ബീജിങ്ങിൽ വിമാനം ഇടിച്ചിറക്കിയ സംഭവം; പൈലറ്റ് കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് റിപ്പോർട്

സിറ്റിക് ടവറിൽ വിമാനം ഇടിച്ചുണ്ടായ അപകടം |Photo:Screengrab X
ബീജിങ്ങ് : ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിലെ സിറ്റിക് ടവറിൽ കഴിഞ്ഞ ആഴ്ച ചെറു വിമാനം ഇടിച്ചുണ്ടായ അപകടത്തിന് പിന്നിൽ വ്യക്തിപരമായ കാരണങ്ങളെന്ന് അധികൃതർ. അപകടത്തിൽ മരിച്ച 66കാരനായ പൈലറ്റ് ലിയു കടുത്ത ഉറക്കമില്ലായ്മയും ഉത്കണ്ഠയും അനുഭവിച്ചിരുന്നതായി ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നു. ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള നിരവധി പരാമർശങ്ങൾ ഇദ്ദേഹത്തിന്റെ ഡയറിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാൽ പൊതുസുരക്ഷയെ അപകടത്തിലാക്കിയ സംഭവമാണിതെന്ന് ചൗയാങ് ജില്ലാ ഭരണകൂടം പ്രസ്താവനയിൽ വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ പൈലറ്റ് സംഭവസ്ഥലത്തുതന്നെ മരിക്കുകയും മറ്റ് 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആസ്ഥാനമായ സോങ്‌നാൻഹായ്‌ക്ക് ഏതാനും കിലോമീറ്ററുകൾ മാത്രം അകലെ സ്ഥിതി ചെയ്യുന്ന 109 നിലകളുള്ള സിറ്റിക് ടവർ 'ചൈന സൂൺ' എന്നും അറിയപ്പെടുന്നുണ്ട്.
അപകടത്തെത്തുടർന്ന് ചെറു വിമാനങ്ങളുടെ സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കാൻ തങ്ങളോട് ആവശ്യപ്പെട്ടതായി മൂന്ന് വ്യോമയാന കമ്പനികൾ ബിബിസിയോട് വ്യക്തമാക്കി. അപകടദിവസം ഉച്ചയ്ക്ക് പിങ്ഗു ജില്ലയിലെ വിമാനത്താവളത്തിൽ നിന്നാണ് ലിയു വിമാനം പറത്തിയത്. പരിശീലന പറക്കലുകൾക്ക് ശേഷം ഒറ്റയ്ക്ക് വിമാനം പറത്തുന്നതിനിടെ നിശ്ചിത പാതയിൽ നിന്ന് മാറി സഞ്ചരിച്ച വിമാനത്തിന് എയർപോർട്ടുമായുള്ള ബന്ധം നഷ്ടപ്പെടുകയും കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.
2021ൽ സ്‌പോർട്‌സ് പൈലറ്റ് ലൈസൻസും 2024ൽ പ്രൈവറ്റ് പൈലറ്റ് ലൈസൻസും ലിയു നേടിയിരുന്നു. ചൈനീസ് കമ്പനിയായ സൺവേർഡ് എയർക്രാഫ്റ്റ് നിർമിച്ച ഔറോറ എസ്‌എ60എൽ എന്ന രണ്ട് സീറ്റുകളുള്ള സിംഗിൾ എഞ്ചിൻ വിമാനമാണ് ഇദ്ദേഹം പറത്തിയിരുന്നത്. 6.9 മീറ്റർ നീളവും 8.6 മീറ്റർ വിംഗസ്പാനുമുള്ള ഈ വിമാനം പ്രധാനമായും വിനോദ സഞ്ചാരത്തിനും ഏരിയൽ ഫോട്ടോഗ്രാഫിക്കുമായി ഉപയോഗിക്കുന്നതാണെന്ന് ഫ്ലൈറ്റ് ട്രാക്കിംഗ് സർവീസായ ഫ്ലൈറ്റ്‌റഡാർ24 വ്യക്തമാക്കി.










0 comments