ഇന്റര്‍നെറ്റിലെ പടങ്ങള്‍ എടുത്തു കൊടുക്കുമ്പോള്‍

ഒരു പ്രൊജക്ട് ഉണ്ടാക്കുന്നു. കുറച്ചു ചിത്രങ്ങള്‍ വേണം. അല്ലെങ്കില്‍ ഒരു ബ്ലോഗ് എഴുതുന്നു. കുറച്ചു ഫോട്ടോകള്‍ വേണം. എളുപ്പമല്ലേ. ഗൂഗിള്‍ ഇമേജ് തെരയലില്‍ പോകുക. എന്താണ് വേണ്ടതെന്നു തെരയുക. ചിത്രങ്ങള്‍ റെഡി. ഗൂഗിള്‍വഴി കിട്ടിയ പടങ്ങളല്ലേ, അത് നമ്മുടെ സ്വന്തമാണോ? അപ്പോള്‍ ഈ ചിത്രങ്ങള്‍ എടുത്ത, അല്ലെങ്കില്‍ വരച്ച ആള്‍ക്ക് ഇതില്‍ അധികാരമെന്നും ഇല്ലേ? ഉണ്ടല്ലോ! ചിത്രങ്ങള്‍ എവിടെയാണോ ഉള്ളത്, അവിടെ അതിന്റെ ഉടമസ്ഥന്‍ പറഞ്ഞിരിക്കുന്ന കോപ്പിറൈറ്റ് (പകര്‍പ്പവകാശം) അല്ലെങ്കില്‍ കോപ്പിലെഫ്റ്റ് (പകര്‍പ്പപേക്ഷ) നിയമങ്ങള്‍ പാലിച്ചേ മതിയാവൂ. ചിലപ്പോള്‍ ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് ആകാം ചിത്രങ്ങളില്‍ ബാധകം.
അതിലാകട്ടെ കച്ചവടത്തിന് അല്ലാത്ത സൗജന്യ ഉപയോഗം, മാറ്റംവരുത്താതെയുള്ള സൗജന്യ ഉപയോഗം, അങ്ങനെ പല വിഭാഗങ്ങളും ഉണ്ട്. ചിത്രം ഇന്റര്‍നെറ്റില്‍ കിട്ടി. അതുകൊണ്ട് അതിന് നാട്ടിലെ ബൗദ്ധിക സ്വത്തവകാശനിയമങ്ങള്‍ ബാധകമല്ല എന്ന ധാരണ നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് തെറ്റാണ്. സൗജന്യമായ ചിത്രങ്ങള്‍ ഇല്ല എന്നല്ല, മറിച്ച് ഉള്ള പല ചിത്രങ്ങളും എന്തിനും, ഏതിനും, എങ്ങനെയും, ആര്‍ക്കും എവിടെയും ഉപയോഗിക്കാം എന്നതരത്തിലുള്ളതല്ല. സമ്മതം വാങ്ങി ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ ചിത്രത്തില്‍ പറഞ്ഞ ഉടമസ്ഥനുമായി ബന്ധപ്പെടുന്നതാണ് നല്ലത്. ഗൂഗിളില്‍ തെരഞ്ഞ് ചിത്രങ്ങള്‍ കണ്ടെത്തുന്നതിനെക്കാള്‍ എളുപ്പം ചിത്രങ്ങള്‍ക്കായുള്ള സേവനങ്ങള്‍ ആശ്രയിക്കുന്നതാണ്.gettyimages.com, corbis.com, imagesbazaar.com, shutterstock.com, istockphoto.com അടക്കം നിരവധി സൈറ്റുകള്‍ ഇത്തരം ചിത്രങ്ങളുടെ കച്ചവടവുമായി ബന്ധപ്പെട്ടുണ്ട്. Flickrലുള്ള ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിനു മുമ്പേ http://www.flickr.com/creativecommons/ എന്ന ലിങ്കിലുള്ള നിയമങ്ങള്‍ വായിക്കുന്നത് നല്ലതാണ്.
All rights reserved ചിത്രങ്ങള്‍ അതില്‍ പറഞ്ഞ വ്യക്തിയുടെ സമ്മതമില്ലാതെ ഉപയോഗിക്കുന്നത് നിങ്ങളെ പ്രശ്നത്തിലേക്കെത്തിക്കാം. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ചിത്രങ്ങള്‍ക്കു മാത്രമല്ല, ചെറിയ ഐക്കണുകള്‍ക്കും ടെക്സ്റ്റിനും ബാധകമാണ്. ഇതിനൊരു മറുവശംകൂടിയുണ്ട് കേട്ടോ. ഇനിയിപ്പോള്‍ നിങ്ങള്‍ ഒരു ഉഗ്രന്‍ ഫോട്ടോഗ്രാഫര്‍ ആണെങ്കില്‍ ഇത്തരം സൈറ്റുകളില്‍ നിങ്ങളുടെ ചിത്രങ്ങള്‍ വിറ്റ് പൈസയുണ്ടാക്കാം. മേല്‍പ്പറഞ്ഞ സൈറ്റുകളില്‍ എല്ലാംതന്നെ ഇതിനുള്ള വഴിയും ഉണ്ട്. എന്താ പുതിയൊരു വരുമാനമാര്‍ഗം തുറക്കുമോ? ദാസനെയും വിജയനെയും പോലെ സ്വപ്നംകാണാന്‍ തുടങ്ങിയോ അപ്പോള്‍ തന്നെ! നടക്കട്ടെ. പണ്ടൊരിക്കല്‍ പറഞ്ഞതുപോലെ നിങ്ങള്‍ ലക്ഷങ്ങള്‍ കൊണ്ടുപൊയ്ക്കോളൂ, എനിക്കൊരു ഇ-മെയില്‍ എങ്കിലും അയക്കുക[email protected]









0 comments