അബദ്ധത്തില്‍ അയച്ച മെസേജുകള്‍ കാണുന്നതിന് മുന്‍പ് ഡിലീറ്റ് ചെയ്യാം ; വാട്സാപ്പിന്റെ കിടിലന്‍ ഫീച്ചര്‍ നിലവില്‍ വന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 28, 2017, 09:41 AM | 0 min read

ന്യൂഡല്‍ഹി > അബദ്ധത്തില്‍ സുഹൃത്തുകള്‍ക്കോ ഗ്രൂപ്പുകളിലേക്കോ പോകുന്ന സന്ദേശങ്ങളും ഫോട്ടോകളും അവര്‍ കാണുന്നതിന് മുന്‍പ് ഒഴിവാക്കാനുള്ള സംവിധാനവുമായി വാട്സാപ്പ് രംഗത്ത്. അബദ്ധത്തില്‍ അയച്ച മെസേജുകള്‍ മറ്റുള്ളവര്‍ കാണുന്നതിന് മുന്‍പ് ഡിലീറ്റ് ചെയ്യാനുള്ള സംവിധാനമാണ്  വാട്സാപ്പില്‍ നിലവില്‍ വന്നത്.

'ഡിലീറ്റ് ഫോര്‍ എവരിവണ്‍' എന്ന ഫീച്ചറാണ് ഇതിനായി വാട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. മെസേജ് അയച്ച് ഏഴുമിനിറ്റിനകം ആ മെസേജ് ലഭിച്ചയാളുടെ അക്കൌണ്ടില്‍നിന്നും ഡിലീറ്റ് ചെയ്യാന്‍ ഇതിലൂടെ സാധിക്കും. മെസ്സേജ് ഡിലീറ്റ് ചെയ്താലും സ്വീകരിച്ചയാളുടെ ഫോണില്‍ അത് ഡിലീറ്റ് ചെയ്യപ്പെട്ടതായി കാണിക്കുകയും ചെയ്യും.

ആര്‍ക്കാണോ മെസേജ് അയച്ചത് ആ മെസേജില്‍ കുറച്ചുനേരം ഞെക്കി ഹോള്‍ഡ് ചെയ്യുകയാണ് ആദ്യം വേണ്ടത്. പിന്നീട് ഡിലീറ്റ് ഓപ്ഷനില്‍ പോയി ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കണം.

അയച്ച് ഏഴുമിനിറ്റിനുള്ളില്‍ മാത്രമേ ഈ സംവിധാനം ഉയോഗിക്കാനാവൂ എന്നതാണ് പ്രത്യേകത. അബദ്ധത്തില്‍ ഗ്രൂപ്പുകളിലേക്കും മറ്റ് പോകുന്ന സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം വളരെ കാലമായി ഉപയോക്താക്കള്‍ ആവശ്യപ്പെടുന്നുണ്ട്. ഈ ആവശ്യത്തിാണ് വാട്സാപ്പ് ഇപ്പോള്‍ പരിഹാരം കണ്ടിരിക്കുന്നത്. ഏറ്റവും പുതിയ വാട്സാപ്പ് വേര്‍ഷനിലാണ് ഈ സംവിധാനം ലഭ്യമാക്കുക.

സന്ദേശം തെറ്റായി അയക്കപ്പെട്ട വ്യക്തിയും ഏറ്റവും പുതിയ വാട്സാപ്പ് വേര്‍ഷനായിരിക്കണം ഈ സംവിധാനം ലഭ്യമാകണമെങ്കില്‍ ഉപയോഗിക്കേണ്ടത്. നിലവില്‍ ആന്‍ഡോയ്ഡ്, ഐഒഎസ് ആപ്ളിക്കേഷനുകളില്‍ പുതിയ സംവിധാനം നിലവില്‍ വന്നിട്ടുണ്ട്. എന്നാല്‍, വളരെക്കുറച്ചു പേര്‍ക്കുമാത്രമാണ് ഇത് ഉപയോഗിക്കാന്‍ അവസരം കിട്ടിയിട്ടുള്ളത്. ഉടന്‍തന്നെ എല്ലാവരുടെയും വാട്സാപ്പിലേക്ക് ഈ അപ്ഡേറ്റ് എത്തുമെന്നാണ് കരുതുന്നത്. 
 



deshabhimani section

Related News

View More
0 comments
Sort by

Home