വാട്‌സ്ആപ്പ് കോളുകളിൽ ഇനി പുറംശബ്ദങ്ങൾ കേൾക്കില്ല; 'നോയിസ് കാൻസലേഷൻ' ഫീച്ചറുമായി മെറ്റ

ടെക് ഡെസ്ക്: വാട്‌സ്ആപ്പ് കോളുകൾ കൂടുതൽ വ്യക്തമാക്കാൻ പുതിയ നോയിസ് കാൻസലേഷൻ ഫീച്ചർ അവതരിപ്പിച്ചു. തിരക്കേറിയ സ്ഥലങ്ങളിൽ യാത്ര ചെയ്യുമ്പോഴും പുറത്തുനിന്നുള്ള അനാവശ്യ ശബ്ദങ്ങൾ ഒഴിവാക്കി വ്യക്തമായി സംസാരിക്കാൻ ഈ സൗകര്യം സഹായിക്കും.
മെറ്റയുടെ പുതിയ അപ്‌ഡേറ്റിലൂടെ കോളിനിടയിലെ കാറ്റിന്റെ ശബ്ദമോ വാഹനങ്ങളുടെ ഹോൺ മുഴക്കമോ ഫിൽറ്റർ ചെയ്ത് മാറ്റാൻ സാധിക്കും. ആൻഡ്രോയിഡ് ബീറ്റ വേർഷൻ 2.26.14.1 ലാണ് നിലവിൽ ഈ സൗകര്യം ലഭ്യമായിട്ടുള്ളത്.
വാട്‌സ്ആപ്പ് കോളുകൾ ആരംഭിക്കുമ്പോൾ തന്നെ ഈ ഫീച്ചർ ഡിഫോൾട്ടായി പ്രവർത്തിച്ചു തുടങ്ങുമെങ്കിലും, കോളിംഗ് മെനുവിൽ ഇത് നിയന്ത്രിക്കാനുള്ള ഓപ്ഷൻ നൽകിയിട്ടുണ്ട്. സംഭാഷണം രണ്ട് പേർക്കും ഒരുപോലെ വ്യക്തമായി കേൾക്കണമെങ്കിൽ വിളിക്കുന്നവരും സ്വീകരിക്കുന്നവരും ഒരുപോലെ ഈ ഫീച്ചർ ഓൺ ചെയ്യേണ്ടതുണ്ട്.
വരും ആഴ്ചകളിൽ എല്ലാ ഉപയോക്താക്കൾക്കും ഈ സൗകര്യം ലഭ്യമാകും. ഇതിനുപുറമെ ആപ്പിൾ കാർപ്ലേയ്ക്കായി പ്രത്യേക ആപ്പ്, വലിയ ഫയലുകൾ എളുപ്പത്തിൽ കണ്ടെത്തി നീക്കം ചെയ്യാനുള്ള 'മാനേജ് സ്റ്റോറേജ്' ഓപ്ഷൻ, ഐഒഎസ് ഉപകരണങ്ങളിൽ ഒരേസമയം രണ്ട് അക്കൗണ്ടുകൾ ഉപയോഗിക്കാനുള്ള സൗകര്യം എന്നിവയും വാട്‌സ്ആപ്പ് പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. മികച്ച ഓഡിയോ അനുഭവം ഉറപ്പാക്കുന്ന നോയിസ് കാൻസലേഷൻ ഫീച്ചർ ഉപയോക്താക്കൾക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.










0 comments