ad
Deshabhimani

ചരിത്ര നിമിഷത്തിലേക്ക് ഇന്ത്യ; ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് 'വിക്രം-1' സജ്ജം, വിക്ഷേപണം ഉടൻ

Vikram 1.jpg
വെബ് ഡെസ്ക്

Published on Jul 02, 2026, 05:39 PM | 1 min read

ശ്രീഹരിക്കോട്ട: രാജ്യത്തെ ആദ്യത്തെ ബഹിരാകാശ ടാക്സി യൂണികോൺ കമ്പനിയായ സ്കൈറൂട്ട് എയറോസ്‌പേസ് തങ്ങളുടെ ആദ്യ ഓർബിറ്റൽ റോക്കറ്റായ 'വിക്രം-1' പുറത്തിറക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ വെച്ചാണ് പൂർണ്ണമായി അസംബിൾ ചെയ്ത ഏഴ് നില കെട്ടിടത്തിന്റെ ഉയരമുള്ള ഈ റോക്കറ്റ് കമ്പനി പ്രദർശിപ്പിച്ചത്.


ജൂലൈ 12 നും ഓഗസ്റ്റ് 4 നും ഇടയിലുള്ള വിക്ഷേപണ വിൻഡോയിലാണ് റോക്കറ്റിന്റെ കന്നിവിക്ഷേപണം നടക്കുക. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായ ഡോ. വിക്രം സാരാഭായുടെ പേരിട്ടിരിക്കുന്ന ഈ റോക്കറ്റ് ദൗത്യത്തിന് "ആഗമൻ" എന്നാണ് പേരിട്ടിരിക്കുന്നത്.


മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞരായ പവൻ കുമാർ ചന്ദന, നാഗ ഭരത് ദാക എന്നിവർ ചേർന്ന് ഹൈദരാബാദ് ആസ്ഥാനമായി സ്ഥാപിച്ച കമ്പനിയാണ് സ്കൈറൂട്ട്. ഭാരം കുറയ്ക്കുന്നതിനായി പൂർണ്ണമായും കാർബൺ കോമ്പോസിറ്റ് ഘടനയിലാണ് വിക്രം-1 നിർമ്മിച്ചിരിക്കുന്നത്.


കുറഞ്ഞ ചെലവിലും വേഗത്തിലും നിർമ്മിക്കാൻ സാധിക്കുന്ന അത്യാധുനിക 3 ഡി-പ്രിന്റഡ് റോക്കറ്റ് എൻജിനുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 350 കിലോഗ്രാം വരെയുള്ള ഉപഗ്രഹങ്ങളെ ഭൂമിയിൽ നിന്നും 450 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിൽ എത്തിക്കാൻ ഈ റോക്കറ്റിന് സാധിക്കും.


വിക്രം-1 വിജയകരമായി കുതിച്ചുയരുന്നതോടെ ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖല പുതിയൊരു ചരിത്രത്തിലേക്ക് കടക്കുമെന്ന് സ്കൈറൂട്ട് സിഇഒ പവൻ കുമാർ ചന്ദന വ്യക്തമാക്കി. വിക്ഷേപണ വേളയിലെ യഥാർത്ഥ വിവരങ്ങൾ ശേഖരിക്കുകയാണ് 'ആഗമൻ' ദൗത്യത്തിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


2022 നവംബർ 18-ന് 'വിക്രം-എസ്' എന്ന സബ്-ഓർബിറ്റൽ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച് സ്കൈറൂട്ട് ചരിത്രം കുറിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് വിക്രം-1 ഉപഗ്രഹങ്ങളുമായി ഭ്രമണപഥത്തിലേക്ക് കുതിക്കാൻ ഒരുങ്ങുന്നത്.


ഐഎസ്ആർഒ, ബഹിരാകാശ നിയന്ത്രണ ഏജൻസിയായ ഇൻ-സ്പേസ് എന്നിവരുടെ പൂർണ്ണ പിന്തുണയോടെയാണ് ദൗത്യം നടപ്പാക്കുന്നത്. ആഭ്യന്തര-അന്തർദേശീയ ഉപഭോക്താക്കളുടെ ഉപഗ്രഹങ്ങളാണ് ഈ ദൗത്യത്തിലൂടെ വിക്ഷേപിക്കുക.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home