ഐമാക് ഐഫോൺ ഡിസൈനര്‍ ജോണി ഐവ് ആപ്പിള്‍ വിടുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 28, 2019, 04:30 AM | 0 min read

ന്യൂയോർക്ക്‌ > ഐമാക് മുതൽ ഐഫോൺ വരെയുള്ള ഉല്‍പ്പന്നങ്ങളുടെ ഡിസൈനര്‍ ജോണി ഐവ് ആപ്പിള്‍ വിടുന്നു. ആപ്പിള്‍ ഗാഡ്ജറ്റുകളുടെ മുഖ്യ വാസ്തുശില്‍പ്പിയായി ജോണി സേവനമനുഷ്ടിക്കാന്‍ തുടങ്ങിയിട്ട് 30 വർഷത്തോളമായി. ഫിനാൻഷ്യൽ ടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഐവ് രാജിക്കാര്യം വ്യക്തമാക്കിയത്. ഇതാണ് മാറി നില്‍ക്കാനുള്ള അനുയോജ്യമായ സമയമെന്നും, എന്നാല്‍ ആപ്പിളുമായുള്ള ബന്ധം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ലവ്ഫ്രം എന്ന പേരിൽ ഒരു പുതിയ ക്രിയേറ്റീവ് കമ്പനി ആരംഭിക്കാനാണ് അദ്ദേഹം പദ്ധതിയിടുന്നത്. ആപ്പിളായിരിക്കും അതിന്‍റെ ആദ്യ ഉപഭോക്താവ്.

‘ഡിസൈൻ ലോകത്തെ ഏകതാരമാണ് ജോണിയെന്നും ആപ്പിളിന്‍റെ പുനരുദ്ധാരണത്തില്‍ അദ്ദേഹത്തിന്‍റെ പങ്ക് പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നും’ ആപ്പിളിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ടിം കുക്ക് പ്രസ്താവനയിൽ പറഞ്ഞു. അദ്ദേഹം ഉയര്‍ത്തിക്കൊണ്ടുവന്ന മിടുക്കരായ ഡിസൈന്‍ ടീമിന്‍റെ കീഴില്‍ നടന്നുവരുന്ന ചില സവിശേഷ പ്രോജക്ടുകളില്‍ തുടര്‍ന്നും അദ്ദേഹത്തിന്‍റെ സേവനം ഉണ്ടാകുമെന്നും ടിം കുക്ക് പറഞ്ഞു.

90-കളുടെ തുടക്കത്തിൽ കമ്പനിയെ രക്ഷപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ടിം കുക്ക് എടുത്തു പറഞ്ഞു. കമ്പനി സാമ്പത്തികമായി തകര്‍ന്നിരിക്കുന്ന സമയത്താണ് ഐമാക് വരുന്നത്. അതോടെയാണ് ആപ്പിളിന്‍റെ ഭാവി തെളിഞ്ഞത്. നിലവിലെ ഡിസൈന്‍ ടീംതന്നെ തുടരുമെന്നും, ആവശ്യ സന്ദര്‍ഭങ്ങളില്‍ ജോണിയുടെ സേവനം ഉറപ്പുവരുത്തുമെന്നും, അദ്ദേഹത്തില്‍നിന്നും ഇതിനേക്കാള്‍ മികച്ചൊരു റിസള്‍ട്ട് ലഭിക്കില്ലെന്നും ചീഫ് എക്സിക്യൂട്ടീവ് വ്യക്തമാക്കി.

അതേസമയം, ആപ്പിളിനെ സംബന്ധിച്ച് ഏറ്റവും നിര്‍ണ്ണായകമായ സമയത്താണ് ജോണിന്‍റെ പടിയിറക്കമെന്നതും ശ്രദ്ധേയമാണ്. വിപണിയിലെ മത്സരം വര്‍ദ്ധിച്ചതും, സ്മാർട്ട്‌ഫോണുകളുടെ ആവശ്യം മന്ദഗതിയിലായതും, യുഎസും ചൈനയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന വ്യാപാര യുദ്ധവുമെല്ലാം ടെക് കമ്പനികളെ സമ്മര്‍ദ്ദത്തിലാക്കുന്ന സമയമാണിത്. വരും വര്‍ഷങ്ങളില്‍ വില്‍പ്പന കുറയുമെന്ന ആപ്പിളിന്‍റെ പ്രസ്താവന നിക്ഷേപകരെപോലും ഞെട്ടിച്ചിരുന്നു. 2002-ന് ശേഷം ആദ്യമായാണ്‌ കമ്പനി ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നത്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി സേവന വൈവിധ്യവത്കരണം നടത്തി വരുമാനം വര്‍ദ്ധിപ്പിക്കുവാനുള്ള ശ്രമത്തിലാണ് ആപ്പിള്‍. ജോണി ഐവിന്‍റെ രാജി വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ ആപ്പിളിന്‍റെ വിപണി മൂല്യം ഏകദേശം 1% ഇടിഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home