മത്സ്യബന്ധനവും ഇനി ഹൈടെക്; മത്സ്യത്തൊഴിലാളികള്‍ക്കായി മൊബൈല്‍ ആപ്പ് - 'സാഗര'

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 28, 2018, 12:02 PM | 0 min read

താനൂര്‍ > ഇനി മുതല്‍ മത്സ്യബന്ധനവും ഹൈടെക്ക് ആയിരിക്കും. കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികള്‍ക്കായി പുത്തന്‍ മൊബൈല്‍ ആപ്പ് രംഗത്തിറക്കിയിരിക്കുകയാണ് നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍. 'സാഗര' എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പില്‍ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതും തിരികെ വരുന്നതുമായ മത്സ്യബന്ധന യാനങ്ങളുടെയും തൊഴിലാളികളുടേയും വിവരങ്ങള്‍ രേഖപ്പെടുത്തി വെക്കാന്‍ സാധിക്കും.

ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിട്ടുള്ളത്.നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ ആണ് മൊബൈല്‍ അപ്ലിക്കേഷന്റെ  രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്. 

മത്സ്യബന്ധനത്തിന് പോകുന്നതിനുമുമ്പ് ബോട്ട് ഉടമയോ ഉടമ ഏര്‍പ്പാടാക്കിയ വ്യക്തിയൊ ആപ്പ് ഉപയോഗിച്ച് തൊഴിലാളികളുടെ വിവരം രേഖപ്പെടുത്തുന്നു. തുടര്‍ന്ന് തിരികെയെത്തിയാലും ആപ്പില്‍ രേഖപ്പെടുത്തും. വിവരം രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ കടലില്‍ എത്ര തൊഴിലാളികള്‍ തൊഴിലെടുക്കുന്നുണ്ട് എന്ന് കൃത്യമായി അറിയാനാകും. മാത്രമല്ല സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍നിന്നുള്ള മുന്നറിയിപ്പുകളും ഈ അപ്ലിക്കേഷന്‍ വഴി ലഭ്യമാകും.

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് 'സാഗര'. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് മാത്രമേ ലോഗിന്‍ ചെയ്യാന്‍ കഴിയൂ. പ്രധാനമായും രണ്ട് പേജുകളാണ് ആപ്ലിക്കേഷന് ഉള്ളത്. ഹോം പേജില്‍ വള്ളം ഉടമസ്ഥന്റെ വിവരങ്ങളും, തുടര്‍ പേജില്‍ വള്ളത്തിലെ തൊഴിലാളികളുടെ പേര് വിവരങ്ങളും രേഖപ്പെടുത്തിയിരിക്കും. കടലിലേക്ക് യാത്ര ചെയ്യുന്നവര്‍ കപ്പല്‍ ചിഹ്നത്തില്‍ ക്ലിക്ക് ചെയ്തു രജിസ്റ്റര്‍ ചെയ്യണം. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയാല്‍ ആങ്കര്‍ ചിഹ്നത്തില്‍ ക്ലിക്ക് ചെയ്ത് തൊഴിലാളികള്‍ കരയിലെത്തിയത് രേഖപ്പെടുത്തണം.

കാലാവസ്ഥ നിരീക്ഷണവിഭാഗമായ ഇന്‍ക്രോസിസ് സഹായത്തോടെയാണ് മൊബൈല്‍ നെറ്റ് വര്‍ക്കിംഗ് നടത്തുന്നത്. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട എന്നീ നാലുഭാഷകളില്‍ വിവരങ്ങള്‍ അറിയാനാകും. ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ സ്മാര്‍ട്ട് ഫോണ്‍ വേണമെന്ന പ്രയാസം മാത്രമാണ് തൊഴിലാളികള്‍ നേരിടുന്നത്. പുതിയ അപ്ലിക്കേഷനിലൂടെയുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ പൂര്‍ണമായും നിയന്ത്രിക്കാനാകും എന്ന പ്രതീക്ഷയിലാണ് ഫിഷറീസ് വകുപ്പ്.

 



deshabhimani section

Related News

View More
0 comments
Sort by

Home