വാട്സ്‌ആപ്പ് ഗ്രൂപ്പുകളിക്ക് അന്ത്യം; ഒഴിവായത് വലിയൊരു തലവേദന

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 04, 2019, 04:29 AM | 0 min read

കൊച്ചി> വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ അംഗത്വം സംബന്ധിച്ച് ഉപയോക്താക്കൾക്കു സ്വകാര്യതയുടെ താക്കോൽ നൽകുന്നതാണ് വാട്സാപ്പിന്റെ പുതിയ നടപടി. പുതിയ അപ്ഡേറ്റിനു ശേഷം വാട്സാപ് പ്രൈവസി സെറ്റിങ്സിൽ പോയി ആർക്കൊക്കെ നിങ്ങളെ ഗ്രൂപ്പുകളിൽ ചേർക്കാം എന്നതിൽ മാറ്റങ്ങൾ വരുത്താം. വാട്സാപ് പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്തു കഴിഞ്ഞാൽ പ്രൈവസി സെറ്റിങ്സിൽ ഇപ്പോഴുള്ളതിനു പുറമേ ഗ്രൂപ്പ്സ് എന്നൊരു വിഭാഗം കൂടി പ്രത്യക്ഷപ്പെടും. അതു തിരഞ്ഞെടുത്ത് സെറ്റിങ്സിൽ മാറ്റം വരുത്താം. കോൺടാക്ടിൽ ഉള്ളവർക്കു മാത്രം നിങ്ങളെ ഗ്രൂപ്പുകളിൽ ചേർക്കാവുന്നതാണ് ഒരു ഓപ്ഷൻ. ആർക്കും ചേർക്കാം എന്നതും ആർക്കും ചേർക്കാനാവില്ല എന്നതുമാണ് മറ്റ് ഓപ്ഷനുകൾ.

ഗ്രൂപ്പിൽ ചേർക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിക്കഴിഞ്ഞാൽ ഗ്രൂപ്പ് അഡ്മിൻമാർക്കു നിങ്ങളെ ഗ്രൂപ്പുകളിലേക്കു ക്ഷണിക്കാൻ മാത്രമേ കഴിയൂ. ഗ്രൂപ്പിൽ ചേരണോ വേണ്ടയോ എന്നു നിങ്ങൾ സ്വയം തീരുമാനിച്ചു ചേരുകയോ ചേരാതിരിക്കുകയോ ചെയ്യാം.

കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരവധി പേർ പരാതിപ്പെട്ട കാര്യമായിരുന്നു അശ്ലീല ചര്‍ച്ചകൾ നടക്കുന്ന ഗ്രൂപ്പിൽ അനുമതിയില്ലാതെ പലരെയും ചേർക്കുന്നുവെന്ന്. ഇത് പലരുടെ കുടുംബത്തിൽ വലിയ കലഹങ്ങൾക്ക് വരെ കാരണമായിട്ടുണ്ട്. ഇത്തരം ഗ്രൂപ്പുകളിൽ അംഗമായി ചേർക്കുന്നതോടെ ഫോണിലേക്ക് മെസേജുകള്‍ വന്നുക്കൊണ്ടിരിക്കും. ഗ്രൂപ്പിൽ ചേർക്കുന്നതോടെ അംഗങ്ങൾക്കെല്ലാം ഫോൺ നമ്പറും പ്രൊഫൈൽ ഫോട്ടോയും ലഭിക്കും. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഫോൺ നമ്പർ പുറത്താകുന്നത് വൻ തലവേദനയാണ്.

ഈ പ്രശ്നത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാർ തന്നെ വാട്സാപ്പിനെ അറിയിച്ചിരുന്നു. ഗ്രൂപ്പിൽ അംഗങ്ങളെ ചേര്‍ക്കുന്നത് അവരുടെ അനുമതിയോടെ ചെയ്യാനാകുന്ന ഫീച്ചര്‍ അവതരിപ്പിക്കണമെന്നാണ് കേന്ദ്ര ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടത്. ഗ്രൂപ്പില്‍ നിന്ന് പുറത്തുപോയാലും വീണ്ടും ഉൾപ്പെടുത്തുന്നതും ചിലർക്ക് തലവേദനയാകുന്നുണ്ട്.

ഒരു ഗ്രൂപ്പില്‍ നിന്ന് രണ്ടു തവണ എക്സിറ്റ് ചെയ്താൽ അഡ്മിന് മൂന്നാം തവണ ഗ്രൂപ്പിൽ ചേര്‍ക്കാനാവില്ല. എന്നാൽ ഗ്രൂപ്പിലെ മറ്റു അഡ്മിനുകൾക്ക് ഇവരെ വീണ്ടും ചേർക്കാം സാധിക്കും. ചിലർ മറ്റു ഗ്രൂപ്പുകള്‍ ഉണ്ടാക്കിയും ശല്യം തുടരുന്നു. സ്ത്രീകളെ അപമാനിക്കാൻ വരെ ചിലർ അഡൾട്ട് ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നുണ്ട്. ചോദ്യം ചെയ്താൽ അബദ്ധത്തിൽ സംഭവിച്ചതാണെന്ന് പറഞ്ഞാണ് മിക്ക അഡ്മിനുകളും രക്ഷപ്പെടുന്നത്.

അനുമതിയില്ലാതെ ഗ്രൂപ്പില്‍ ചേര്‍ക്കുന്നതിനെതിരെ വാട്സാപ്പിനോടു നേരത്തെയും വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ ഈ ഫീച്ചറിന് നിയന്ത്രണം കൊണ്ടുവരാൻ വാട്സാപ് തയാറായിരിക്കുന്നു. ഫെയ്സ്ബുക് മെസഞ്ചറിലും ഈ ഫീച്ചർ കാണാം. അശ്ലീല ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കാറുള്ള വാട്സാപ് ഗ്രൂപ്പിൽ യുവതിയെ അവരുടെ അനുമതിയില്ലാതെ ചേർത്ത സംഭവത്തിൽ വാട്സാപ് ഗ്രൂപ്പ് അഡ്മിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home