യാത്രക്കാരും കച്ചവടക്കാരും ദുരിതത്തിൽ
ബോട്ടുജെട്ടിയിൽ പൊടിശല്യം

ബോട്ട് ജെട്ടിയിൽ മെട്രോ ടെർമിനൽ നിർമാണത്തിന് ആവശ്യമായ കോൺക്രീറ്റ് മിക്സറുമായി വാഹനം എത്തിയപ്പോൾ പറന്നുയരുന്ന പൊടി
കൊച്ചി
ബോട്ടുജെട്ടിയിൽ പൊടിശല്യംകാരണം ജനം ദുരിതത്തിൽ. പുതിയ വാട്ടർമെട്രോ ടെർമിലിന്റെ നിർമാണം മൂലമുണ്ടാകുന്ന പൊടിശല്യമാണ് യാത്രക്കാരെയും പരിസരത്തെ കച്ചവടക്കാരെയും ദുരിതത്തിലാക്കുന്നത്. ടെർമിനൽ നിർമാണത്തിന്റെ ഭാഗമായി പൈലിങ്ങും മറ്റു നിർമാണങ്ങളും നടക്കുന്നതിനാൽ ഇവിടെ നിന്നുള്ള ചെളിയും മണ്ണും ലോറിയിൽ കൊണ്ടുപോകുമ്പോൾ അവശിഷ്ടങ്ങൾ റോഡിൽവീണാണ് ചെളിനിറയുന്നത്. ഇതിലൂടെ നിർമാണസാമഗ്രികളുമായി ടോറസ് ലോറികൾ വരുമ്പോൾ പൊടിശല്യം കാരണം യാത്രക്കാർക്ക് സഞ്ചരിക്കാനാകുന്നില്ല.
പൊടിശല്യം മൂലം സാധനങ്ങൾ വാങ്ങാൻ മുമ്പത്തെപോലെ ആളുകൾ വരാത്തതിനാൽ സമീപമുള്ള കച്ചവടക്കാരും ബുദ്ധിമുട്ടിലാണ്. ടി കെ രാമകൃഷ്ണൻ സാംസ്കാരികകേന്ദ്രത്തിലെ പരിപാടികളെയും പൊടിശല്യവും ശബ്ദമലിനീകരണവും ബാധിച്ചിട്ടുണ്ട്. ചെളിയും പൊടിയും നിറഞ്ഞ റോഡിലൂടെ ആളുകൾക്ക് എത്താൻ പ്രയാസമായതിനാൽ പരിപാടിയുടെ ബുക്കിങ്ങ് കുറഞ്ഞിട്ടുണ്ട്. കൃത്യമായി മൂന്നുനേരവും റോഡ് നനക്കാത്തതാണ് രൂക്ഷമായ പൊടിശല്യത്തിന് കാരണമെന്ന് കച്ചവടക്കാർ പറയുന്നു.
നിർമാണസ്ഥലത്തുനിന്നും ചെളികയറ്റി പോകുന്ന ലോറികളിൽനിന്നും അവശിഷ്ടങ്ങൾ റോഡിൽ വീഴാതെ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ പൊടിശല്യം കുറയ്ക്കാം. വൈപ്പിൻ ഭാഗത്തുനിന്ന് ജനറൽ ആശുപത്രിയിൽ ചികിത്സതേടി എത്തുന്ന രോഗികൾ ജെട്ടിയിൽ ഇറങ്ങിയശേഷം പൊടിനിറഞ്ഞ അന്തരീക്ഷത്തിലൂടെ ആശുപത്രിയിലേക്ക് നടന്നുപോകുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ അധികൃതർ നടപടിയെടുക്കണമെന്ന് യാത്രക്കാരും കച്ചവടക്കാരും ആവശ്യപ്പെട്ടു.








0 comments