Deshabhimani

തപാൽവകുപ്പിന്റെ പച്ചക്കൊടി

തൃപ്പൂണിത്തുറ സബ്‌ ഡിവിഷൻ ഓഫീസ്‌ പൂട്ടും

Thrippunithura Sub-Division Office

തപാൽ വകുപ്പ്‌ അടച്ചുപൂട്ടുന്ന തൃപ്പൂണിത്തുറ സബ്‌ ഡിവിഷൻ ഓഫീസ്‌

avatar
രാഹുൽ രാജ്

Published on Nov 14, 2026, 02:30 AM | 1 min read

കൊച്ചി


തൃപ്പൂണിത്തുറ സബ്‌ ഡിവിഷൻ ഓഫീസ്‌ പൂട്ടാനുള്ള നീക്കത്തിന്‌ തപാൽവകുപ്പിന്റെ പച്ചക്കൊടി. ഓഫീസുകൾ പുനക്രമീകരിച്ച്‌ തൃപ്പൂണിത്തുറ സബ്‌ ഡിവിഷനെ എറണാകുളം, കൊച്ചി സബ്‌ ഡിവിഷനുകളിലേക്ക്‌ ലയിപ്പിക്കാനാണ്‌ ഡയറക്ടറേറ്റ്‌ ഉത്തരവ്‌. ഭരണപരമായ കാര്യക്ഷമത, വ്യാപാര വികസനം, വരുമാനവർധന എന്നിവ ലക്ഷ്യമിട്ടാണ്‌ പരിഷ്‌കാരമെന്ന്‌ ഉത്തരവിൽ പറയുന്നു.


തൃപ്പൂണിത്തുറ സബ്‌ ഡിവിഷനുകീഴിൽ 19 സബ്‌ ഓഫീസുണ്ടായിരുന്നു. ഇതിൽ 13 എണ്ണം എറണാകുളത്തേക്കും ആറെണ്ണം കൊച്ചി സബ്‌ ഡിവിഷനിലേക്കും ലയിപ്പിച്ചു. 36 ബ്രാഞ്ച്‌ ഓഫീസുകളിൽ യഥാക്രമം 17, 19 എണ്ണം വീതം എറണാകുളം, കൊച്ചി സബ്‌ ഡിവിഷനുകളുടെ ഭാഗമാകും. എറണാകുളം സബ്‌ ഡിവിഷനിൽ സബ്‌ ഓഫീസുകൾ –37, ബ്രാഞ്ച്‌ ഓഫീസുകൾ– 31 ആയും വർധിച്ചു. മുന്പ്‌ ഇത്‌ 24, 14 വീതമായിരുന്നു. കൊച്ചിയിൽ 32 സബ്‌ ഓഫ-ീസും 29 ബ്രാഞ്ച്‌ ഓഫീസുമായി. 26, 10 വീതമായിരുന്നു മുന്പ്‌. നടപടികൾക്ക്‌ കേരള സർക്കിൾ ചീഫ്‌ പോസ്റ്റ്‌മാസ്റ്റർ ജനറൽ ഇ‍ൗ മാസം 10ന്‌ ഇറക്കിയ ഉത്തരവിൽ അനുമതി നൽകി.


ഇതോടെ എറണാകുളം ഡിവിഷന്‌ കീഴിലുള്ള സബ്‌ ഡിവിഷനുകൾ രണ്ടായി കുറഞ്ഞു. ബ്രാഞ്ച്‌ ഓഫീസുകളിലെ ജീവനക്കാരുടെ ശന്പള ബില്ലുകൾ ഉൾപ്പെടെ പാസാക്കുന്നത്‌ സബ്‌ ഡിവിഷൻ ഓഫീസുകളിലാണ്‌. മറ്റ്‌ സബ്‌ ഡിവിഷനിലേക്ക്‌ ലയിപ്പിച്ചതോടെ ശന്പളത്തിനും മറ്റ്‌ സേവനങ്ങൾക്കും കാലതാമസം നേരിടും. ജീവനക്കാരുടെ ജോലിഭാരവും കൂടും.


രണ്ട്‌ മെയിൽ ഓവർസിയർ, ഒന്നുവീതം പോസ്റ്റൽ അസിസ്റ്റന്റ്‌, ഇൻസ്പെക്ടർ ഓഫ്‌ പോസ്റ്റ്‌ എന്നീ തസ്‌തികകൾകൂടി ഇല്ലാതാകുന്നതോടെ സ്ഥാനക്കയറ്റത്തിനുള്ള അവസരവും നഷ്ടമാകും. തപാൽവകുപ്പ്‌ തീരുമാനത്തിനെതിരെ ജീവനക്കാരും പ്രതിഷേധത്തിലാണ്‌. എൻഎഫ്‌പിഇ എറണാകുളം ഡിവിഷൻ നേതൃത്വത്തിൽ ജീവനക്കാർ ധർണ നടത്തി. എറണാകുളം, ആലുവ തപാൽ ഡിവിഷനുകളെ ലയിപ്പിക്കാനുള്ള നടപടികളും തുടങ്ങി. തപാൽ സേവനങ്ങൾ കുറച്ച്‌ സ്വകാര്യമേഖലയെ സഹായിക്കുകയാണ്‌ കേന്ദ്രസർക്കാർലക്ഷ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home