അടിമുടി മാറ്റത്തിനൊരുങ്ങി ജിമെയില്‍; വരുന്നത് പുത്തന്‍ ഫീച്ചറുകള്‍

ന്യൂയോര്‍ക്ക് > അഞ്ച് വര്‍ഷത്തിനു ശേഷം ഡിസൈന്‍ പുനക്രമീകരിക്കാനൊരുങ്ങി ജി മെയില്‍. ഡിസൈന്‍ മാറ്റുന്നതിനൊടൊപ്പം പുത്തന്‍ ഫീച്ചറുകളും ജിമെയില്‍ അവതരിപ്പിക്കുന്നുണ്ട്. പുതിയ ഫീച്ചറുകള്‍ ഡെസ്‌ക് ടോപ് വെര്‍ഷനിലും മൊബൈല്‍ വേര്‍ഷനിലും ലഭ്യമാകുന്ന തരത്തിലായിരിക്കും പുതിയ രൂപകല്‍പ്പന.
ഏറ്റവും പ്രധാനപ്പട്ടെ ഫീച്ചറായി അവതരിപ്പിക്കുന്നത് തനിയെ നശിക്കുന്ന (self-destructing) മെസേജ് ആണ്. അയയ്ക്കുന്ന മെയില്‍ ഒരു നിശ്ചിത സമയം കഴിയുമ്പോള്‍ വായിക്കാന്‍ പറ്റാതാകുന്നതാണ് ഇതിന്റെ പ്രധാന ഗുണം. കൂടാതെ ഈ മെസേജ് ഫോര്‍വേഡ് ചെയ്യാനോ, കോപ്പി ചെയ്യാനോ സാധിക്കില്ല. പക്ഷേ സ്‌ക്രീന്‍ ഷോട്ട് എടുക്കാന്‍ സാധിക്കുമെന്നാണ് അറിയുന്നത്. മെസേജ് അയക്കുമ്പോള്‍ തന്നെ മെയില്‍ എപ്പോള്‍ നശിക്കണമെന്ന കാര്യവും തീരുമാനിക്കാം.
ഉപയോക്താക്കളും ജിമെയിലും തമ്മിലുള്ള വിനിമയം ഊര്‍ജിതപ്പെടുത്താനുള്ള എഎംപി (ആക്‌സിലറേറ്റഡ് മൊബൈല്‍ പേജസ്) സംവിധാനം തന്നെയാണ് ഏറ്റവും വലിയ ഫീച്ചറുകളിലൊന്ന്. ഫ്‌ലൈറ്റ് സമയം, പുതിയ ഉല്‍പന്നങ്ങളെക്കുറിച്ചുള്ള വിവരം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ അറിയാന്‍ ഉടന്‍തന്നെ ജിമെയിലില്‍ അവസരമൊരുങ്ങും.
ഗൂഗിള്‍ വെബില്‍ സ്മാര്‍ട് റിപ്ലൈ സംവിധാനം അവതരിപ്പിക്കുകയാണ് ഗൂഗിള്‍. ജിമെയിലിന്റെ മൊബൈല്‍ പതിപ്പില്‍ ഇത് ലഭ്യമാണ്. അതായത് ഇമെയിലുകള്‍ക്കുള്ള മറുപടി നിര്‍ദ്ദേശങ്ങള്‍ റിപ്ലൈ ബോക്സിന് താഴെയായി ജിമെയില്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ യോജ്യമായത് നമുക്ക് തിരഞ്ഞെടുക്കാം.
ഇന്‍ബോക്സില്‍ നിന്നും താല്‍കാലികമായി ഇമെയിലുകള്‍ തടയുന്ന പുതിയ 'സ്നൂസ്' ഫീച്ചറും ജിമെയിലില്‍ അവതരിപ്പിച്ചിട്ടുണ്ട്. തുടര്‍ച്ചയായി വരുന്ന ഇമെയില്‍ സന്ദേശങ്ങളെ താല്‍പര്യമില്ലെങ്കില്‍ മാറ്റി നിര്‍ത്താന്‍ ഈ ഫീച്ചറിലൂടെ സാധിക്കും. സ്നൂസ്, സ്മാര്‍ട് റിപ്ലൈ ഫീച്ചറുകള്‍ ജിമെയിലിന്റെ ഇന്‍ബോക്സ് എന്ന ആപ്ലിക്കേഷനില്‍ ലഭ്യമാണ്. ജിമെയില്‍ ഇന്‍ബോക്സ് വിന്‍ഡോയുടെ വലതുഭാഗത്തായി പുതിയ സൈഡ് ബാര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ ഗൂഗിള്‍ കലണ്ടര്‍, കീപ് നോട്ട്, ടാസ്‌കുകള്‍ എന്നിവ ലഭ്യമാവും.

ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന മൂന്ന് ലേ ഔട്ടുകള്‍ ജിമെയില്‍ നല്‍കുന്നുണ്ട്. അതില്‍ ഡോക്യുമെന്റുകള്‍, ഫോട്ടോകള്‍ എന്നിവ എടുത്തുകാണിക്കുന്നതാണ് ജിമെയിലിന്റെ സ്ഥിരം ലേ ഔട്ട്. ഇന്‍ബോക്സ് ആപ്ലിക്കേഷനില്‍ ഈ രിതിയാണുള്ളത്. ഇങ്ങനെ അറ്റാച്ച്‌മെന്റുകള്‍ എടുത്തുകാണിക്കാത്തതാണ് രണ്ടാമത്തേത്. ആദ്യ പേജില്‍ തന്നെ ഒരുപാട് സന്ദേശങ്ങള്‍ കാണാന്‍ സാധിക്കുന്ന ലേ ഔട്ടാണ് മൂന്നാമത്തേത്. നിലവിലെ ജിമെയില്‍ ഡിസൈനിന് സമാനമാണ് ഇത്.
പ്രധാന ഫീച്ചറുകള്‍
ജി സ്യൂട്ട് ആപ്പുകള്‍ എളുപ്പത്തില്‍ ഉപയോഗിക്കാം (ഗൂഗിള്‍ കലണ്ടര്‍, കീപ് നോട്ട്, ടാസ്‌കുകള്‍)
സ്മാര്‍ട് റിപ്ലെ (മൊബൈല്‍ പതിപ്പിലേതിന് സമാനമായി)
ഇമെയില്‍ സ്നൂസ്
ഓഫ്ലൈന്‍ സപ്പോര്‍ട്ട് (2018 ജൂണ്‍ മുതല്‍ സേവനം ലഭിക്കും)
പുതിയ ഡിസൈനിലുള്ള സൈഡ് ബാര്‍
മൂന്ന് വ്യത്യസ്ത ലേ ഔട്ടുകള്‍
ആക്‌സിലറേറ്റഡ് മൊബൈല്‍ പേജസ് (എഎംപി)
പ്ലേ സ്റ്റോറിലുള്ള ജിമെയില്‍ 8.4 പതിപ്പില്‍ പുതിയ ഫീച്ചറുകള്‍ അപ്‌ഡേറ്റ് ആകുമെന്നാണ് അറിയുന്നത്.









0 comments