പ്രതിഷേധക്കാരുടെ ഫോണുകൾ ചോർത്തുന്നു; ഗുരുതര ആരോപണവുമായി സിജെപി നേതാവ്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിലെ ജന്തർ മന്ദറിൽ പ്രതിഷേധിക്കുന്ന കോക്രോച്ച് ജനത പാർട്ടി പ്രവർത്തകരുടെ മൊബൈൽ ഫോണുകൾ ഭരണകൂടം നിരീക്ഷിക്കുന്നതായി ഗുരുതര ആരോപണം. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരുടെ വാട്‌സ്ആപ്പ് കോളുകളും ചാറ്റുകളും ഉൾപ്പെടെയുള്ള സ്വകാര്യ ആശയവിനിമയങ്ങൾ ചോർത്തുന്നുണ്ടെന്ന് സിജെപി നേതാവ് അഭിജീത്ത് ദീപ്‌കേ ആരോപിച്ചു.
സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധം പതിമൂന്നാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് ഈ വെളിപ്പെടുത്തൽ. ഭരണകൂടത്തിലെ ചില ഉദ്യോഗസ്ഥർ തന്നെയാണ് തങ്ങൾ നിരീക്ഷണത്തിലാണെന്ന വിവരം രഹസ്യമായി അറിയിച്ചതെന്ന് ദീപ്‌കേ എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
സംഘടനയ്ക്കുള്ളിൽ നടന്ന ചർച്ചകൾ ഒരു വാക്കുപോലും മാറാതെ ഈ വൃത്തങ്ങൾ തങ്ങളെ പറഞ്ഞു കേൾപ്പിച്ചതായും അദ്ദേഹം അവകാശപ്പെടുന്നു. നിരീക്ഷണങ്ങൾക്കിടയിലും കടുത്ത മഴയെ അവഗണിച്ച് ജന്തർ മന്ദറിൽ സമരം തുടരുന്ന പ്രവർത്തകരുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന ഉറച്ച നിലപാടിലാണ് സംഘടന. പ്രതിഷേധങ്ങൾക്കിടെ അഭിജീത്ത് ദീപ്കേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെത്തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. മക്കളുടെ വിദ്യാഭ്യാസത്തിനായി മാതാപിതാക്കൾ വലിയ തുക ലോണെടുത്ത കാര്യവും കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും കത്തിലൂടെ അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടു.










0 comments