വിംബിൾഡൺ ക്വാർട്ടർ ഫൈനൽ; ജോകോവിച്ചും ഫെലിക്സ് അലിയാസിമേയും നേർക്കുനേർ

ജോകോവിച്ചും ഫെലിക്സ് അലിയാസിമേയും | Photo Credit : Facebook
ലണ്ടൻ : വിംബിൾഡൺ പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ അത്യന്തം ആവേശകരമായ ഘട്ടത്തിലേക്ക് കടക്കുകയാണ്. ടെന്നീസ് ലോകം ഇന്ന് ഉറ്റുനോക്കുന്ന ഏറ്റവും ആകർഷകമായ മത്സരങ്ങളിൽ ഒന്ന് സെർബിയൻ ഇതിഹാസം നോവാക് ജോകോവിച്ചും കനേഡിയൻ താരം ഫെലിക്സ് ഓഷെ-അലിയാസിമും തമ്മിലുള്ളതാണ്.
കാർലോസ് അൽകാരസിന്റെ അസാന്നിധ്യത്തോടെ ജോകോവിച്ചിന് മികച്ച പ്രകടനത്തിലൂടെ മറ്റൊരു ഗ്രാൻഡ് സ്ലാം കൂടി സ്വന്തമാക്കാനുള്ള സുവർണ്ണാവസരമാണ് കൈവന്നിരിക്കുന്നത്. എങ്കിലും കാര്യങ്ങൾ അത്ര എളുപ്പമാകില്ല. വിംബിൾഡൺ ടൂർണമെന്റിൽ ഉടനീളം മൂന്നാം സീഡായ ഫെലിക്സ് മികച്ച ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.
സെന്റർ കോർട്ടിലെ മൂന്നാമത്തെ മത്സരമായാണ് ഇരുരവരും തമ്മിലുള്ള പോരാട്ടം ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 7:35ന് ശേഷമായിരിക്കും മത്സരം ആരംഭിക്കുക. ഇതിന് മുൻപ് ഇതേ കോർട്ടിൽ നടക്കുന്ന കൊക്കോ ഗൗഫ് - ജെസ്സിക്ക പെഗുല മത്സരമുണ്ട്. ഒപ്പം മുൻദിവസം സമയനിയന്ത്രണം കാരണം മാറ്റിവെച്ച അലക്സാണ്ടർ സ്വെരേവ് - ജിറി ലെഹെക്ക മത്സരത്തിന്റെ ഫലത്തെയും ആശ്രയിച്ചായിരിക്കും ജോകോവിച്ച് - ഫെലിക്സ് മത്സരത്തിന്റെ സമയം തീരുമാനിക്കുന്നത്.
പുൽക്കോർട്ടിൽ ഇരുവരും ആദ്യമായാണ് നേർക്കുനേർ വരുന്നത് എന്ന പ്രത്യേകത കൂടിയുണ്ട് ഇന്നത്തെ മത്സരത്തിന്. മുൻപ് നടന്ന ഔദ്യോഗിക ടൂർണമെന്റുകളിലെ ഇവരുടെ ഹെഡ്-ടു-ഹെഡ് റെക്കോർഡ് 1-1 എന്ന നിലയിലാണ്.
2022ലെ റോം ക്വാർട്ടർ ഫൈനലിൽ ക്ലേ കോർട്ടിൽ നടന്ന ആദ്യ ഔദ്യോഗിക മത്സരത്തിൽ ഫെലിക്സിനെ നേരിട്ടുള്ള സെറ്റുകൾക്ക് (7-5, 7-6) പരാജയപ്പെടുത്താൻ ജോകോവിച്ചിന് സാധിച്ചിരുന്നു. 2022ൽ തന്നെ ലാവർ കപ്പിൽ ഹാർഡ് കോർട്ടിൽ നടന്ന മത്സരത്തിൽ ഫെലിക്സ് ജോകോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് (6-3, 7-6) അട്ടിമറിക്കുകയും ചെയ്തു.
അതുകൊണ്ടുതന്നെ വിംബിൾഡണിലെ ഈ പോരാട്ടത്തിൽ ആര് ജയിക്കുമെന്നത് പ്രവചനാതീതമാണ്. ജോകോവിച്ചിന്റെ പുൽക്കോർട്ടിസെ പരിചയസമ്പത്തും, ഈ ടൂർണമെന്റിൽ നിലവിലെ ഫെലിക്സിന്റെ മികച്ച ഫോമും തമ്മിലുള്ള കടുത്തൊരു പോരാട്ടമായിരിക്കും ഇന്ന് സെന്റർ കോർട്ടിൽ ടെന്നീസ് ആരാധകർക്ക് കാണാനാകുക.











0 comments