റീൽ കാണലും മെസ്സേജും എല്ലാം ഇനി ഒന്നിച്ച് നടക്കും; പിക്ചർ-ഇൻ-പിക്ചർ മോഡുമായി ഇൻസ്റ്റാഗ്രാം

നമ്മൾ ആസ്വദിച്ച് ഒരു റീൽ കണ്ടുകൊണ്ടിരിക്കുമ്പോഴായിരിക്കും പ്രധാനപ്പെട്ട ഒരു മെസ്സേജ് വരുന്നത്. അപ്പൊ പിന്നെ ഈ റീലൊക്കെ ഒഴിവാക്കി മെസ്സേജിന്റെ പിന്നാലെ പോവേണ്ടി വരില്ലേ. എന്നാൽ ഇനി മറ്റെന്തെങ്കിലും ചെയ്യുന്നതിനോടൊപ്പവും റീൽ കാണാനുള്ള പുതിയ പിക്ചർ ഇൻ പിക്ചർ മോഡ് പുറത്തിറക്കുകയാണ് ഇൻസ്റ്റാഗ്രാം. മറ്റു ആപ്പുകൾ ഉപയോഗിക്കുന്നതിനോടൊപ്പം തന്നെ ചെറിയൊരു വിൻഡോയിൽ റീലുകൾ കാണുന്ന തരത്തിലാകും ഈ പുതിയ ഫീച്ചർ. റീലുകൾ വളരെ പെട്ടെന്നാണ് ജനശ്രദ്ധയാകർഷിച്ചത്. റീൽ കാണുന്നത് തന്നെ വലിയ ഒരു പരിപാടിയെടുക്കുന്ന ആളുകളാണ് ഇപ്പോഴുള്ളത്.
ഫേസ്ബുക്കിൽ സ്ക്രോൾ ചെയ്യുന്നതിനോടൊപ്പമോ, വാട്ട്സാപ്പിൽ മെസ്സേജ് ചെയ്യുന്നതിനോടൊപ്പമോ തന്നെ ഇൻസ്റ്റാഗ്രാം റീലുകൾ ഒരു ചെറിയ പോപ്പ് അപ്പ് വിൻഡോയിൽ പ്ലേ ചെയ്യുന്ന തരത്തിലാണ് പുതിയ പിക്ചർ ഇൻ പിക്ചർ മോഡ് പ്രവർത്തിക്കുക. ദൈർഖ്യമേറിയ റീലുകൾ കാണുന്നവർക്ക് കൂടുതൽ ഉപയോഗപ്രദമാകുന്ന തരത്തിലുള്ള ഒരു ഫീച്ചറാണിത്. ഈ ഫീച്ചർ എപ്പോഴാണ് പൂർണമായും ഇൻസ്റ്റാഗ്രാം ഉപഭോക്താക്കളിലേക്കെത്തുന്നത് എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെങ്കിലും ഉടൻ തന്നെ ഇത് പുറത്തിറക്കാനാണ് ഇൻസ്റ്റാഗ്രാമിന്റെ നീക്കം.








0 comments