നാസയുടെ ഇന്‍റര്‍നാഷണല്‍ സ്പേസ് ആപ്പ് ചാലഞ്ച് സ്റ്റാര്‍ട്ടപ്പ് മിഷനിൽ; ഇന്ത്യയിൽ ഏറ്റവുമധികം ടീമുകള്‍ തിരുവനന്തപുരത്ത്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 19, 2018, 01:50 PM | 0 min read

തിരുവനന്തപുരം > അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ വര്‍ഷംതോറും ബഹിരാകാശ തൽപരര്‍ക്കായി നടത്തുന്ന ഇന്‍റര്‍നാഷണല്‍ സ്പേസ് ആപ്പ് ചലഞ്ച് ലോകത്തെ വിവിധ കേന്ദ്രങ്ങള്‍ക്കൊപ്പം ടെക്നോപാര്‍ക്കിലെ ഫ്യൂച്ചര്‍ ലാബില്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ (കെഎസ്‌യുഎം) ആഭിമുഖ്യത്തില്‍ ആരംഭിച്ചു.

ഏറ്റവും മികച്ച രണ്ടു ടീമുകളെ ചലഞ്ചിന്‍റെ അടുത്ത ഘട്ടത്തിലേയ്ക്ക് കെഎസ്‌യുഎം നാമനിര്‍ദ്ദേശം ചെയ്യും. മികച്ച മറ്റു മൂന്നു ടീമുകള്‍ക്ക് കെഎസ്‌യുഎം പതിനായിരം രൂപ വീതം കാഷ് അവാര്‍ഡ് നല്‍കും. ശനിയാഴ്ച രാവിലെ വരെ ചലഞ്ചിൽ രജിസ്റ്റർ ചെയ്യാം. ഇതുവരെ ഇരുപതോളം ടീമുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക്‌ വിജയികളെ പ്രഖ്യാപിക്കും.
 
ബഹിരാകാശ ശാസ്ത്രത്തിലെ ഏറ്റവും വലിയ ഹാക്കത്തോണ്‍ എന്നറിയപ്പെടുന്ന സ്പേസ് ആപ്പ് ചാലഞ്ച് 2012ലാണ് ആരംഭിച്ചത്. ഭൂമിയിലെയും ബഹിരാകാശത്തെയും പല പ്രശ്നങ്ങൾ വെല്ലുവിളിയായി ഏറ്റെടുത്ത്‌ അതിന് പരിഹാരം കാണുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. ഇതിനുമുമ്പ് നടന്ന ഹാക്കത്തോണുകളില്‍ നാസയ്ക്കും ബഹിരാകാശ ഗവേഷണ മേഖലയ്ക്കാകെയും പ്രയോജനപ്രദമായിത്തീർന്ന പല പരിഹാരമാര്‍ഗങ്ങളും ഉരുത്തിരിഞ്ഞിരുന്നു.

ഇന്ത്യയില്‍ ബംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്, മൊഹാലി, വിജയവാഡ എന്നീ നഗരങ്ങളിലാണ്‌ ഹാക്കത്തോണ്‍ നടക്കുന്ന മറ്റു കേന്ദ്രങ്ങള്‍. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ 22 ടീമുകളാണ് പങ്കെടുത്തു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടീമുകള്‍ പങ്കെടുത്തത് ഹാക്കത്തോൺ ആണ്‌ തിരുവനന്തപുരത്തേത്‌. ആര്‍ക്കും പങ്കെടുക്കാവുന്ന തരത്തിലാണ് ഹാക്കത്തോണ്‍ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

റജിസ്ട്രേഷനും മറ്റ്‌ വിവരങ്ങള്‍ക്കും:  https://2018.spaceappschallenge.org/locations/trivandrum



deshabhimani section

Related News

View More
0 comments
Sort by

Home