ഐആര്‍എന്‍എസ്എസ് ഇനി സ്വന്തം ജിപിഎസ്

ഇനി ഇന്ത്യയ്ക്കും സ്വന്തം ജിപിഎസ്. ഇന്ത്യയുടെ സ്വന്തം ഗതിനിര്‍ണയ സംവിധാനത്തിനുള്ള ഏഴ് ഉപഗ്രഹങ്ങളില്‍ അവസാനത്തേതായ ഐആര്‍എന്‍എസ്എസ്–1ജിയും കഴിഞ്ഞ വ്യാഴാഴ്ച ഭ്രമണപഥത്തിലെത്തിച്ചതോടെ വിവരവിനിമയ സാങ്കേതികരംഗത്ത് അമേരിക്കയുടെ ജിപിഎസിനൊപ്പം ഇന്ത്യയുടെ 'നാവിക്'.
ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ഏറെ വര്‍ഷങ്ങളായുള്ള ശ്രമഫലമായി സ്വന്തമായി വികസിപ്പിച്ചെടുത്ത ഈ ഗതിനിര്‍ണയ ഉപഗ്രഹശൃംഖല, ഈ രംഗത്ത് രാജ്യത്തിന്് സ്വയംപര്യാപ്തത നേടിക്കൊടുക്കുകയാണ്. നാവിക് എന്നായിരിക്കും ഇന്ത്യന്‍ ജിപിഎസിന്റെ പേര്.
ഐആര്‍എന്‍എസ്എസ് ശ്രേണിയിലെ ആദ്യ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് ഒന്ന് എ 2013 ജൂലൈ ഒന്നിനാണ് വിക്ഷേപിച്ചത.് ഐആര്‍എന്‍എസ്എസ് ഒന്ന് ബി 2014 ഏപ്രില്‍ നാലിനും, ഐആര്‍എന്‍എസ്എസ് ഒന്ന് സി 2014 നവംബര്‍ 10നും, ഐആര്‍എന്‍എസ്എസ് ഒന്ന് ഡി 2015 മാര്‍ച്ച് 28നും വിക്ഷേപിച്ചു. ഐആര്‍എന്‍എസ്എസ് ഒന്ന് ഇ 2015 ജനുവരി 20നും, ഐആര്‍എന്‍എസ്എസ് ഒന്ന് എഫ് 2016 മാര്‍ച്ച് 10നും വിക്ഷേപിച്ചു. ഈ ശ്രേണിയിലെ അവസാനത്തെ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് ഒന്ന് ജി 2016 ഏപ്രില്‍ 28ന് വിക്ഷേപിച്ചതോടെ ഇന്ത്യയുടെ നാവിഗേഷന്‍ ശൃംഖല ഉടന്‍ പവര്‍ത്തനക്ഷമമാകും. ഏഴ് ഉപഗ്രഹങ്ങളെയും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനസംവിധാനം അടുത്തമാസം സജ്ജമാകുകയാണ്. ഐആര്‍എന്‍എസ്എസ് പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ജിപിഎസിനെക്കാള്‍ മികച്ച പ്രകടനമാകും അത് കാഴ്ചവയ്ക്കുകയെന്ന് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു.
അമേരിക്കക്കാണ് സമ്പൂര്‍ണ ജിപിഎസ് സംവിധാനമുള്ളത്. അതാണ് ലോകവ്യാപകമായി ഉപയോഗിക്കുന്നതും. യൂറോപ്യന്‍ യൂണിയന്റെയും ചൈനയുടെയും ജിപിഎസ് സംവിധാനം പുരോഗമിക്കുന്നു; 2020ല്‍ സമഗ്രമായ രീതിയില്‍ പ്രവര്‍ത്തനസജ്ജമാകും. റഷ്യയ്ക്കും ഇത്ര വിപുലമല്ലെങ്കിലും ജിപിഎസ് ഉണ്ട്. ജപ്പാനും ഫ്രാന്‍സും തങ്ങളുടെ ജിപിഎസിന് തുടക്കമിട്ടുകഴിഞ്ഞു.
നാവിഗേഷന്‍ സംവിധാനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അറിയാത്തവരുണ്ടാകുമെന്ന് തോന്നുന്നില്ല. കടലിലും കാട്ടിലുമെല്ലാം ഒറ്റപ്പെട്ടുപോയവരെ തെരയുന്നതിനും, അത്തരം ഇടങ്ങളിലൂടെയുള്ള യാത്രകള്‍ക്കും ഗതിനിര്‍ണയ സംവിധാനങ്ങള്‍ ചെയ്യുന്ന സേവനങ്ങള്‍ വളരെ വലുതാണ്. കാറുകളിലും മൊബൈല്‍ ഫോണുകളിലും മറ്റും ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്്. സൈനികാവശ്യങ്ങള്‍ക്കുവേണ്ടിയും നാവിഗേഷന്‍വിദ്യ ഉപയോഗിക്കുന്നുണ്ട്. ശത്രുസൈന്യത്തിന്റെ മിസൈല്‍ ആക്രമണങ്ങളെ മുന്‍കൂട്ടി കണ്ടെത്തി പ്രതിരോധിക്കുന്നതിനും സൈനികനീക്കം നേരത്തെ കണ്ടെത്തുന്നതിനും തീവ്രവാദികളുടെ ഒളിത്താവളങ്ങള്‍ കണ്ടെത്തുന്നതിനും നാവിഗേഷന്‍വിദ്യ ഉപയോഗിക്കുന്നുണ്ട്. നിലവില്‍ അമേരിക്കയുടെ ഗ്ളോബല്‍ പൊസിഷനിങ് സിസ്റ്റമാണ് (ഏഹീയമഹ ജീശെശീിേശിഴ ട്യലാെേ – ഏജട) ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഗതിനിര്‍ണയത്തിന് ഉപയോഗിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യ ഈ പരിമിതി മറികടക്കുകയാണ്.
നാവിക്കിന്റെ ഏഴ് ഉപഗ്രഹങ്ങളുടെ ഈ ശ്രേണിയിലുള്ള മൂന്ന് ഉപഗ്രഹങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളിലായി ഭൂസ്ഥിര ഭ്രമണപഥത്തിലാണ് ഉണ്ടാവുക. മറ്റു നാല് ഉപഗ്രഹങ്ങള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു മുകളിലായി ജിയോസിങ്ക്രോണസ് ഭ്രമണപഥത്തിലാകും ഉണ്ടാവുക. 1600 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. 2014 സെപ്തംബറില്‍ സിഗ്നല്‍ ടെസ്റ്റിങ് നടത്തിയിരുന്നു. പിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ചാണ് എല്ലാ ഉപഗ്രഹങ്ങളും വിക്ഷേപിച്ചത്.









0 comments