print edition മലയാളി വേർഡ്‌സ്‌മിത്ത്

നിധിൻ രാജു
Published on Sep 26, 2026, 10:39 PM | 3 min read
മലയാളഭാഷ നമ്മിൽനിന്ന് അകന്നുപോകുന്നുവെന്ന് പരിഭവിക്കുമ്പോഴും കടലുകൾക്കും വൻകരകൾക്കും അപ്പുറമിരുന്ന് മാതൃഭാഷയുടെ പച്ചപ്പ് തേടിയെത്തുന്ന മനുഷ്യർ നമുക്കിടയിലുണ്ട്. അത്തരക്കാർക്കായി അതിർത്തികളുടെ വേലിക്കെട്ടുകൾ ഭേദിച്ച്, ഡിജിറ്റൽ ക്ലാസ്‌റൂം തുറന്നുനൽകുകയാണ് കോട്ടയം കാരാപ്പുഴ സ്വദേശിനി പുണ്യ മോഹൻ. ലോകത്തിന്റെ ഏതൊരു കോണിലുമുള്ള, മലയാളം പഠിക്കാൻ ആഗ്രഹിക്കുന്നവരെ ഭാഷയുടെ ലോകത്തേക്ക് കൈപിടിച്ചുനടത്താനുള്ള ശ്രമമാണ് ‘മലയാളി വേർഡ്‌സ്‌മിത്ത്' എന്ന ഓൺലൈൻ സംരംഭത്തിലൂടെ ഇരുപത്തെട്ടുകാരി നടത്തുന്നത്.
കോട്ടയം പള്ളിക്കൂടം സ്‌കൂളിലെ മലയാളം അധ്യാപികയായ പുണ്യ, സ്‌കൂൾ കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ അതിരുകളില്ലാത്ത സ്വന്തം ക്ലാസ്‌റൂം തുറക്കും. ചുവരുകളുടെയോ ദേശത്തിന്റെയോ പരിമിതിയില്ലാതെ, ഒരു ലോകം മുഴുവൻ പുണ്യയുടെ ക്ലാസ്‌മുറിയിൽ ‘പ്രസന്റാ’കും.
കുരുന്നുകൾക്ക് മലയാളത്തിന്റെ ആദ്യക്ഷരങ്ങൾ പകർന്നുകൊടുക്കുക മാത്രമല്ല, മലയാളവുമായി വേരറ്റുപോയ വിദേശമലയാളികൾക്ക് സ്വന്തം സ്വത്വത്തെ തിരിച്ചുപിടിക്കാനുള്ള അവസരവും മലയാളി വേർഡ്‌സ്‌മിത്ത് തുറന്നിടുന്നു. ഇപ്പോൾ പ്രീ-സ്‌കൂൾ കുട്ടികൾമുതൽ എഴുപതുകൾ പിന്നിട്ട പഠിതാക്കൾവരെയുണ്ട് പുണ്യയുടെ ക്ലാസിൽ. അമേരിക്കയിലും ബ്രിട്ടനിലും ഓസ്ട്രേലിയയിലും യുഎഇയിലും ഖത്തറിലും ഇന്ത്യയുടെ വിവിധ നഗരങ്ങളിലുമുള്ള പഠിതാക്കൾ അവരവർക്ക് അനുയോജ്യമായ സമയത്ത് പുണ്യയുടെ ഓൺലൈൻ ക്ലാസിൽ ഹാജരാകും. ചിലർ സംസാരഭാഷ മെച്ചപ്പെടുത്താൻ, മറ്റുചിലർ സാഹിത്യത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങാൻ... ഓരോരുത്തർക്കും ആവശ്യങ്ങളും ലക്ഷ്യങ്ങളും വ്യത്യസ്‌തമാണ്. എന്നാൽ, ആ വഴികളിലെല്ലാം കൈപിടിച്ചുനടത്താൻ പുണ്യ തയ്യാറാണ്.
ഒറ്റ വിദ്യാർഥിയിൽനിന്ന് ലോകത്തോളം
കോവിഡ് കാലം പലർക്കും അടച്ചിട്ട വാതിലുകളുടെ കാലമായിരുന്നെങ്കിൽ പുണ്യക്ക് അത് പുതിയൊരു വാതിൽ തുറന്ന കാലമായിരുന്നു. കോളേജുകാലംമുതൽ ട്യൂഷൻ ക്ലാസുകൾ എടുത്തിരുന്ന പുണ്യ മഹാമാരിക്കാലത്താണ് ഓൺലൈൻ അധ്യാപനത്തിലേക്ക് തിരിഞ്ഞത്. തുടക്കത്തിൽ അതൊരു താൽക്കാലിക തീരുമാനമായിരുന്നു. എന്നാൽ, യുഎഇയിൽ ജോലിചെയ്യുന്ന ഒരു മലയാളിയിൽനിന്നെത്തിയ അന്വേഷണമാണ് പിന്നീട് വഴിത്തിരിവായത്. കൊൽക്കത്തയിൽ ബംഗാളി സ്വദേശിനിയായ അമ്മയ്ക്കൊപ്പം താമസിച്ചിരുന്ന മൂന്നാം ക്ലാസ് വിദ്യാർഥിനി ഇഷിത വിനീതിനെ മലയാളം പഠിപ്പിക്കണമെന്നായിരുന്നു ആവശ്യം.
ഓൺലൈൻ അധ്യാപനത്തിന്റെ സാങ്കേതികതകളെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലാത്ത കാലമായിരുന്നു. ഒരു സാധാരണ സ്‌മാർട്ട്ഫോണിന് മുന്നിലിരുന്നാണ് പുണ്യ തന്റെ ക്ലാസുകൾ ആരംഭിച്ചത്. ഒരുവർഷത്തോളം ഇഷിത മാത്രമായിരുന്നു വിദ്യാർഥി. പിന്നീട് ഒറ്റ വിദ്യാർഥിയിൽനിന്ന് മറ്റൊരു വിദ്യാർഥിയിലേക്കും അവിടെനിന്ന് മറ്റൊരു രാജ്യത്തെ കുട്ടിയിലേക്കും പുണ്യയുടെ ക്ലാസ്‌മുറി പതിയെ വളർന്നു. പഠിതാക്കളിൽനിന്ന് കേട്ടറിഞ്ഞ് പുതിയ ആളുകളെത്തി. പിന്നീട് സമൂഹമാധ്യമങ്ങളും കൂട്ടായി. 2025ൽ ‘മലയാളി വേർഡ്‌സ്‌മിത്തി'ന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജുകൾ ആരംഭിച്ചതോടെ പഠിതാക്കളുടെ ലോകവും വിശാലമായി. ഇന്ന് ഇന്ത്യയിലും വിദേശത്തുമായി പ്രായഭേദമന്യേ 100ഓളംപേർ വിദ്യാർഥികളായുണ്ട്.
വേരുകളിലേക്കൊരു പാലം
വിദേശത്ത് വളരുന്ന മലയാളി കുട്ടികൾക്ക് ‘മലയാളി വേർഡ്‌സ്‌മിത്ത്' സ്വന്തം വേരുകളിലേക്കുള്ള ഒരു പാലമാണ്. വീട്ടിൽ മലയാളം കേൾക്കുന്നുണ്ടെങ്കിലും വായിക്കാനും എഴുതാനും കഴിയാത്ത കുട്ടികൾമുതൽ മലയാളം ഒട്ടും അറിയാത്തവർവരെ ക്ലാസിലുണ്ട്. അക്ഷരമാലയിൽനിന്ന് തുടങ്ങുന്നവരുണ്ട്. സ്‌കൂൾ പാഠങ്ങൾ മനസ്സിലാക്കാനെത്തുന്നവരുണ്ട്. സംസാരഭാഷ മെച്ചപ്പെടുത്താനും സാഹിത്യം പഠിക്കാനും എത്തുന്നവരുമുണ്ട്. ഓരോരുത്തരുടെയും ആവശ്യങ്ങൾക്കനുസരിച്ചാണ് ബോധനരീതി ആസൂത്രണം ചെയ്യുന്നത്. ഓരോ പഠിതാവിന്റെയും പ്രായത്തിനും ലക്ഷ്യത്തിനും ഭാഷാപരിചയത്തിനും അനുസരിച്ച് പഠനരീതി മാറും. വ്യക്തികേന്ദ്രിതമായ സമീപനമാണ് ‘മലയാളി വേർഡ്‌സ്‌മിത്തി’ന്റെ പ്രത്യേകത.
മുംബൈയിൽനിന്നുള്ള എഴുപത്തിരണ്ടുകാരി ബീന മാത്യുവാണ് പുണ്യയുടെ ഏറ്റവും പ്രായം കൂടിയ പഠിതാവ്. മലയാളിയെ വിവാഹം കഴിച്ച അവർ മലയാളത്തിൽ ബൈബിൾ വായിക്കണമെന്ന ആഗ്രഹത്തോടെയാണ് ഒരുവർഷത്തിലേറെയായി മലയാളം പഠിക്കുന്നത്.
കളികളിലൂടെയും കഥകളിലൂടെയും സംഭാഷണങ്ങളിലൂടെയും കുട്ടികളെ മലയാളത്തിലേക്ക് അടുപ്പിക്കുന്നതാണ് മലയാളി വേർഡ്‌സ്‌മിത്തിന്റെ ബോധനരീതി. കേരളത്തിന്റെ ഉത്സവങ്ങളും ആചാരങ്ങളും പഴഞ്ചൊല്ലുകളും നാട്ടുകഥകളുമൊക്കെ ഭാഷാപഠനത്തിന്റെ ഭാഗമാണ്.
പഠിതാക്കളുടെ എണ്ണം കൂടിയതോടെ ഒറ്റയ്ക്ക് മുന്നോട്ടുകൊണ്ടുപോകുക ബുദ്ധിമുട്ടായി. തുടർന്ന് സുഹൃത്തുക്കളായ അഞ്ച് മലയാളം അധ്യാപികമാരെയും കൂടെക്കൂട്ടി. സ്കൂൾ വിട്ടിറങ്ങിയാൽ വീട്ടിലെത്താനുള്ള സമയം ലാഭിക്കാൻ, ഓട്ടോ ഡ്രൈവറായ അച്ഛൻ മോഹനകുമാർ വണ്ടിയുമായി കാത്തുനിൽക്കും. അമ്മ ജയകുമാരിയും പിന്തുണയുമായി ഒപ്പമുണ്ട്.
ഡിജിറ്റൽ ആപ് സ്വപ്‌നം
‘മലയാളി വേർഡ്‌സ്‌മിത്തി'നെ ആപ് അധിഷ്ഠിത പഠന പ്ലാറ്റ്ഫോമായി വളർത്തുകയാണ് പുണ്യയുടെ സ്വപ്‌നം. ലോകത്തിന്റെ ഏതുകോണിലിരുന്നും മലയാളത്തെ തേടുന്ന ഒരാൾക്ക് അതിനുള്ള സ്രോതസ്സ് കൈയെത്തും ദൂരത്തുണ്ടാകണം. തത്സമയ ക്ലാസുകൾക്കൊപ്പം പഠിതാക്കളുടെ സമയംപോലെ ലഭ്യമാകുന്ന റെക്കോഡഡ് ക്ലാസുകളും ആലോചനയിലുണ്ട്.
ഇൗ അധ്യയനവർഷംമുതൽ മലയാളത്തിനുപുറമേ ശാസ്‌ത്രവിഷയങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കും ക്ലാസ് ആരംഭിച്ചിട്ടുണ്ട്. ബിഎഡ്, പിജി പഠനകാലത്തെ പുണ്യയുടെ സുഹൃത്തുക്കൾതന്നെയാണ് അധ്യാപകർ. എല്ലാവരും വനിതകളാണെന്ന പ്രത്യേകതകൂടിയുണ്ട്. എല്ലാവരും വനിതകൾ ആയിരിക്കണമെന്ന പുണ്യയുടെ പ്രത്യേക നിർബന്ധമാണ് അതിനുപിന്നിൽ. നിലവിൽ എല്ലാ വിഷയങ്ങൾക്കുമായി 15 അധ്യാപകർക്കുകീഴിലായി 100 വിദ്യാർഥികളുണ്ട്. അതിൽ 70 കുട്ടികളും മലയാളം പഠിതാക്കളാണ്. അവരുടെ സമയത്തിനും നിലവാരത്തിനുമനുസരിച്ച് വ്യക്തിഗതബോധനം നടത്താൻ നിലവിൽ ഏഴ് മലയാളം അധ്യാപികമാരാണുള്ളത്. മലയാളി വേർഡ്‌സമിത്ത് ഇൻസ്റ്റഗ്രാം പേജുവഴി ബന്ധപ്പെട്ടാൽ ക്ലാസിൽ ജോയിൻ ചെയ്യാം.








0 comments