'ഓടുന്നതിനിടെ ചെളി വന്ന് മൂടിയപ്പോൾ വീണു, ലോറിയുടെ അടിയിൽപ്പെട്ടു' : മണ്ണിടിച്ചിലില്‍ അത്ഭുതകരമായി രക്ഷപെട്ട് ദമ്പതികൾ

മേപ്പാടി : വയനാട് മേപ്പാടി കള്ളാടിയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു. വെള്ളവും മണ്ണും ഇടിഞ്ഞ് താഴേക്ക് വരുന്നതിന്റെയും ടാങ്കർ ലോറി അടക്കമുള്ള വാഹനങ്ങൾ ഒലിച്ചുപോകുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. ഏഴ് പേരെ അപകടത്തിൽ കാണാതായതായാണ് വിവരം.
വലിയ ശബ്ദമൊന്നും കേട്ടില്ലെന്നും പെട്ടെന്ന് മണ്ണിടിഞ്ഞ് വരികയായിരുന്നുവെന്നും മണ്ണിടിച്ചിലിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട തോട്ടം തൊഴിലാളികളായ ദമ്പതികൾ പറഞ്ഞു. മീനാക്ഷി എസ്റ്റേറ്റിലെ തൊഴിലാളികളായ ദമ്പതികൾ മേപ്പാടിയിലേക്ക് പോകാനായാണ് ബസ് സ്റ്റോപ്പിലെത്തിയത്. ഇവർ നിൽക്കുന്നതിനിടെ പെട്ടെന്ന് മുകളിൽ നിന്ന് മണ്ണ് ഒലിച്ചുവരികയായിരുന്നു. 'മണ്ണ് ഒലിച്ചുവരുന്നത് കണ്ട് പെട്ടെന്ന് ഓടി. കണ്ടതുകൊണ്ട് ഓടിയതോടെയാണ് രക്ഷപെടാൻ സാധിച്ചത്. എങ്കിലും വീണു. ശക്തമായ മണ്ണിടിച്ചിൽ ഒഴുകിവന്ന ലോറിയുടെ അടിയിലേക്ക് വീഴുകയായിരുന്നു. ചെളിയിലും മണ്ണിലും പുതഞ്ഞുപോയി. ശരീരത്തിൽ പരിക്കുകൾ പറ്റിയെങ്കിലും ഭാഗ്യം കൊണ്ട് രക്ഷപെട്ടു'- ദമ്പതികൾ പറയുന്നു. പ്രദേശത്ത് ആരൊക്കെയുണ്ടായിരുന്നെന്ന് അറിയില്ലെന്നും ഇവർ പറഞ്ഞു.
ടാങ്കർ ലോറി അടക്കം മണ്ണിനും ചെളിക്കുമൊപ്പം ഒലിച്ചു വരുന്നതും ഓടിരക്ഷപെടുന്ന ആളുകളെയും ദൃശ്യങ്ങളിൽ കാണാം. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് കള്ളാടി മീനാക്ഷി പാലത്തിനടുത്താണ് മണ്ണിടിച്ചിലുണ്ടായത്. അപകടത്തിൽ നാലുപേർ മരിച്ചു. ഏഴു പേരെ കാണാതായി. മണ്ണിടിച്ചിൽ പ്രദേശത്തുള്ള വീടുകളിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങി. ചുളിക്ക ഗവ. എൽപി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നുണ്ട്.
മേപ്പാടിയില്‍ നിർമാണം നടക്കുന്ന ഭാഗത്തിന് സമീപത്തെ മണ്ണെടുത്ത പ്രദേശത്തുനിന്ന് വലിയ തോതിൽ മണ്ണ് റോഡിലേക്ക് പതിക്കുകയായിരുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് വാഹനങ്ങൾ കുടുങ്ങുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. എൻഡിആർഎഫ്, പൊലീസ്, ഫയർഫോഴ്‌സ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. പ്രദേശത്ത് മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം വെല്ലുവിളിയേറിയ സാഹചര്യത്തിലാണ് നടക്കുന്നത്.











0 comments