സ്വന്തം ഡയറി വില്ലനായി; 300 കോടിയുടെ അനധികൃത സ്വത്ത് സമ്പാദന കേസിൽ തെലങ്കാന ഡിഎസ്പി പിടിയിൽ

സങ്കീറെഡ്ഡി ഭീം
ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദന കേസിൽ തെലങ്കാന ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡിഎസ്പി) സങ്കീറെഡ്ഡി ഭീം റെഡ്ഡി പിടിയിൽ. 300 കോടിയുടെ സ്വത്ത് ഇയാൾ സമ്പാദിച്ചതായുള്ള കണ്ടെത്തലിനെ തുടർന്നാണ് ഡിഎസ്പിയെ അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തത്. നിലവിൽ ഇയാൾ ഹൈദരാബാദിലെ പൊലീസ് കമ്പ്യൂട്ടർ സർവീസസിൽ ജോലി ചെയ്തു വരികയാണ്. തിങ്കളാഴ്ച രാത്രിയോടെയാണ് ഡിഎസ്പിയെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് അറസ്റ്റ് ചെയ്തത്.
ജൂലൈ രണ്ടിന് ഡിഎസ്പിയുടെ വസതിയിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബിനാമികളുടെയും വീടുകൾ ഉൾപ്പടെ തെലങ്കാനയിലെയും കർണാടകയിലെയും 16 സ്ഥലങ്ങളിൽ എസിബി പരിശോധന നടത്തിയിരുന്നു. ഭീം റെഡ്ഡി സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു ഡയറിയാണ് അന്വേഷണത്തിന് വഴിത്തിരിവായത്. സർവീസ് കാലയളവിൽ അഴിമതിയിലൂടെയും വഴിവിട്ട മാർഗങ്ങളിലൂടെയും ഇദ്ദേഹം സ്വത്ത് സമ്പാദിച്ച സ്വത്തു വിവരങ്ങൾ ഭീം റെഡ്ഡി തന്റെ ഡയറിയിൽ കുറിച്ചിരുന്നു.
തന്റെ സ്വത്തുക്കൾ, നിക്ഷേപങ്ങൾ, കടബാധ്യതകൾ, ബിനാമികളുടെ പേരുകൾ എന്നിവയാണ് ഡയറിയിൽ കുറിച്ചിരുന്നത്. കൂടാതെ ഡയറിയുടെ സ്‌കാൻ ചെയ്ത പകർപ്പുകൾ വാട്‌സ്ആപ്പ് വഴി തന്റെ രണ്ട് മക്കൾക്കും ഇദ്ദേഹം അയച്ചു കൊടുത്തിരുന്നു. ഹൈദരാബാദിലെ വിവിധ ഇടങ്ങളിലായി വില്ലകൾ, വീടുകൾ, ഫ്ലാറ്റുകൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവ ഇയാൾ സ്വന്തമാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തി. തെലങ്കാനയിലും കർണാടകയിലുമായി 44 ഏക്കറിലധികം കൃഷിഭൂമി ഇദ്ദേഹത്തിനുണ്ട്.
പരിശോധനയിൽ രണ്ട് കിലോ സ്വർണാഭരണങ്ങളും 20 കിലോ വെള്ളിയും കണ്ടെടുത്തു. ഇദ്ദേഹത്തിന്റെ വസതിയിൽനിന്ന് 3.60 ലക്ഷം രൂപയും ബിനാമിയുടെ വീട്ടിൽനിന്ന് 40 ലക്ഷം രൂപയും പിടിച്ചെടുത്തു. ബാങ്ക് അക്കൗണ്ടുകളിലായി ഏകദേശം 19.91 ലക്ഷം രൂപയുടെ ബാലൻസും കണ്ടെത്തിയിട്ടുണ്ട്. ശ്രീ രാഘവേന്ദ്ര റോക്ക് സാൻഡ് മിനറൽസ് എന്ന സ്ഥാപനത്തിൽ 75 ലക്ഷം രൂപയുടെ നിക്ഷേപവും കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് അധികൃതർ അറിയിച്ചു.










0 comments