ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പഠിപ്പിക്കാന്‍ ഗൂഗിള്‍ പ്രൈമര്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 20, 2017, 08:34 AM | 0 min read

സെര്‍ച്ച്, വീഡിയോ, ഡിജിറ്റല്‍ പരസ്യങ്ങളടക്കം ഡിജിറ്റല്‍ ലോകത്തെ പലതിന്റെയും തുടക്കക്കാരനും കൊടികുത്തിവാഴുന്ന രാജാവും ഒക്കെയായ ഗൂഗിള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ലളിതമായ രീതിയില്‍ പഠിപ്പിക്കാന്‍ പുതിയൊരു ആപ് ഇറക്കുകയുണ്ടായി.

ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലെ പാഠങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാകുന്ന രീതിയില്‍ അവതരിപ്പിക്കുന്ന പ്രൈമര്‍ എന്ന ഈ മൊബൈല്‍ ആപ്, ആന്‍ഡ്രോയ്ഡിലും, ഐഒഎസിലും ലഭ്യമാണ്. ഡിജിറ്റല്‍ സ്ട്രാറ്റജി, കണ്ടന്റ്, ഡിജിറ്റല്‍ പരസ്യങ്ങള്‍, മെഷര്‍മെന്റ് ഈ നാലു മേഖലകളില്‍ നിങ്ങള്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കാനും, പുതിയതു പഠിക്കാനും പ്രൈമര്‍ സഹായിക്കും. നമുക്ക് ചോദിക്കാന്‍ മടിയുള്ള, ചെറിയ സംശയങ്ങള്‍പലതും പ്രൈമറിലെ പാഠങ്ങള്‍ പഠിച്ചാല്‍ ദൂരീകരിക്കാന്‍ സാധിക്കും. സൌജന്യമായ പ്രൈമര്‍ ആപ്വഴി ഓണ്‍ലൈന്‍ ബ്രാന്‍ഡിങ്, സ്റ്റോറി ടെല്ലിങ്, റി മാര്‍ക്കറ്റിങ്, എസ്ഇഒ, പ്രോഗ്രമാറ്റിക് ആഡ് ബയിങ് അടക്കം ഡിജിറ്റല്‍ മാര്‍ക്കറ്റിങ്രംഗത്ത് അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളും നിങ്ങളുടെ ഫോണ്‍ സ്ക്രീനില്‍ എത്തുന്നു.

ഇതൊക്കെ നിങ്ങള്‍ക്ക് മനസ്സിലാകുമോ എന്നാണോ സംശയം? ഒരു ചെറിയ ഇലക്ട്രിക് കട നടത്തുന്ന ആളാണ് നിങ്ങളെന്നിരിക്കുക. ഒരു ചെറിയ വെബ്സൈറ്റും, ഒരിത്തിരി ഡിജിറ്റല്‍ പ്രസന്‍സും ഇന്നത്തെകാലത്ത് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. പക്ഷെ ഇതൊക്കെ എവിടുന്ന് പഠിക്കാന്‍? ഇത്തരത്തിലുള്ള ഒരു ചെറിയ ബിസിനസ് ഉടമയാകട്ടെ, അല്ല ഇനി ഒരു കമ്പനിയിലെ മാര്‍ക്കറ്റിങ് മാനേജരാകട്ടെ, പ്രൈമര്‍ എന്തുകൊണ്ടും  ഉപകാരപ്പെടുന്ന ഒരു ആപ്പാകും.

സ്കൂളില്‍ നമ്മള്‍ പഠിച്ച പല പാഠഭാഗങ്ങളും പ്രൈമര്‍പോലെ ലളിതമായി അവതരിപ്പിച്ചിരുന്നെങ്കിലെന്ന് ആശിച്ചുപോകും നിങ്ങള്‍.
വിവരങ്ങള്‍ക്ക്: https://www.yourprimer.com
 



deshabhimani section

Related News

View More
0 comments
Sort by

Home