എല്ലാ ഉപഭോക്താക്കള്‍ക്കും വെരിഫൈഡ് അക്കൗണ്ട് നല്‍കാനൊരുങ്ങി ട്വിറ്റര്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 13, 2018, 09:22 AM | 0 min read

വാഷിങ്ടണ്‍ > എല്ലാ ഉപഭോക്താക്കള്‍ക്കും വെരിഫൈഡ് അക്കൗണ്ട് നല്‍കാനൊരുങ്ങി ട്വിറ്റര്‍. നിലവില്‍  പ്രമുഖ വ്യക്തിത്വങ്ങള്‍ക്ക് മാത്രമായിരുന്ന വെരിഫൈഡ് അക്കൗണ്ടുകള്‍, ഇനി സാധാരണക്കാര്‍ക്കും ലഭ്യമാകും. വ്യാജ അക്കൗണ്ടുകള്‍ തടയുന്നതിന്റെ ഭാഗമായിട്ടാണ് ട്വിറ്ററിന്റെ പുതിയ നടപടി.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ എല്ലാ ഉപഭോക്താക്കളുടെയും അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞ് അവയ്ക്ക് വെരിഫൈഡ് ചിഹ്നം (ബ്ലു ടിക്) നല്‍കുമെന്ന് ട്വിറ്റര്‍ സിഇഓ ജാക്ക് ഡോര്‍സി പറഞ്ഞു. ഇതോടെ പ്രമുഖര്‍ക്കു മാത്രം നല്‍കി വന്നിരുന്ന ബ്ലൂ ടിക്ക് ചിഹ്നം എല്ലാ ഉപയോക്താക്കള്‍ക്കും ലഭിക്കും.

ട്വിറ്റര്‍ ഇപ്പോള്‍ ഉപഭോക്താക്കളുടെ വ്യക്തിത്വവും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിനായുള്ള നടപടികള്‍ ആസൂത്രണം ചെയ്യുകയാണ്. എന്നാല്‍, തിരിച്ചറിയല്‍ പ്രക്രിയയ്ക്കായി സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഫേസ്‌ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവയിലേതെങ്കിലും നല്‍കേണ്ടി വരുമോ എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ട്വിറ്റര്‍ വെരിഫൈഡ് ബ്ലൂ ടിക്ക് സംവിധാനം ആരംഭിക്കുന്നത് 2009 ലാണ്. നിലവില്‍ വെരിഫൈഡ് അക്കൗണ്ട് ലഭിക്കണമെങ്കില്‍ ഉപയോക്താക്കള്‍ അതിനുള്ള കാരണം വ്യക്തമാക്കി ട്വിറ്ററിന് അപേക്ഷ നല്‍കണം.

ട്വിറ്റരില്‍ വ്യാജ അക്കൗണ്ടുകള്‍ പ്രചരിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഫോളോ ചെയ്യുന്നവരില്‍ 60 ശതമാനം  അക്കൗണ്ടുകളും വ്യാജന്മാരാണെന്ന് കണ്ടെത്തിയിരുന്നു. ഏറ്റവും കൂടുതല്‍ വ്യാജ അക്കൗണ്ടുകള്‍ പിന്തുടരുന്നതും നരേന്ദ്രമോഡിയെ തന്നെയാണ്.

 



deshabhimani section

Related News

View More
0 comments
Sort by

Home