സിസിടിവി ദൃശ്യങ്ങൾ 120 ദിവസം സൂക്ഷിക്കൽ നിർബന്ധം; സുരക്ഷാ ചട്ടങ്ങൾ കർശനമാക്കി കുവൈത്ത്

കുവൈത്ത് സിറ്റി: രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ 120 ദിവസത്തേക്ക് സുരക്ഷിതമായി സൂക്ഷിക്കുന്നത് നിർബന്ധമാക്കി കുവൈത്ത്. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ സുരക്ഷാ ചട്ടങ്ങളിലാണ് നിർദേശം. പുതിയ വ്യവസ്ഥ പ്രകാരം സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ, താമസ സമുച്ചയങ്ങൾ എന്നിവിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങൾ 120 ദിവസത്തേക്ക് സുരക്ഷിതമായി സംരക്ഷിക്കണം. അന്വേഷണത്തിന്റെയോ നിയമനടപടികളുടെയോ ഭാഗമായി ആവശ്യപ്പെട്ടാൽ ബന്ധപ്പെട്ട അന്വേഷണ ഏജൻസികൾക്ക് ദൃശ്യങ്ങൾ കൈമാറേണ്ടതും നിർബന്ധമാണ്.
കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്വേഷണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും തെളിവുകൾ സംരക്ഷിക്കുന്നതിനുമാണ് പുതിയ വ്യവസ്ഥകൾ നടപ്പാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ഓൺലൈൻ ടാക്സി, റൈഡ്-ഹെയിലിംഗ് സേവനങ്ങൾ നടത്തുന്ന വാഹനങ്ങളിൽ നിരീക്ഷണ ക്യാമറകൾ നിർബന്ധമാക്കിയ ചട്ടവും പ്രാബല്യത്തിലുണ്ട്. ഇത്തരം വാഹനങ്ങളിലെ ദൃശ്യങ്ങളും കുറഞ്ഞത് 120 ദിവസത്തേക്ക് സൂക്ഷിക്കണം. ആവശ്യമായാൽ യാത്രാ വിവരങ്ങളും വീഡിയോ ദൃശ്യങ്ങളും ബന്ധപ്പെട്ട അന്വേഷണ ഏജൻസികൾക്ക് കൈമാറണമെന്നും ചട്ടത്തിൽ വ്യക്തമാക്കുന്നു. പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കുന്നതിനായി പരിശോധനകൾ ശക്തമാക്കുമെന്നും വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.










0 comments