ലിഫ്റ്റ് ചോദിച്ച് കയറി, കവർന്നത് 20,000 രൂപ; രക്ഷപ്പെടാൻ ശ്രമിച്ച പൊലീസുകാരനെ പിന്തുടർന്ന് പിടികൂടി ട്രക്ക് ഡ്രൈവർ

പൊലീസുകാരനെ പിടികൂടി ട്രക്ക് ഡ്രൈവർ
ലഖ്നൗ: ലിഫ്റ്റ് ചോദിച്ച് ട്രക്കിൽ കയറിക്കൂടിയ ശേഷം ക്യാബിനിൽ സൂക്ഷിച്ചിരുന്ന 20,000 രൂപ കവർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പൊലീസുകാരനെ പിന്തുടർന്ന് പിടികൂടി ട്രക്ക് ഡ്രൈവർ. ഉത്തർപ്രദേശിലെ ഹമീർപൂരിലാണ് സംഭവം. ഹമീർപൂരിൽ കോടതി സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗിരീഷ് മിശ്ര എന്ന സബ് ഇൻസ്പെക്ടറാണ് യൂണിഫോമിൽ മോഷണം നടത്തിയത്. പൊലീസുകാരനെ പിടികൂടുകയും ഇയാളിൽ നിന്ന് മോഷ്ടിച്ച പണം കണ്ടെത്തുന്ന ട്രക്ക് ഡ്രൈവറുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഘാട്ടമ്പൂരിൽ നിന്ന് മെറ്റൽ കയറ്റി ഹമീർപൂരിലേക്ക് മടങ്ങുകയായിരുന്ന മനീഷ് എന്ന ട്രക്ക് ഡ്രൈവറോടാണ് പൊലീസുകാരൻ ലിഫ്റ്റ് ചോദിച്ചത്. യൂണിഫോമിലുള്ള പൊലീസുകാരനായതിനാൽ മടി കൂടാതെ വണ്ടിയിൽ കയറ്റുകയായിരുന്നുവെന്ന് ഡ്രൈവർ പറയുന്നു. യാത്രയ്ക്കിടെ ഡ്രൈവറുടെ ശ്രദ്ധ മാറിയത് കണ്ട് കാബിനിൽ ഇരുന്ന പണം എടുത്ത് യൂണിഫോമിനുള്ളിൽ ഒളിപ്പിച്ചു. ഇതിനിടെ പണം നഷ്ടപ്പെട്ടത് അറിഞ്ഞ് ഡ്രൈവർ പൊലീസുകാരനോട് ചോദിച്ചു. എന്നാൽ ഇതിന് മറുപടി പറയാതെ എസ്ഐ ടോൾ പ്ലാസയിൽ ഇറങ്ങി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
സമീപത്തുണ്ടായിരുന്ന വാനിൽ കയറി രക്ഷപ്പെടാനും ശ്രമം നടത്തി. ഇതോടെ മനീഷ് ഈ വാനിനെ പിന്തുടർന്നു. 35 കിലോമീറ്ററോശം നീണ്ട ചേസിങ്ങിൽ ആണ് പൊലീസുകാരനെ പിടികൂടാനായതെന്ന് മനീഷ് പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ പൊലീസുകാരന്റെ യൂണിഫോമിനുള്ളിൽ നിന്ന് നഷ്ടപ്പെട്ട 20,000 രൂപ കണ്ടെത്തുകയും ചെയ്തു. പണം കണ്ടെടുത്തതോടെ ഡ്രൈവർ നാട്ടുകാരുടെ മുന്നിൽ വച്ച് എസ്ഐയെ കോളറിൽ പിടിച്ച് നിരവധി തവണ മുഖത്തടിച്ചു.
പ്രദേശവാസികൾ ഇടപെട്ടാണ് ഡ്രൈവറെ ശാന്തനാക്കിയത്. തുടർന്ന് വിവരം ഉടൻ തന്നെ യുപി പൊലീസിന്റെ എമർജൻസി വിഭാഗത്തെ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് സംഘം എസ്ഐയെ കസ്റ്റഡിയിലെടുത്ത് കോട്വാലി സ്റ്റേഷനിലേക്ക് മാറ്റി. ട്രക്ക് ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തിൽ എസ്ഐക്കെതിരെ കേസെടുത്തു. എസ്ഐയെ സർവീസിൽ നിന്ന് ഉടനടി സസ്‌പെൻഡ് ചെയ്തെന്നും വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായും പൊലീസ് അറിയിച്ചു.










0 comments