അയോധ്യ ക്ഷേത്രക്കൊള്ള; ഭക്തരുടെ കാണിക്ക കൊണ്ട് കാമുകിക്ക് ഐഫോണും ആഢംബര ജീവിതവും

അയോധ്യ രാമക്ഷേത്രം (Photo: ANI), പ്രതി അവിനാശ് ശുക്ല (Photo: PTI)
ലഖ്നൗ: അയോധ്യ ക്ഷേത്രക്കൊള്ളയിൽ കുറ്റാരോപിതരായ എട്ട് കൗണ്ടിങ് സ്റ്റാഫുകളിൽ ഒരാളായ അവിനാശ് ശുക്ലയുടെ മൊഴി പുറത്ത്. ഭക്തരുടെ കാണിക്ക പണം കാമുകിക്ക് ഐഫോൺ വാങ്ങുന്നതിനും തന്റെ ആഢംബര ജീവിതത്തിനുമായി ഉപയോഗിച്ചതായാണ് മൊഴിയിൽ പറയുന്നത്.
അവിനാശ് ശുക്ല മാത്രം ഏകദേശം 20 ലക്ഷം രൂപ കൈക്കലാക്കിയതായാണ് പൊലീസ് രേഖകളിൽ പറയുന്നത്. എന്നാൽ കാണിക്ക മോഷണത്തിൽ സംശയിക്കപ്പെടുന്നവരിൽ ഏറ്റവും കൂടുതൽ തുക മോഷ്ടിച്ചത് അവിനാശ് ശുക്ലയെന്നാണ് വിവരം. മോഷ്ടിച്ച കാണിക്കയിൽ നിന്ന് ഏകദേശം 19 ലക്ഷം രൂപ താൻ പല കാര്യങ്ങൾക്കായി ചെലവഴിച്ചതായി പ്രതി സമ്മതിച്ചു. സ്വന്തം സഹോദരന്റെ ആഡംബര വിവാഹത്തിനായി 6 ലക്ഷം രൂപയും മറ്റൊരു സഹോദരന് 5 മുതൽ 6 ലക്ഷം രൂപയും ഇയാൾ നൽകി.
ഇതിനുപുറമെ, തന്റെ കാമുകിക്ക് വിലകൂടിയ ഐഫോൺ സമ്മാനമായി നൽകുകയും യുവതിയുടെ അക്കൗണ്ടിലേക്ക് 2.5 ലക്ഷം രൂപ കൈമാറിയതായും പ്രതി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ, സാമ്പത്തിക ഇടപാടുകൾ, ഇതുമായി ബന്ധപ്പെട്ട മറ്റ് ആസ്തികൾ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണ ഉദ്യോഗസ്ഥർ ഇപ്പോൾ വിശദമായ പരിശോധന നടത്തിവരികയാണ്.











0 comments