'അപകടരഹിത വേനൽ'; റോഡ് സുരക്ഷാ ക്യാമ്പയിനുമായി യുഎഇ

ദുബായ്: വേനൽക്കാല അവധിയും യാത്രാ സീസണും ആരംഭിക്കുന്ന സാഹചര്യത്തിൽ റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി 'അപകടരഹിത വേനൽ' (Accident-Free Summer) എന്ന പേരിൽ രാജ്യവ്യാപക ബോധവത്കരണ ക്യാമ്പയിൻ യു.എ.ഇ ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു.
ഫെഡറൽ ട്രാഫിക് കൗൺസിലിന്റെ നേതൃത്വത്തിൽ 2026-ലെ മൂന്നാമത്തെ ട്രാഫിക് സുരക്ഷാ പ്രചാരണമായാണ് മൂന്ന് മാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. വാഹനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ മുൻകരുതലുകളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുകയാണ് ലക്ഷ്യം.
വാഹനങ്ങളുടെ ടയറുകൾ, ലൈറ്റുകൾ, ഇൻഡിക്കേറ്ററുകൾ എന്നിവ യാത്രയ്ക്ക് മുമ്പ് പരിശോധിക്കണമെന്നും വാഹനങ്ങളുടെ മുകളിലെ ലഗേജ് റാക്കുകളിൽ അമിതഭാരം കയറ്റരുതെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. പാർക്ക് ചെയ്ത വാഹനങ്ങളിൽ കുട്ടികളെയോ തീപിടിത്തത്തിന് സാധ്യതയുള്ള വസ്തുക്കളെയോ ഉപേക്ഷിക്കരുതെന്നും മുന്നറിയിപ്പ് നൽകി.
വേഗപരിധി കർശനമായി പാലിക്കുക, വാഹനങ്ങൾക്കിടയിൽ സുരക്ഷിത അകലം ഉറപ്പാക്കുക, എല്ലാ ട്രാഫിക് നിയമങ്ങളും പാലിക്കുക എന്നിവയും ക്യാമ്പയിന്റെ ഭാഗമായി ഡ്രൈവർമാരെ ഓർമിപ്പിക്കുന്നുണ്ട്.
രാജ്യത്തെ വിവിധ പൊലീസ് വകുപ്പുകളുടെയും റോഡ് സുരക്ഷാ ഏജൻസികളുടെയും സഹകരണത്തോടെയാണ് ബോധവത്കരണ പരിപാടികൾ നടപ്പാക്കുന്നത്. അറബിക്, ഇംഗ്ലീഷ്, ഉർദു ഭാഷകളിൽ സാമൂഹികമാധ്യമങ്ങളിലൂടെ സുരക്ഷാ സന്ദേശങ്ങളും പ്രചരിപ്പിക്കും.











0 comments