വഴങ്ങിയില്ലെങ്കിൽ ഒറ്റയടിക്ക് തീർക്കുമെന്ന് ട്രംപ്; ഭീഷണിയുടെ ഭാഷ പരിചയമില്ലെന്ന് ഇറാൻ

പ്രതീകാത്മക എഐ ചിത്രം
വാഷിംഗ്ടൺ : പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന താൽക്കാലിക സമാധാന അന്തരീക്ഷത്തെ വീണ്ടും കടുത്ത ആശങ്കയിലാഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ ഭീഷണി. "ഒന്നെങ്കിൽ ചർച്ചകളിലൂടെ അന്തിമ ഉടമ്പടി, അല്ലെങ്കിൽ കടുത്ത സൈനിക നീക്കത്തിലൂടെ ഞങ്ങൾ ജോലി പൂർത്തിയാക്കും" എന്ന ട്രംപിന്റെ വാക്കുകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രതിസന്ധി എത്രത്തോളം രൂക്ഷമാണെന്ന് വ്യക്തമാക്കുന്നതാണ്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമ്നേയിയുടെ വൻ ജനപങ്കാളിത്തത്തോടെയുള്ള വിലാപയാത്രയ്ക്ക് തൊട്ടുപിന്നാലെയാണ് യുഎസ് പ്രസിഡന്റിന്റെ പ്രതികരണം.
ഒരു അന്തിമ സമാധാന കരാറിലെത്താൻ സാധിച്ചില്ലെങ്കിൽ ഇറാന്റെ പാലങ്ങളും പ്രധാന ഊർജ്ജ നിലയങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരൊറ്റ ഉച്ചകൊണ്ട് തകർക്കാൻ യുഎസിന് സാധിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാൻ നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഉപരോധങ്ങളും മുൻപുണ്ടായ സൈനിക നീക്കങ്ങളും അവരുടെ സാമ്പത്തിക ശേഷിയെ തളർത്തിയെന്നും ട്രംപ് ചൂണ്ടിക്കാണിച്ചു. എങ്കിലും സൈനിക നടപടിയേക്കാൾ ഒരു അന്തിമ കരാറിലെത്താനാണ് താൻ ആഗ്രഹിക്കുന്നത്. ഇറാന്റെ 91 ദശലക്ഷം വരുന്ന സാധാരണ ജനങ്ങളെ ബാധിക്കാതിരിക്കാനാണ് ഈ താല്പര്യമെങ്കിലും അവിടുത്തെ ഭരണകൂടത്തെ ആണവായുധങ്ങൾ സ്വന്തമാക്കാൻ യുഎസ് അനുവദിക്കില്ലെന്നും അവരുടെ സമ്പുഷ്ടീകരിച്ച ആണവ സാമഗ്രികൾ പൂർണമായും യുഎസിന് കൈമാറേണ്ടി വരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാനിൽ ഒരു ഭരണമാറ്റം താൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ പുതിയ നേതൃത്വത്തിൽ നിന്നും കൂടുതൽ വിവേകപൂർണമായ സമീപനമാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.
ഫെബ്രുവരി 28ന് യുഎസ്-ഇസ്രയേൽ സഖ്യം ഇറാനെതിരെ നടത്തിയ വ്യോമാക്രമണങ്ങളെ തുടർന്നാണ് പശ്ചിമേഷ്യയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് നയതന്ത്ര ചർച്ചകൾക്കായി 60 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. ഇറാന്റെ ആണവവൽക്കരണം തടയുന്നതിനുള്ള കർശന ഉപാധികൾ ഉൾപ്പെടുത്തിയുള്ള ഒരു കരാറിലെത്താനാണ് യുഎസ് ഇതിലൂടെ ശ്രമിച്ചത്. താൽക്കാലിക വെടിനിർത്തൽ കാലാവധി അവസാനിക്കാറായിട്ടും കഴിഞ്ഞയാഴ്ച നടന്ന പരോക്ഷ ചർച്ചകൾ യാതൊരുവിധ പുരോഗതിയും ഇല്ലാതെയാണ് അവസാനിച്ചത്. ആണവ സമ്പുഷ്ടീകരണം പൂർണമായി ഉപേക്ഷിക്കണമെന്ന യുഎസ് ആവശ്യപ്പെട്ടെങ്കിലും തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് ഇറാൻ.
ട്രംപിന്റെ ഈ ഭീഷണികൾ ഭ്രാന്തൻ ചിന്തകൾ ആണെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മുഹമ്മദ് ബഖേർ സോൽഖാദർ പ്രതികരിച്ചു. ഭീഷണിയുടെ ഭാഷ ഇറാൻ ജനതയ്ക്ക് പരിചയമില്ലാത്തതാണെന്നും ബഹുമാനത്തോടെ സംസാരിച്ചില്ലെങ്കിൽ മറ്റൊരു ഭാഷയിൽ യുഎസിന് മറുപടി നൽകേണ്ടി വരുമെന്നും ഇറാൻ ഔദ്യോഗികമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ ശക്തമായ വ്യോമാക്രമണങ്ങൾ ഇറാനെ തളർത്തിയിട്ടില്ലെന്നും മറിച്ച് ജനങ്ങളെ ഒന്നിപ്പിക്കുകയാണ് ചെയ്തതെന്നുമാണ് ഇറാന്റെ വിലയിരുത്തൽ. യുദ്ധത്തിൽ കനത്ത നഷ്ടങ്ങൾ നേരിട്ടിട്ടും തങ്ങൾ ദുർബലരായിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് ഇറാൻ. സ്വന്തം നിലയിൽ തിരിച്ചുവരുമെന്നുള്ള ദൃഢനിശ്ചയത്തിലാണ് ഇറാനെന്ന് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ വാരാന്ത്യത്തിൽ നടന്ന ആയത്തുള്ള അലി ഖമ്നേയിയുടെ വിലാപയാത്ര. ലോകത്തിലെ എണ്ണ, എൽഎൻജി വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയെ ഈ തർക്കങ്ങൾ എങ്ങനെ ബാധിക്കുമെന്നാണ് അന്താരാഷ്ട്ര വിപണിയും നിക്ഷേപകരും ഇപ്പോൾ അതീവ ഉത്കണ്ഠയോടെ നിരീക്ഷിക്കുന്നത്.











0 comments