ഇത് ചായക്കട ചര്‍ച്ച ഹരിതകേരളം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 09, 2017, 09:57 AM | 0 min read

മേഘാലയയിലെ മൌലിനോ എന്ന ഗ്രാമത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ...ഇന്ത്യ ഡിസ്കവറി മാസിക ഏഷ്യയിലെ എറ്റവും ശുചിത്വമുള്ള ഗ്രാമമായി തെരഞ്ഞെടുത്തത് ഈ കൊച്ചുപ്രദേശത്തെയാണ്. ഇവിടെ കുട്ടികള്‍ക്ക് സ്കൂള്‍ പഠനകാലംമുതല്‍തന്നെ ശുചിത്വത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നുകൊടുക്കുന്നുണ്ട് മാതാപിതാക്കളും അധ്യാപകരും. ഒരു മാലിന്യവും പാഴ്വസ്തുവും അവിടത്തുകാര്‍ അലക്ഷ്യമായി വലിച്ചെറിയില്ല. പൊതുനിരത്തില്‍ തുപ്പുകയോ മുറുക്കിത്തുപ്പുകയോ ചെയ്യില്ല.  വീടുകളിലും പൊതുസ്ഥലങ്ങളിലും പ്ളാസ്റ്റിക്കോ പ്ളാസ്റ്റിക് ഉല്‍പ്പന്നങ്ങളോ ഉപയോഗിക്കുന്നില്ല. മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ഉപയോഗിക്കുന്നത് മുളകൊണ്ടുള്ള പാത്രങ്ങള്‍.   മൌലിനോയെക്കുറിച്ചു പറയുമ്പോള്‍ ബാലി എന്ന ദ്വീപില്‍ രണ്ടു പെണ്‍കുട്ടികള്‍ പ്ളാസ്റ്റിക്കിനെതിരെ നടത്തുന്ന പോരാട്ടത്തെക്കുറിച്ചും പ്രതിപാദിക്കാതെ വയ്യ.  അവിടെ 2018ല്‍ പൂര്‍ണമായും പ്ളാസ്റ്റിക് നിരോധിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

നമ്മുടെ നാടിന്റെ മണ്ണും വെള്ളവും സംരക്ഷിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിതകേരളം പദ്ധതിയെക്കുറിച്ചു പറയുമ്പോഴാണ് മൌലിനോ ഗ്രാമവും ബാലി ദ്വീപുമെല്ലാം  പ്രസക്തമാകുന്നത്.  ഹരിതകേരളം എങ്ങനെ യാഥാര്‍ഥ്യമാക്കാം എന്ന ചിന്ത  ഇന്ന് ജനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. അതു നിലനിര്‍ത്താന്‍ നാനാവിധ ബോധവല്‍ക്കരണവും പ്രചാരണവും അനിവാര്യമാണുതാനും. അതിന് ലളിതവും സമഗ്രവുമായ വിവരശേഖരവുമായി ഹരിതകേരളത്തിന്റെ വെബ്പോര്‍ട്ടല്‍  www.haritham.kerala.gov.in  സജീവമാണുതാനും.
ഇത്തരം പ്രചാരണങ്ങള്‍ക്ക് തങ്ങളാലാവുന്ന സഹായമാവുകയാണ് അഭിനവ് ശ്രീ, കെ കെ വിജിത്, അശ്വിന്‍ നാഥ് എന്നീ യുവാക്കള്‍. സാമൂഹ്യമാധ്യമങ്ങള്‍ക്ക് പ്രസക്തിയേറുന്ന കാലഘട്ടത്തില്‍ 'ചായക്കട'യെന്ന ന്യൂസ് ആപ്പിലൂടെ  വാര്‍ത്തകളുടെ വിന്യാസത്തിനൊപ്പം ഹരിതകേരളത്തിന്റെ പ്രചാരണവും അവര്‍ സ്വയം ഏറ്റെടുക്കുന്നു.

അതിരാവിലെ എഴുന്നേറ്റ് തൊട്ടടുത്ത ചായക്കടയില്‍നിന്ന് ചുടുചായ നുകര്‍ന്ന് പത്രപാരായണം നടത്തി ലോകകാര്യങ്ങളും രാഷ്ട്രീയവും ചര്‍ച്ചചെയ്തിരുന്ന ഭൂതകാലമുണ്ട് മലയാളിക്ക്.  'ചായക്കട' യിലൂടെ ആ പഴയകാലം വീണ്ടെടുക്കുകയാണ് ഈ  സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍മാര്‍.  വാര്‍ത്തകളെ അതിന്റെ പ്രാധാന്യമറിയിക്കുന്ന മൂന്നോ നാലോ വരികളിലേക്കു ചുരുക്കി പെട്ടെന്നു വായിച്ചു പോകാവുന്ന സംവിധാനം. ഒപ്പം നാടിന്റെ നന്മയെയും മണ്ണിനെയും പുഴകളെയും ചെടികളെയും പച്ചപ്പിനെയും തിരിച്ചുപിടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന യത്നത്തിന് ഒരു ആപ് സഹായവും.

ചായക്കടയിലെ 'ഹരിതകേരള'ത്തില്‍ 'എഎംഎ' (ആസ്ക് മീ എനിതിങ്) എന്ന പേരില്‍  ചോദ്യോത്തരവേദിയും  ഒരുങ്ങുന്നുണ്ട്. അതിനുള്ള തയ്യാറെടുപ്പിലാണവര്‍.
കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ നാസ്കോം സ്റ്റാര്‍ട്ട് അപ്പുകളില്‍ സ്പ്രിങ്ങര്‍ എന്ന സംരംഭത്തിനു കീഴില്‍ സജീവമാവുകയാണ് ഈ ചായക്കട. സ്പ്രിങ്ങിന്റെ അമരക്കാരന്‍ അഭിനവ് ശ്രീയാണ്. ആപ്പില്‍  വാര്‍ത്തകള്‍ ഏകോപിപ്പിക്കുന്നതും ഹരിതകേരളത്തിന്റെ  പ്രചാരണത്തിന് നേതൃത്വം നല്‍കുന്നതും വിജിത്താണ്. ചായക്കടയെന്ന ആശയവും വിജിത്തിന്റേത്. ആപ്പിന് രൂപംനല്‍കിയത് അശ്വിന്‍ നാഥ്.   'ടൈ കേരള'യുടെ എയ്ഞ്ചല്‍ ഫണ്ട് ലഭിച്ച ആദ്യ സ്റ്റാര്‍ട്ട് അപ്കൂടിയാണ് സ്പ്രിങ്ങര്‍.



deshabhimani section

Related News

View More
0 comments
Sort by

Home