എല്ലാം ഗൂഗിള്‍ കാണുന്നുണ്ട്

നമ്മളെക്കുറിച്ച് നമ്മളെക്കാളും ഗൂഗിളിന് അറിയാം എന്ന് ആരെങ്കിലും തമാശയ്ക്ക് പറഞ്ഞാല്‍ നിങ്ങള്‍ ഞെട്ടേണ്ട. നിങ്ങള്‍ എന്തൊക്കെ ഗൂഗിളില്‍ തെരഞ്ഞു, ഏതൊക്കെ വെബ്സൈറ്റുകളില്‍ പോയി, എവിടെയൊക്കെ പോയി എന്ന് തുടങ്ങി ആശാന് അറിയാത്തതായി ഒന്നുമില്ല.
ഒന്ന് ചെറുതായി ഞെട്ടണം എന്നുണ്ടെങ്കില്‍ https://history.google.com എന്ന ലിങ്ക് സന്ദര്‍ശിക്കുക. ലോഗിന്‍ ചെയ്ത അവസ്ഥയില്‍ നിങ്ങള്‍ തെരഞ്ഞ കാര്യങ്ങള്‍ നിങ്ങളുടെ സ്ക്രീനില്‍ എത്തിയില്ലേ? കഴിഞ്ഞില്ല. ക്രോം ബ്രൌസറില്‍ ലോഗിന്‍ ചെയ്ത ശേഷം നിങ്ങള്‍ പോയ വെബ്സൈറ്റുകളുടെ പട്ടികയും നിങ്ങളുടെ മുന്നില്‍ റെഡി. ഏതൊക്കെ വെബ്സൈറ്റില്‍ എത്ര തവണ പോയി, എവിടെ വച്ചൊക്കെയാണ് പോയത്, ഏറ്റവും കൂടുതല്‍ പോയ വെബ്സൈറ്റുകള്‍ എന്നിവയൊക്കെ കണ്ടില്ലേ? പണ്ടൊരിക്കല്‍ പോയ വെബ്സൈറ്റ് ഓര്‍മയില്ലെങ്കില്‍ ഇവിടെ ചെന്നു ഒന്ന് തപ്പിയാല്‍ കിട്ടും.
https://www.google.com/locationhistory എന്ന ലിങ്കില്‍ ചെല്ലുക. നിങ്ങള്‍ ഗൂഗിളില്‍ കണക്റ്റ് ചെയ്ത ഡിവൈസില്‍ ലൊക്കേഷന്‍ ഓണ്‍ ആക്കിയിട്ട് എവിടെയൊക്കെ പോയോ, അതെല്ലാം ആശാന് അറിയാം. “നിങ്ങള്‍ ഇന്നലെ…” എന്ന് പണ്ട് ഒരു പഴയ സിനിമയില്‍ മോഹന്‍ലാലിനോടും ശ്രീനിവാസനോടും അവരുടെ കമ്പനി എം ഡി ചോദിക്കുന്നില്ലേ? അത്തരം ചോദ്യങ്ങള്‍ ഭാവിയിലെ സിനിമയില്‍ വന്നാല്‍ “വേണമെങ്കില്‍ ഞങ്ങളുടെ ലൊക്കേഷന്‍ ഹിസ്റ്ററി” നോക്കികോളൂ എന്നാകും മറുപടി.
നിങ്ങള്‍ ഗൂഗിളിനോട് സംസാരിക്കാറുണ്ടോ? അതായത് സംസാരിച്ച് ചോദ്യങ്ങള്‍ ചോദിക്കാറുണ്ടോ — എങ്കില്‍ https://history.google.com/history/audio സന്ദര്‍ശിക്കുക. ചോദിച്ച ചോദ്യങ്ങള്‍ എല്ലാം അവിടെ സ്റ്റോര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ ഗൂഗിള്‍ അക്കൌണ്ടുമായി ബന്ധപ്പെട്ട ഡിവൈസുകളില്‍ നിങ്ങള്‍ കോണ്ടാക്ട് സേവ് ചെയ്തുവോ? നിങ്ങളുടെ ഡിവൈസുകളില്‍ ചെയ്ത കാര്യങ്ങളുടെ ചില വിവരങ്ങള്‍ ഗൂഗിള്‍ അറിയുന്നുണ്ട്. അതിനുവുhttps://history.google.com/history/deviceസന്ദര്‍ശിക്കുക.
ഗൂഗിളില്‍ എന്ന പോലെ യൂട്യൂബില്‍ നിങ്ങള്‍ തെരഞ്ഞ കാര്യങ്ങളുടെ പട്ടിക ലഭിക്കാനും ഹിസ്റ്ററി സേവനം ഉപയോഗിക്കാം. https://history.google.com/history/youtube/search https://history.google.com/history/youtube/watch എന്ന ലിങ്കില്‍ നിങ്ങള്‍ കണ്ട വീഡിയോകളുടെ പട്ടിക റെഡി. കണ്ട വിഡിയോയുടെ പേര് കൃത്യമായി ഓര്‍മയില്ലെങ്കില്‍ തെരയാനും, ഒരു പ്രത്യേക ദിവസത്തെ വീഡിയോകള്‍ മാത്രം പട്ടിക കാണിക്കാനും ഒക്കെ ഇവിടെ സംവിധാനം ഉണ്ട്. ഇതിലും കലണ്ടര്‍, തെരയല്‍ ഒക്കെയുണ്ട്.
ഈ വിവരങ്ങള്‍ ഒക്കെ നിങ്ങള്‍ക്ക് ഓരോന്നായി ഗൂഗിളിന്റെ ഓര്‍മയില്‍ നിന്ന് മായ്ച്ച് കളയാന്‍ സൌകര്യമുണ്ട.് അത് ചെറിയൊരു ആശ്വാസം അല്ലെ?









0 comments