ad
Deshabhimani

വനിതാ ടെന്നീസിൽ ജനിതക ലിംഗ പരിശോധന നിർബന്ധം; പുതിയ യോഗ്യതാ നയവുമായി വിമൻസ് ടെന്നീസ് അസോസിയേഷൻ

womens tennis

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 20, 2026, 06:05 PM | 1 min read

ലണ്ടൻ: വനിതാ പ്രൊഫഷണൽ ടെന്നീസിൽ വലിയ പരിഷ്കാരങ്ങളുമായി വിമൻസ് ടെന്നീസ് അസോസിയേഷൻ (WTA). ടൂറിൽ മത്സരിക്കുന്ന എല്ലാ താരങ്ങളും ഇനി ജനിതക ലിംഗ പരിശോധനയ്ക്ക് വിധേയരാകണമെന്നതാണ് പുതിയ നിബന്ധന.


യോഗ്യതാ നയം പുതുക്കിയതായി ഞായറാഴ്ചയാണ് അസോസിയേഷൻ ഔദ്യോഗികമായി അറിയിച്ചത്. ചൊവ്വാഴ്ച മുതൽ പുതിയ നയം പ്രാബല്യത്തിൽ വരും. 2026 ൽ കളിക്കാർക്കായുള്ള സ്ക്രീനിംഗ് നടപടികൾ പൂർണ്ണമായി ആരംഭിക്കും.


പുതിയ നയം പ്രകാരം, ജൈവിക ലിംഗത്തെ നിർണ്ണയിക്കുന്ന 'എസ്ആർവൈ ' ജീനിന്റെ സാന്നിധ്യം കണ്ടെത്താൻ ഓരോ താരവും കരിയറിൽ ഒരിക്കൽ മാത്രം പരിശോധനയ്ക്ക് വിധേയരായാൽ മതിയാകും. കവിളിൽ നിന്നുള്ള സ്രവം അല്ലെങ്കിൽ രക്തപരിശോധന വഴി ഇത് നടത്താം.


ഡാറ്റാ സുരക്ഷയും രഹസ്യസ്വഭാവവും ഉറപ്പാക്കിക്കൊണ്ടുള്ള സമഗ്രമായ പരിശോധനാ സംവിധാനമാണ് ഇതിനായി ഒരുക്കുകയെന്ന് വിമൻസ് ടെന്നീസ് അസോസിയേഷൻ വക്താവ് അറിയിച്ചു.


ഈ വിഷയം അതീവ സങ്കീർണ്ണമാണെന്നും, എല്ലാ താരങ്ങളോടും അന്തസ്സോടെയും ആദരവോടെയും പെരുമാറാൻ അസോസിയേഷൻ പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.


നേരത്തെ, തങ്ങളുടെ ലിംഗം സ്ത്രീയാണെന്ന് പ്രഖ്യാപിക്കുകയും രണ്ട് വർഷക്കാലം ടെസ്റ്റോസ്റ്റിറോൺ അളവ് നിശ്ചിത പരിധിയിൽ താഴെ നിലനിർത്തുകയും ചെയ്യുന്ന ട്രാൻസ്‌ജെൻഡർ സ്ത്രീകൾക്ക് മത്സരിക്കാൻ അനുമതിയുണ്ടായിരുന്നു.


എന്നാൽ നിലവിൽ പ്രൊഫഷണൽ ടെന്നീസിൽ ട്രാൻസ്‌ജെൻഡർ താരങ്ങളാരും സജീവമല്ല. ലോക അത്‌ലറ്റിക്സ്, വേൾഡ് ബോക്സിംഗ് തുടങ്ങിയ കായിക ഫെഡറേഷനുകൾ സമാനമായ ജനിതക പരിശോധനകൾ നേരത്തെ തന്നെ നടപ്പിലാക്കിയിരുന്നു.


ഈ വർഷം മാർച്ചിൽ, വനിതാ വിഭാഗത്തിൽ മത്സരിക്കാൻ ജനിതക പരിശോധന വഴി നിശ്ചയിക്കപ്പെടുന്ന സ്ത്രീകൾ മാത്രമേ യോഗ്യരാകൂ എന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും വ്യക്തമാക്കിയിരുന്നു.


വിഷയത്തിൽ കായിക ലോകത്ത് ഭിന്നാഭിപ്രായങ്ങൾ ശക്തമാണ്. മാർട്ടിന നവ്രത്തിലോവയെയും അരിന സബലെങ്കയെയും പോലുള്ള താരങ്ങൾ ട്രാൻസ്‌ജെൻഡർ താരങ്ങളെ വനിതാ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനെ എതിർക്കുമ്പോൾ, ബില്ലി ജീൻ കിംഗിനെപ്പോലുള്ളവർ ഇതിനെ വിവേചനമായി കാണുന്നു.


ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകളെ ഒഴിവാക്കുന്നത് വിവേചനമാണെന്ന് അവരുടെ

അവകാശ സംഘടനകൾ വാദിക്കുമ്പോൾ, പുരുഷ കൗമാരത്തിൽ സംഭവിക്കുന്ന ശാരീരിക വളർച്ച കായിക താരങ്ങൾക്ക് വലിയ മുൻതൂക്കം നൽകുന്നുണ്ടെന്നും, ലിംഗമാറ്റം ഇതിനെ പൂർണ്ണമായും മറികടക്കുന്നില്ലെന്നുമാണ് വിമർശകരുടെ പക്ഷം.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home