ജിഎസ്‌ടി കൗൺസിൽ തീരുമാനം: മൊബൈലിന്‌ വിലകൂടും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 15, 2020, 12:48 AM | 0 min read

ന്യൂഡൽഹി
മൊബൈൽ ഫോണുകളുടെ നികുതി  12 ശതമാനത്തിൽനിന്ന്‌ 18 ആക്കി ഉയർത്താൻ ജിഎസ്‌ടി കൗൺസിൽ തീരുമാനിച്ചു. ഉൽപ്പന്നങ്ങൾക്ക് കുറഞ്ഞ നികുതിയും നിർമാണ വസ്‌തുക്കൾക്ക് ഉയർന്ന നികുതിയുമെന്ന സ്ഥിതി ഏകീകരിക്കാനാണ്‌ നിരക്ക്‌ വർധന. ഇതോടെ മൊബൈൽ ഫോണിന്‌ വിലകൂടും.  ചെരുപ്പ്, വസ്ത്രം, വളം തുടങ്ങിയവയുടെ നികുതി നിരക്കും വർധിപ്പിക്കാനുള്ള നീക്കം കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ കടുത്ത എതിർപ്പിനെത്തുടർന്ന്‌ മാറ്റിവച്ചു. കോവിഡ്‌ ഭീതിക്കിടെ നികുതി വർധിപ്പിക്കുന്നത്‌ ഒഴിവാക്കണമെന്ന്‌ കേരളം ആവശ്യപ്പെട്ടു. ഇത്‌ യോഗം തത്വത്തിൽ അംഗീകരിച്ചെങ്കിലും ഉത്തർപ്രദേശിന്റെ ആവർത്തിച്ചുള്ള ആവശ്യത്തെ തുടർന്ന്‌ മൊബൈലിന്റെ നികുതിനിരക്ക്‌ കൂട്ടി.

സംസ്ഥാനങ്ങൾക്കുള്ള ജിഎസ്‌ടി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ പാർലമെന്റിന്റെ ബജറ്റ്‌ സമ്മേളനത്തിനുശേഷം യോഗം ചേരുമെന്ന്‌ കേന്ദ്രമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. കേരളത്തിന്‌ കിട്ടാനുള്ള 3000 കോടിയിൽ ഒരു വിഹിതമെങ്കിലും അടിയന്തരമായി നൽകണമെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌ ആവശ്യപ്പെട്ടു. ഇത്‌ പരിഗണിക്കുമെന്ന്‌ നിർമല സീതാരാമൻ അറിയിച്ചു.

2018–-19 സാമ്പത്തികവർഷത്തെ ജിഎസ്‌ടി ആർ 9, ജിഎസ്‌ടി ആർ 9 സി എന്നിവ ഫയൽ ചെയ്യുന്നതിനുള്ള സമയം മാർച്ച്‌ 31ൽനിന്ന്‌ ജൂൺ 30വരെ നീട്ടി. വാർഷിക വിറ്റുവരവ്‌ രണ്ടുകോടി എന്നത്‌ അഞ്ചുകോടിയാക്കി പരിഷ്‌കരിച്ചു.  വിമാനങ്ങളുടെ ആഭ്യന്തര പരിപാലനം, അറ്റകുറ്റപ്പണി, പരിശോധന (എംഒആർ) എന്നീ സേവനങ്ങൾക്കുള്ള നികുതി നിരക്ക്‌ 18ൽനിന്ന്‌ അഞ്ച്‌ ശതമാനമാക്കി കുറയ്‌ക്കാനും അസംസ്‌കൃത വസ്‌തുക്കളിൽ ഈടാക്കുന്ന നികുതി (ഇൻപുട്ട്‌ ടാക്‌സ്‌ ക്രഡിറ്റ്‌) തിരികെ നൽകാനും തീരുമാനിച്ചു. നികുതി പരിഷ്‌ക്കാരങ്ങൾ ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽവരും. ജിഎസ്‌ടി കുടിശികയ്‌ക്ക്‌ ജൂലൈ ഒന്നുമുതൽ  പലിശ ഈടാക്കും.



deshabhimani section

Related News

View More
0 comments
Sort by

Home