ad
Deshabhimani

ഉദ്യോഗാര്‍ത്ഥികളുടെ വിശ്വാസവും പ്രതീക്ഷകളും കാത്തുസൂക്ഷിക്കും: പിഎസ്‍സി

psc
വെബ് ഡെസ്ക്

Published on Jul 07, 2026, 04:47 PM | 1 min read

തിരുവനന്തപുരം: സ്വതന്ത്രവും സുതാര്യവും ഭരണഘടനയില്‍ അധിഷ്ഠിതവുമായ മാര്‍ഗ നിര്‍ദ്ദേശങ്ങളും കാലാകാലങ്ങളില്‍ സ്വീകരിച്ചിട്ടുള്ള കീഴ്‍വഴക്കങ്ങളും അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കേരള പബ്ലിക് സര്‍വീസ് കമീഷന്‍. കമീഷന്‍റെ പാരമ്പര്യത്തിനും വിശ്വാസ്യതയ്ക്കും യശസ്സിനും നേരിയൊരു പോറല്‍ പോലും ഏല്‍ക്കാതിരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും പിഎസ്‍സി വാർത്താക്കുറിപ്പിൽ പറഞ്ഞു.


ആയിരക്കണക്കിന് തസ്തികയിലേയ്ക്കുള്ള നിയമന പ്രക്രിയകള്‍ നടക്കുമ്പോള്‍ അത്യപൂര്‍വ്വമായി ഉണ്ടാകുന്ന പിശകുകള്‍ കണ്ടെത്തിയാല്‍ ഏതറ്റം വരെയും പോയി അവ തിരുത്തി കൃത്യവും ശാശ്വതവുമായി പരിഹരിച്ച് നിയമന പ്രക്രിയയെ ഭദ്രമാക്കുക എന്നതാണ് കമീഷന്‍ അനുവര്‍ത്തിക്കുന്ന രീതി. ഇത്തരം പിശകുകളെ പര്‍വ്വതീകരിക്കുന്ന രീതിയില്‍ നിന്ന് മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണം.


തെരഞ്ഞെടുപ്പ് പ്രക്രിയയിലെ വിവിധ ഘട്ടങ്ങളില്‍ അനുവര്‍ത്തിക്കേണ്ട രഹസ്യാത്മകത കാരണം, ഉയര്‍ന്നുവരുന്ന ആരോപണങ്ങളോടുള്ള പ്രതികരണങ്ങള്‍ക്ക് കമീഷന് പരിമിതിയുണ്ട്. ലക്ഷക്കണക്കിന് വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ പിഎസ്‍സിയില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിനും പ്രതീക്ഷകള്‍ക്കും ഒരു കോട്ടവും തട്ടാതെ കാത്തുസൂക്ഷിക്കും. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം രൂപം കൊള്ളുന്ന ഏത് തീരുമാനവും ഏകകണ്ഠവും ഭരണഘടനയില്‍ അധിഷ്ഠിതവുമാണ്. അതുകൊണ്ടു തന്നെ കമീഷന്‍ യോഗത്തില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി എന്ന പ്രചരണം അവാസ്തവമാണ്.


പിഎസ്‍സിക്കെതിരെ പല തരത്തിലുള്ള പ്രചാരവേലകള്‍ നടക്കുമ്പോഴും കമീഷനും ജീവനക്കാരും അനുനിമിഷം ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനായുള്ള സ്വതന്ത്രവും നീതിയുക്തവുമായ നടപടികളില്‍ വ്യാപൃതമായിരിക്കുകയാണ്. പിഎസ്‍സിക്കെതിരായ അസത്യങ്ങളെ കൂട്ടുപിടിച്ച് നടത്തുന്ന പ്രചാരങ്ങള്‍ ഖേദകരമാണെന്നും കുറിപ്പിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home