ad
Deshabhimani

"ഇത് പണത്തിന്റെ മാത്രം പ്രശ്നമല്ല, മറിച്ച് ആദരവിന്റെ വിഷയമാണ്"; ഗ്രാൻഡ്‌സ്ലാം അധികൃതർക്കെതിരെ ജാന്നിക് സിന്നർ

sinner

Photo Credit: Getty Images

വെബ് ഡെസ്ക്

Published on May 07, 2026, 09:40 PM | 1 min read

റോം: സമ്മാനത്തുകയെച്ചൊല്ലിയുള്ള തർക്കങ്ങൾ പരിഹരിച്ചില്ലെങ്കിൽ ഗ്രാൻഡ്‌സ്ലാം ടൂർണമെന്റുകൾ ബഹിഷ്കരിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് ലോക ഒന്നാം നമ്പർ താരം ജാന്നിക് സിന്നർ.


കളിക്കാർക്ക് അർഹിക്കുന്ന പരിഗണനയോ ബഹുമാനമോ ടൂർണമെന്റ് അധികൃതരിൽ നിന്ന് ലഭിക്കുന്നില്ലെന്ന് ഇറ്റാലിയൻ ഓപ്പണിന് മുന്നോടിയായി സിന്നർ തുറന്നടിച്ചു.


താരങ്ങൾ എന്നെങ്കിലും ഒരിക്കൽ പ്രധാന ടൂർണമെന്റുകൾ ബഹിഷ്കരിക്കുമെന്ന് കഴിഞ്ഞ ദിവസം ലോക ഒന്നാം നമ്പർ താരം അരീന സബലേങ്ക വ്യക്തമാക്കിയതിന് പിന്നാലെയാണ് സിന്നറുടെ ഈ പ്രതികരണം.


ലോകത്തെ മുൻനിരക്കാരായ പത്ത് പുരുഷ-വനിതാ താരങ്ങൾ ഒപ്പിട്ട കത്ത് അധികൃതർക്ക് നൽകി ഒരു വർഷം പിന്നിട്ടിട്ടും കൃത്യമായ മറുപടി ലഭിക്കാത്തതിൽ സിന്നർ അതൃപ്തി രേഖപ്പെടുത്തി.


"ഇത് പണത്തിന്റെ മാത്രം പ്രശ്നമല്ല, മറിച്ച് ആദരവിന്റെ വിഷയമാണ്. മറ്റ് കായിക ഇനങ്ങളിലെ മുൻനിര താരങ്ങൾ ഇത്തരമൊരു കത്ത് നൽകിയാൽ 48 മണിക്കൂറിനുള്ളിൽ ചർച്ചകൾ നടക്കുമായിരുന്നു.


ഇവിടെ ഞങ്ങൾ നൽകുന്ന അദ്ധ്വാനത്തിന്റെ പകുതി പോലും തിരികെ ലഭിക്കുന്നില്ല," സിന്നർ പറഞ്ഞു. ടൂർണമെന്റുകളിൽ നിന്നുള്ള വരുമാനത്തിന്റെ 22 ശതമാനം വേണമെന്ന താരങ്ങളുടെ ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.


ഈ മാസം നടക്കുന്ന ഫ്രഞ്ച് ഓപ്പൺ വെറും 9.5 ശതമാനം വരുമാന വിഹിതം മാത്രമാണ് സമ്മാനത്തുകയായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത് താരങ്ങളുടെ പ്രതീക്ഷയേക്കാൾ വളരെ താഴെയാണ്.


വരാനിരിക്കുന്ന വിംബിൾഡൺ, യുഎസ് ഓപ്പൺ ടൂർണമെന്റുകളിൽ മെച്ചപ്പെട്ട തീരുമാനമുണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായും താരം കൂട്ടിച്ചേർത്തു.


ലോക നാലാം നമ്പർ താരം കോക്കോ ഗോഫും ബഹിഷ്കരണത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ താനും ഈ തീരുമാനത്തിനൊപ്പം നിൽക്കുമെന്ന് ഗോഫ് വ്യക്തമാക്കി.


നേരത്തെ 1973-ൽ നികോള പിലിക്ക് എന്ന താരത്തെ സസ്പെൻഡ് ചെയ്തതിനെത്തുടർന്ന് വിംബിൾഡണിൽ സമാനമായ ബഹിഷ്കരണം നടന്നിട്ടുണ്ട്. അന്ന് 81 പ്രമുഖ താരങ്ങളാണ് ടൂർണമെന്റിൽ നിന്ന് വിട്ടുനിന്നത്.


നിലവിൽ വരുമാന വിതരണം, ഇൻഷുറൻസ് ആനുകൂല്യങ്ങൾ, മത്സര ക്രമം നിശ്ചയിക്കുന്നതിലെ പങ്കാളിത്തം തുടങ്ങിയ ആവശ്യങ്ങളാണ് താരങ്ങൾ മുന്നോട്ട് വെക്കുന്നത്.


വരും ആഴ്ചകളിൽ വിംബിൾഡൺ അധികൃതർ എടുക്കുന്ന തീരുമാനങ്ങൾ ടെന്നീസ് ലോകത്തെ ഈ വലിയ പ്രതിഷേധത്തിന്റെ ഭാവി നിർണ്ണയിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home