നാല് ദിവസത്തെ മുന്നേറ്റത്തിന് വിരാമം; സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ

പ്രതീകാത്മക ചിത്രം
മുംബൈ : നാല് ദിവസമായി തുടർച്ചയായി നേട്ടത്തിലായിരുന്ന ഇന്ത്യൻ ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. രാവിലത്തെ വ്യാപാരത്തിൽ നേടിയ മുന്നേറ്റം നിലനിർത്താൻ വിപണിക്കായില്ല. എൻഎസ്ഇ നിഫ്റ്റി 50 സൂചിക 31.65 പോയിന്റ് അഥവാ 0.13 ശതമാനം ഇടിഞ്ഞ് 24,398.70 എന്ന നിലയിലും, ബിഎസ്ഇ സെൻസെക്സ് 104.35 പോയിന്റ് അഥവാ 0.13 ശതമാനം താഴ്ന്ന് 78,180.72 എന്ന നിരക്കിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഹോർമുസ് കടലിടുക്കിൽ ഒരു കപ്പലിന് നേരെ ആക്രമണം ഉണ്ടായെന്ന റിപ്പോർട്ടുകൾ സുരക്ഷാ ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നുവെന്ന് അടിവരയിടുന്നു. ഇതേത്തുടർന്ന് ആഗോള എണ്ണ വിപണി ഇപ്പോഴും നിക്ഷേപകരുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ്.
ഇന്ത്യൻ വിപണിയിൽ ഇന്ന് മുൻനിര ഓഹരികൾക്ക് പുറമെ മിഡ്കാപ്പ്, സ്മോൾകാപ്പ് വിഭാഗങ്ങളിലും വിൽപന സമ്മർദ്ദം ശക്തമായിരുന്നു. നിഫ്റ്റി മിഡ്കാപ്പ് 100 സൂചിക 0.30 ശതമാനം ഇടിവോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി സ്മോൾകാപ്പ് 100 സൂചിക താരതമ്യേന വലിയ ഇടിവ് രേഖപ്പെടുത്തി 0.55 ശതമാനം താഴേക്ക് പോയി.
ഇന്ത്യൻ ഓഹരി വിപണിയിലുണ്ടായ ഇന്നത്തെ തിരുത്തൽ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ ആകെ വിപണി മൂല്യത്തിൽ വലിയ ഇടിവാണ് വരുത്തിയത്. ഒറ്റ ദിവസം കൊണ്ട് നിക്ഷേപകർക്ക് 2 ലക്ഷം കോടിയിലധികം രൂപയുടെ നഷ്ടമാണുണ്ടായത്. കഴിഞ്ഞ ട്രേഡിംഗ് സെഷനിൽ 482.3 ലക്ഷം കോടി രൂപയായിരുന്ന ബിഎസ്ഇ ലിസ്റ്റഡ് കമ്പനികളുടെ ആകെ വിപണി മൂല്യം ഇന്നത്തെ വ്യാപാരം അവസാനിച്ചപ്പോൾ 480 ലക്ഷം കോടി രൂപയ്ക്ക് താഴേക്ക് പതിച്ചു. ഈ പെട്ടെന്നുള്ള ഇടിവിലൂടെ 2 ലക്ഷം കോടിയിലധികം രൂപയാണ് നിക്ഷേപകർക്ക് ഒരൊറ്റ സെഷൻ കൊണ്ട് നഷ്ടമായത്.
ഹോർമുസ് കടലിടുക്കിലെ കപ്പൽ ആക്രമണ വാർത്ത ആഗോളതലത്തിൽ എണ്ണവില വർധിക്കാൻ കാരണമായത് ആഭ്യന്തര വിപണിയിലെ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ കാര്യമായി ബാധിച്ചു. ഇതിനെത്തുടർന്നുണ്ടായ ലാഭമെടുപ്പാണ് ഇന്ത്യൻ വിപണിയെ നഷ്ടത്തിലേക്ക് നയിച്ചത്.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാന്റെ ഭാഗത്തുനിന്നും ആക്രമണമുണ്ടായെന്ന റിപോർട്ടുകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില പെട്ടെന്ന് ഉയർന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 3.30 ഓടെ ബ്രെന്റ് ക്രൂഡ് സൂചിക 1 ശതമാനത്തിലധികം വർൃധിച്ച് ബാരലിന് 73 ഡോളറിനടുത്തേക്ക് എത്തി. യു
ദ്ധാനന്തര സാഹചര്യങ്ങളിൽ എണ്ണ വിതരണം സാധാരണ നിലയിലാക്കാൻ ഗൾഫ് രാജ്യങ്ങൾ മത്സരിക്കുന്നതിനിടയിലും ഹോർമുസിലെ സുരക്ഷാ ഭീഷണികൾ പൂർണമായി ഒഴിഞ്ഞിട്ടില്ലെന്ന് പുതിയ നീക്കങ്ങൾ വിപണിയെ ഓർമ്മിപ്പിക്കുന്നു. ഇതേത്തുടർന്ന് വിപണിയിലുണ്ടായ ഭൗമരാഷ്ട്രീയ ആശങ്കകളാണ് എണ്ണവിലയിൽ പെട്ടെന്നുള്ള ഈ വർധനവിന് കാരണമായത്.











0 comments