ഭ്രമണപഥത്തിൽ ‘മഞ്ചം’ തീർക്കാൻ ഐഎസ‌്ആർഒ; പരീക്ഷണം നാളെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 23, 2019, 10:30 AM | 0 min read

തിരുവനന്തപുരം> ഭ്രമണപഥത്തിൽ പരീക്ഷണങ്ങൾക്കായി താൽക്കാലിക ‘മഞ്ചം’ തീർക്കാൻ ഐഎസ‌്ആർഒ. റോക്കറ്റിന്റെ  അവശിഷ‌്ടങ്ങളെ ബഹിരാകാശത്ത‌് ഉപയോഗപ്പെടുത്തുന്ന ആദ്യ സാങ്കേതിക ക്ഷമതാ പരിശോധന വ്യാഴാഴ‌്ച നടക്കും. പിഎസ‌്എൽവി സി–44 വിക്ഷേപണത്തിലൂടെയാകുമിത‌്. ശ്രീഹരിക്കോട്ടയിലെ സതീഷ‌്ധവാൻ സ‌്പേയ‌്സ‌് സെന്റെറിൽ നിന്നാണ‌് വിക്ഷേപണം.

ഒന്നാമത്തെ വിക്ഷേപ്ണത്തറയിൽ നിന്ന‌്  രാത്രി പന്ത്രണ്ടിന‌് രണ്ട‌് ഉപഗ്രഹങ്ങളുമായി പിഎസ‌്എൽവി റോക്കറ്റ‌് കുതിക്കും. സൈനിക ആവശ്യത്തിനുള്ള മൈക്രോസാറ്റ‌്–-ആർ, പരീക്ഷണ ഉപഗ്രഹമായ കലാംസാറ്റ‌് എന്നിവയാണിവ. വിക്ഷേപണത്തിന്റെ പതിനാലാം മിനിട്ടിൽ  മൈക്രോസാറ്റ‌് റോക്കറ്റിൽ നിന്ന‌് വേർപെട്ട‌് ലക്ഷ്യത്തിലെത്തും. തുടർന്ന‌് റോക്കറ്റിന്റ നാലാം ഘട്ടം(പിഎസ‌്–-4) പരീക്ഷണതട്ടകമായി മാറും. 450 കിലോമീറററിനു മുകളിലുള്ള ഭ്രമണപഥത്തിലേക്ക‌്  കലാംസാറ്റ‌ുമായി കുതിക്കുന്ന ഈ തട്ടകം ഉപഗ്രഹവുമായി ഭൂമിയെ ചുററും.

വിക്ഷേപണത്തിന‌് ശേഷം ബഹിരാകാശത്ത‌് അവശേഷിക്കുന്ന ഉപഗ്രഹഭാഗങ്ങ(ബഹിരാകാശ മാലിന്യം)ളെ ഉപയോഗപ്പെടുത്തുന്ന ആദ്യ പരീക്ഷണമാണിത‌്. ഭാരംകുറഞ്ഞ ചെറിയ ഉപഗ്രഹങ്ങളെ റൊക്കറ്റ‌് ഈ ഭാഗങ്ങളിൽ നിലനിർത്തിയാണിത‌്. ഫലത്തിൽ  ഉപഗ്രഹത്തിന്റെ ‘മഞ്ച’മായി റോക്കറ്റ‌് ഭാഗം മാറും. ഇതിനായി ഈ ഭാഗത്ത‌് പ്രത്യേക സാങ്കേതിക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട‌്. ഐഎസ‌്ആർഒ  വികസിപ്പിച്ച ലിഥിയം ബാറ്ററി ഉപയോഗിച്ചാണ‌് ഇവ പ്രവർത്തിക്കുക. 

ഭാവിയിൽ റോബോട്ടുകളെയടക്കം ഇത്തരത്തിൽ എത്തിച്ച‌് പരീക്ഷണം നടത്താനും ആലോചിക്കുന്നുണ്ട‌്. ഗവേഷണസ്ഥാപനങ്ങൾ, സർവകലാശാലകൾ, കോളജുകൾ തുടങ്ങിയവയെ ഇത്തരം പരീക്ഷണങ്ങളിൽ പങ്കാളികളാക്കും. സ‌്റ്റാർട്ടപ്പുകൾക്കും  ഗുണകരമാകും. കുറഞ്ഞ ചെലവിൽ .ബഹിരാകാശ പരീക്ഷണങ്ങൾ നടത്തുന്നതിനുള്ള വലിയ ചുവടുവയ‌്പാകുമിതെന്ന‌് വിഎ‌സ‌്എസ‌്സി ഡയറക്ടർ ഡോ  എസ‌് സോമനാഥ‌് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home