണതോതിലുള്ള വാണിജ്യ ഡാറ്റാ സെന്ററുകൾ ബഹിരാകാശത്ത് പ്രവർത്തിക്കാൻ തുടങ്ങിയിട്ടില്ല. ലോകത്തിലെ പ്രമുഖ ബഹിരാകാശ ഏജൻസികളും സ്വകാര്യ കമ്പനികളും ഈ സാധ്യത പര്യവേക്ഷണം ചെയ്യുന്നതിനായി നിരവധി പദ്ധതികൾ ആവിഷ്കരിക്കുകയും പരീക്ഷണങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. സ്റ്റാര്‍ ലിങ്ക്, അസന്റ്, ലോൺ സ്റ്റാര്‍, സ്റ്റാര്‍ ക്ലൗഡ്, ചൈനയുടെ സിഎഎസ് സി എന്നിങ്ങനെ കമ്പനികൾ എല്ലാം ഇതിനുള്ള ശ്രമത്തിലാണ്. ചൈന 2,800 ഉപഗ്രങ്ങളുടെ ഒരു കോൺസ്റ്റലേഷനാണ് വിഭാവനം ചെയ്യുന്നത്. യൂറോപ്യൻ യൂണിയന്റെ ASCEND ഏറ്റവും വിശദമായി പഠിക്കപ്പെട്ട പദ്ധതികളിൽ ഒന്നാണ്. ഫ്രാൻസ് ആസ്ഥാനമായുള്ള Thales Alenia Space ആണ് ഈ കൺസോർഷ്യത്തിന് നേതൃത്വം നൽകുന്നത്. 13 ഉപഗ്രഹങ്ങളുടെ ഒരു കൂട്ടം (constellation) ആയിട്ടാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ ഉപഗ്രഹവും ഒരു ഡാറ്റാ സെന്റർ മൊഡ്യൂൾ ആയി പ്രവർത്തിക്കും. ഇത്തരത്തിൽ ഇവ ഒരോന്നു ചെലവേറിയതുമാണ്.
OpenAI സിഇഒ സാം ആൾട്ട്മാൻ പോലുള്ള വ്യക്തികൾ ഈ ആശയത്തെ 'അസംബന്ധം' എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും , നിക്ഷേപകരും വൻകിട കമ്പനികളും ഇതിനെ ഗൗരവമായി പരിഗണിക്കുന്നു. 2030-കളുടെ മധ്യത്തോടെ ബഹിരാകാശ ഡാറ്റാ സെന്ററുകൾ യാഥാർത്ഥ്യമായേക്കുമെന്നും, അവയുടെ പ്രവർത്തന ചെലവ് ഭൗമ ഡാറ്റാ സെന്ററുകൾക്ക് സമാനമായേക്കുമെന്നും കരുതുന്നു.










0 comments