റെയിൽവേ സാങ്കേതിക വിഭാഗത്തിൽ 4,098 നിയമനങ്ങൾക്ക് അനുമതി; വിജ്ഞാപനം ജൂലൈ 21 ന്

ന്യൂഡൽഹി: രാജ്യത്തെ വിവിധ റെയിൽവേ സോണുകളിലായി 4,098 സാങ്കേതിക ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ റെയിൽവേ മന്ത്രാലയം അനുമതി നൽകി. റെയിൽവേയുടെ സുരക്ഷ ശക്തമാക്കുന്നതിനും പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനുമാണ് അടിയന്തര നടപടി.
ജൂനിയർ എഞ്ചിനീയർമാർ, ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ടുമാർ, കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസിസ്റ്റന്റുമാർ എന്നിവരുൾപ്പെടെ റെയിൽവേ സുരക്ഷയുമായി നേരിട്ട് ബന്ധമുള്ള 35 സാങ്കേതിക വിഭാഗങ്ങളിലാണ് ഒഴിവുകൾ നികത്തുക. ഇത് സംബന്ധിച്ച് റെയിൽവേ മന്ത്രാലയം എല്ലാ സോണൽ ജനറൽ മാനേജർമാർക്കും ഔദ്യോഗിക നിർദ്ദേശം നൽകി.
2026 ജൂലൈ 21 മുതൽ നോഡൽ ആർ ആർ ബികൾ സെൻട്രലൈസ്ഡ് എംപ്ലോയ്‌മെന്റ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു തുടങ്ങും. ഏറ്റവും കൂടുതൽ ഒഴിവുകളുള്ളത് പെർമനന്റ് വേ വിഭാഗത്തിലാണ് — 845 ഒഴിവുകൾ. തൊട്ടുപിന്നാലെ വർക്സ് വിഭാഗത്തിൽ 470 ഒഴിവുകളും, കാര്യേജ് ആൻഡ് വാഗൺ വിഭാഗത്തിൽ 450 ഒഴിവുകളുമുണ്ട്. ഇവ കൂടാതെ സുരക്ഷാ വിഭാഗത്തിൽ 197 ജൂനിയർ എഞ്ചിനീയർ (സിഗ്നൽ) തസ്തികകളിലേക്കും, 79 ജൂനിയർ എഞ്ചിനീയർ (ടെലികമ്മ്യൂണിക്കേഷൻ) തസ്തികകളിലേക്കും നിയമനം നടക്കും.
ഈ 4,098 തസ്തികകൾക്ക് പുറമെ 6,565 ടെക്നീഷ്യൻ തസ്തികകളിലേക്കുള്ള വിജ്ഞാപനം റെയിൽവേ മന്ത്രാലയം നേരത്തെ തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിൽ സിഗ്നൽ ടെക്നീഷ്യൻ ഗ്രേഡ്-I വിഭാഗത്തിൽ 323 ഒഴിവുകളും, ടെക്നീഷ്യൻ ഗ്രേഡ്-III വിഭാഗത്തിൽ 6,242 ഒഴിവുകളുമാണ് ഉൾപ്പെടുന്നത്.
സുരക്ഷാ വിഭാഗങ്ങളിലെ ഒഴിവുകൾ നികത്താനുള്ള തീരുമാനത്തെ വിവിധ റെയിൽവേ യൂണിയനുകൾ സ്വാഗതം ചെയ്തു. ഈ നടപടി നിലവിലുള്ള ജീവനക്കാരുടെ അമിത ജോലിഭാരം കുറയ്ക്കുമെന്നും ദശലക്ഷക്കണക്കിന് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇത് സഹായിക്കുമെന്നും ഓൾ ഇന്ത്യ റെയിൽവേമെൻസ് ഫെഡറേഷൻ പ്രതികരിച്ചു. റെയിൽവേയിലെ സിഗ്നൽ ആൻഡ് ടെലികോം ജീവനക്കാർ രാജ്യവ്യാപകമായി നടത്തിയ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ഈ റിക്രൂട്ട്‌മെന്റ് നടപടികൾക്ക് വേഗതയേറിയതെന്ന് ഇന്ത്യൻ റെയിൽവേ എസ് ആൻഡ് ടി മെയിന്റനേഴ്‌സ് യൂണിയൻ അവകാശപ്പെട്ടു.










0 comments