ad
Deshabhimani

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ആശങ്ക; ക്രൂഡ് വില ഉയർന്നു

Crude Oil Price - AI Image

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on Jul 07, 2026, 04:29 PM | 1 min read

ദുബായ് : ഹോർമുസ് കടലിടുക്കിന് സമീപം കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണങ്ങൾ ഉണ്ടായതായുള്ള റിപ്പോർട്ടുകളെത്തുടർന്ന് ചൊവ്വാഴ്ച അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർധിച്ചു. സുപ്രധാന ഊർജ്ജ ഗതാഗത പാതയായ ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുമെന്ന ആശങ്കകൾ വീണ്ടും ശക്തമായതാണ് വിലക്കയറ്റത്തിന് കാരണമായത്.


ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ബ്രെന്റ് ക്രൂഡ് വില ബാരലിന് 1.24 ശതമാനം വർധിച്ച് 72.88 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില 1.04 ശതമാനം ഉയർന്ന് 69.26 ഡോളറായി. ‌‌

കുറച്ചുദിവസങ്ങളായി എണ്ണ ഉൽപ്പാദന രാജ്യങ്ങൾ തമ്മിലുള്ള മത്സരവും വിലക്കിഴിവുകളും കാരണം എണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. വിപണിയിൽ ഭൗമരാഷ്ട്രീയ പ്രതിസന്ധികളുടെ സ്വാധീനം വീണ്ടും തിരിച്ചു വന്നെങ്കിലും മുൻകാലങ്ങളിലെ കടുത്ത പ്രതിസന്ധികളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വലുതല്ല.


അമേരിക്ക ഭീഷണികൾ തുടരുകയാണെങ്കിൽ അന്തിമ ഉടമ്പടിക്കായുള്ള ചർച്ചകൾ നടക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ചൊവ്വാഴ്ച വ്യക്തമാക്കുകയുണ്ടായി. ഒരു കരാറിലെത്തിയില്ലെങ്കിൽ യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ പ്രതികരണം.


യുഎസും ഇറാനും തമ്മിലുള്ള ചർച്ചകളും അത് ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതത്തിൽ ഉണ്ടാക്കിയേക്കാവുന്ന സ്വാധീനത്തെയും നിക്ഷേപകർ അതീവ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധം ആരംഭിക്കുന്നതിന് മുൻപ് ലോകത്ത് പ്രതിദിനം വിതരണം ചെയ്യപ്പെടുന്ന എണ്ണയുടെയും എൽഎൻജിയുടെയും അഞ്ചിലൊന്ന് കടന്നുപോയിരുന്നത് ഈ സുപ്രധാന പാതയിലൂടെയായിരുന്നു. അതേസമയം ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടന്നിരുന്ന സൗദി അറേബ്യയിൽ നിന്നുള്ള എണ്ണ വഹിച്ചുകൊണ്ടുള്ള ജപ്പാന്റെ രണ്ട് സൂപ്പർടാങ്കറുകൾ ചൊവ്വാഴ്ചയോടെ അവിടെനിന്നും പുറത്തു കടന്നതായി ഷിപ്പിംഗ് ഡാറ്റ വ്യക്തമാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home