നിങ്ങളുടെ കാറും ഹാക്ക് ചെയ്യപ്പെട്ടേക്കാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 16, 2016, 08:15 AM | 0 min read

കംപ്യൂട്ടറുകളെ സുരക്ഷിതമായി വയ്ക്കാന്‍ നെറ്റവര്‍ക് തലത്തിലുള്ള ഫയര്‍വാള്‍പോലെയുള്ള സംവിധാനങ്ങളും അന്റിവൈറസ്മുതലായ സോഫ്റ്റ്വെയറും ഒക്കെ സഹായിക്കുമെന്ന് നമുക്ക് അറിയാമല്ലൊ. മൊബൈല്‍ ഫോണ്‍ ആണെങ്കില്‍ അംഗീകൃത ആപ് സ്റ്റോറുകളില്‍നിന്നു മാത്രം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഒരുവിധം സുരക്ഷ ഉറപ്പാക്കാം. പക്ഷെ കാലം മാറി. ഇന്ന് ഫോണും, ലാപ്ടോപ്പും മാത്രമല്ല, ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടിരിക്കുന്നത്. ചില കാറുകള്‍മുതല്‍ ഫ്രിഡ്ജുകള്‍വരെ, പ്ളഗ്മുതല്‍ എസിവരെ, ടൂത്ത്ബ്രഷ്മുതല്‍ വാച്ച്വരെ. ഇന്ന് ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരം സാധനങ്ങളുടെ“ ഇന്റര്‍നെറ്റുമായി ബന്ധപ്പെടുന്നതിനെ Internet of Things (IOT) എന്ന് വിശേഷിപ്പിക്കുന്നു.

ഇത്തരം അവസരങ്ങളില്‍ ഉപയോക്തക്കളുടെ സ്വകാര്യതയ്ക്ക് ക്ഷതമേല്‍ക്കുന്നുണ്ടോ എന്ന ചോദ്യം വളരെ പ്രസക്തമാണ്. നിങ്ങള്‍ കാറില എവിടെയൊക്കെ, എപ്പോള്‍ പോയി എന്നതില്‍തുടങ്ങി, എത്ര ഇന്ധനം അടിച്ചു, എന്‍ജിന്റെ കീഷര്‍ എന്നതടക്കം അനവധി വിവരങ്ങള്‍, കാറ് നിര്‍മാതാവ് അല്ലെങ്കില്‍ നിങ്ങളൂടെ ഇന്‍ഷുറന്‍സ് കമ്പനിക്ക് അപ്പപ്പോള്‍ അയക്കുന്ന ഒരു അവസ്ഥ ഒന്ന് ആലോചിച്ചുനോക്കൂ. ഇതുകൂടാതെ ഹാക്കര്‍മാരെയും പേടിക്കേണം. കംപ്യൂട്ടറിലൊക്കെ പിന്‍വാതിലിലൂടെ കയറിപ്പറ്റുന്നതുപോലെ നിങ്ങളുടെ കാറിന്റെ നിയന്ത്രണം വല്ല ഹാക്കറും വിദൂരമായി ഒപ്പിച്ചാലോ?

കാര്‍ ഉടമകള്‍ക്ക് ഉപകാരമാകുന്ന ഇത്തരം കണക്ടഡ് കാറുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് അമേരിക്കയുടെ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐവരെ പറഞ്ഞിരിക്കുന്നു. കാറിന്റെ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ചെയ്യുക, സോഫ്റ്റ്വെയറില്‍ മാറ്റങ്ങള്‍ വരുത്താതിരിക്കുക, ഇനി അഥവാ മാറ്റങ്ങള്‍ വരുത്തുന്നുവെങ്കില്‍ ശ്രദ്ധിക്കുക, ഫോണുകളും മറ്റ് ഡിവൈസുകളുമായി കാറിനെ ബന്ധിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കുക, സ്വന്തം ഡിവൈസുകളുമായി മാത്രം ഇത്തരം “ബന്ധിപ്പിക്കല്‍“ നടത്തുക എന്നിങ്ങനെ.

എന്തിനാണ് ഇത്രയും പേടി എന്നാണ് നിങ്ങളുടെ ചോദ്യം. അതിനുള്ള ഉത്തരം ഇതാ. ഫിയറ്റ് ക്രിസ്ളല്‍ കഴിഞ്ഞവര്‍ഷം തങ്ങളുടെ 14 ലക്ഷം വാഹനങ്ങളാണ് ഇത്തരം സുരക്ഷാ പിഴവുമൂലം പിന്‍വലിച്ചത്. ജനറല്‍ മോട്ടോഴ്സിന്റെയും ബിഎംഡബ്ള്യുവിന്റെയും, നിസാന്‍ വികളിലും ഇത്തരം പിഴവുകള്‍ കണ്ടെത്തിയിരുന്നു. മിത്സുബിഷി ഔട്ട്ലാന്‍ഡറിലും ഇത്തരം പഴുതുകള്‍ ഈയിടെ കണ്ടെത്തുകയുണ്ടായി. വിയിലെ ലൈറ്റിന്റെയും എസിയുടെയും പ്രവര്‍ത്തനം ഹാക്കര്‍മാര്‍ക്ക് കൈക്കലാക്കാന്‍ സാധിക്കുന്ന ഒരു പിഴവായിരുന്നു ഇത്.

ഹാക്കര്‍മാര്‍ വിദൂരമായി നിങ്ങളുടെ വണ്ടിയുടെ സ്പീഡ് നിയന്ത്രിക്കുന്ന അവസ്ഥ അല്ലെങ്കില്‍ എന്‍ജിന്‍ ഓഫ്ചെയ്യുന്ന സ്ഥിതി. ഇതുകൂടാതെ ബ്രേക്ക്, സ്റ്റിയറിങ് എന്നിവ നിഷ്ക്രിയമാക്കുക, അല്ലെങ്കില്‍ വാതിലുകളുടെ നിയന്ത്രണം ഏറ്റെടുക്കുക, അല്ലെങ്കില്‍ ജിപിഎസ്, റേഡിയോ, ഇന്‍ഡിക്കേറ്റര്‍ എന്നിവയുടെ നിയന്ത്രണം കൈക്കലാക്കുക. അതെ, ഒരുതരം സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി സിനിമയിലെപ്പോലെ നിങ്ങളുടെ കൈയിലുള്ള കാര്യങ്ങള്‍ നിങ്ങളുടെ നിയന്ത്രണത്തിലല്ലാതാകുന്ന അവസ്ഥ. ടെസ്ള പോലെ ചില കമ്പനികള്‍ തങ്ങളുടെ കാറിലെ സോഫ്റ്റ്വെയറിലെ പിഴവുകള്‍ കണ്ടെത്തുന്നവര്‍ക്കുവേണ്ടി സാധാരണ സോഫ്റ്റ്വെയര്‍ കമ്പനികള്‍ നടത്തുന്നതുപോലെ ബൌണ്ടി പ്രോഗ്രാംവരെ തുടങ്ങിയിട്ടുണ്ട്.

ഇത്തരം കണക്റ്റഡ് വാഹനങ്ങള്‍ നമ്മുടെ ജീവിതം സുഗമമാക്കും എന്നതില്‍ സംശയമില്ല. പക്ഷെ പഴമക്കാര്‍ പറയുന്നതുപോലെ സൂക്ഷിച്ചല്‍ ദുഃഖിക്കേണ്ട.
വാല്‍കഷണം: ജീപ്പ് ഹാക്ക് ചെയ്യുന്നതിന്റെ വീഡിയോ:  http://bit.ly/jeephackvideo
 



deshabhimani section

Related News

View More
0 comments
Sort by

Home