വായു ശ്വസിക്കും റോക്കറ്റ് കുതിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 29, 2016, 05:25 AM | 0 min read

തിരുവനന്തപുരം > ബഹിരാകാശ ഗവേഷണരംഗത്ത് 'വായു ശ്വസി'ക്കും റോക്കറ്റ് കുതിപ്പുമായി ഐഎസ്ആര്‍ഒ. വിക്ഷേപണ സാങ്കേതികവിദ്യയില്‍  ചരിത്രംകുറിച്ച് സ്ക്രാംജെറ്റ് എന്‍ജിന്‍ റോക്കറ്റ് പരീക്ഷണവിജയം. ശബ്ദത്തേക്കാള്‍ ആറുമടങ്ങ് വേഗത്തില്‍ സഞ്ചരിക്കുന്ന വിക്ഷേപണവാഹനം മുന്നൂറ് സെക്കന്‍ഡിനുള്ളില്‍ ദൌത്യം പൂര്‍ത്തിയാക്കി. ശ്രീഹരിക്കോട്ട സതീഷ്ധവാന്‍ സ്പെയ്സ്സെന്ററില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ ആറിനായിരുന്നു വിക്ഷേപണം.

തിരുവനന്തപുരം വിഎസ്എസ്സിയാണ് എയര്‍ബ്രീത്തിങ് സ്ക്രാംജെറ്റ് എന്‍ജിന്‍ റോക്കറ്റ് (ഡിഎംആര്‍ ജെറ്റ്) വികസിപ്പിച്ചത്. വിക്ഷേപണത്തിന്റെ 55–ാം സെക്കന്‍ഡില്‍ നടന്ന നിര്‍ണായക പരീക്ഷണം സമ്പൂര്‍ണവിജയമായി. റോക്കറ്റ് 20.6 കിലോമീറ്റര്‍ എത്തിയപ്പോഴായിരുന്നു സങ്കീര്‍ണമായ ഈ സാങ്കേതികവിദ്യ പരീക്ഷണം. ഇതോടെ ഈ രംഗത്ത് ലോകത്തെ മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി.

നിലവില്‍ റോക്കറ്റുകളില്‍ ഇന്ധനവും ഇത് കത്തുന്നതിനുള്ള ഓക്സൈഡറും പ്രത്യേകം പ്രത്യേകമായാണ് സൂക്ഷിക്കുന്നത്. പരമ്പരാഗതമായ ഈ രീതിക്ക്  പകരം അന്തരീക്ഷത്തിലുള്ള ഓക്സിജന്‍ സ്വീകരിച്ച്  ഇന്ധനം കത്തിച്ച് കുതിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് സ്ക്രാംജെറ്റിലുള്ളത്. ഓക്സൈഡറുകള്‍ ഒഴിവാക്കുന്നതോടെ   റോക്കറ്റിന്റെ  ഭാരവും വലുപ്പവും കുറയ്ക്കാനാകും. വിക്ഷേപണച്ചെലവും കുറയും. നിലവില്‍ റോക്കറ്റുകളുടെ   എണ്‍പത് ശതമാനം ഭാരവും   ഓക്സൈഡറിന്റേതാണ്.

പുതിയ റോക്കറ്റ് ആദ്യജ്വലനത്തിന് ശേഷം  അന്തരീക്ഷത്തില്‍ നിന്ന് ഓക്സിജന്‍ സ്വീകരിച്ച് ഇന്ധനം സ്വയം ജ്വലിപ്പിക്കും. ‘ഭൂമിക്കുസമാന്തരമായി പറന്ന് പരമാവധി ഓക്സിജന്‍ ശേഖരിച്ച് കുതിക്കുംവിധമാണ് റോക്കറ്റിന്റെ രൂപകല്‍പ്പന. അത്യന്തം സങ്കീര്‍ണമായ ഈ പരീക്ഷണത്തിലാണ് ഐഎസ്ആര്‍ഒ വിജയം കണ്ടത്. രോഹിണി–560  റോക്കറ്റില്‍ സ്ക്രാംജെറ്റ് എന്‍ജിന്‍ ഘടിപ്പിച്ചായിരുന്നു വിക്ഷേപണം.

അഞ്ച് മിനിറ്റോളം നീണ്ടുനിന്ന പരീക്ഷണത്തില്‍ രണ്ട് എന്‍ജിനുകള്‍ ആറ് സെക്കന്‍ഡ് വീതം പ്രവര്‍ത്തിപ്പിച്ചു. പരീക്ഷണദൌത്യത്തിന് ശേഷം റോക്കറ്റ് ബംഗാള്‍ ഉള്‍ക്കടലില്‍ പതിച്ചു.  പുനരുപയോഗിക്കാന്‍ കഴിയുന്ന വിക്ഷേപണവാഹനങ്ങളില്‍   ഈ എന്‍ജിന്‍ ഉപയോഗിക്കുകയാണ് ലക്ഷ്യമെന്ന് വിഎസ്എസ്സി ഡയറക്ടര്‍ ഡോ. കെ ശിവന്‍ പറഞ്ഞു. ഇതിനായുള്ള പ്രവര്‍ത്തനം ഉടന്‍ തുടങ്ങും. വിക്ഷേപണത്തിന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ എസ് കിരണ്‍കുമാര്‍, ഷാര്‍ ഡയറക്ടര്‍ പി കുഞ്ഞികൃഷ്ണന്‍, എല്‍പിഎസ്സി ഡയറക്ടര്‍ എസ് സോമനാഥ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കഴിഞ്ഞമാസം അവസാനം നടത്താനിരുന്ന വിക്ഷേപണം കാണാതായ വ്യോമസേനാവിമാനത്തിന്റെ തെരച്ചിലിനെ തുടര്‍ന്ന് നീട്ടിവയ്ക്കുകയായിരുന്നു.

 



deshabhimani section

Related News

View More
0 comments
Sort by

Home