ജാക്ക് ഡ്രാപ്പർക്ക് പരിക്ക്; ഫ്രഞ്ച് ഓപ്പണിൽ നിന്ന് താരം പിന്മാറി

Photo Credit: AP
ലണ്ടൻ: ബ്രിട്ടീഷ് ടെന്നീസ് താരം ജാക്ക് ഡ്രാപ്പർക്ക് അടുത്ത മാസം നടക്കാനിരിക്കുന്ന ഫ്രഞ്ച് ഓപ്പൺ ഉൾപ്പെടെയുള്ള ക്ലേ കോർട്ട് സീസൺ പൂർണ്ണമായും നഷ്ടമാകും. വലതുകാലിലെ മുട്ടിലേറ്റ പരിക്ക് കാരണമാണ് 24-കാരനായ ഡ്രെപ്പർ പിന്മാറുന്നത്. ജൂണിൽ ആരംഭിക്കുന്ന ഗ്രാസ് കോർട്ട് സീസണിലൂടെ കായികക്ഷമത വീണ്ടെടുത്ത് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് താരം.
മറ്റൊരു ഗ്രാൻഡ് സ്ലാം കൂടി നഷ്ടപ്പെടുന്നത് ഏറെ സങ്കടകരമാണെന്ന് ഡ്രാപ്പർ സോഷ്യൽ മീഡിയയിൽ കുറിച്ചു. പരിക്കിൽ നേരിയ പുരോഗതിയുണ്ടെന്നും പന്ത് തട്ടി പരിശീലനം തുടങ്ങിയെന്നും താരം വ്യക്തമാക്കി. എന്നാൽ കോർട്ടിലെ അഞ്ച് സെറ്റ് നീളുന്ന കടുത്ത പോരാട്ടങ്ങളിലേക്ക് ഇപ്പോൾ ഇറങ്ങുന്നത് പരിക്കിനെ കൂടുതൽ വഷളാക്കുമെന്ന വിദഗ്ധ നിർദ്ദേശത്തെത്തുടർന്നാണ് ഫ്രഞ്ച് ഓപ്പണിൽ നിന്നും താരം വിട്ടുനിൽക്കാൻ തീരുമാനിച്ചത്.
പരിക്കിനൊപ്പം റാങ്കിംഗിലെ കനത്ത തിരിച്ചടിയും താരത്തെ കാത്തിരിക്കുന്നുണ്ട്. നിലവിൽ ലോക 28-ാം റാങ്കുകാരനായ ഡ്രാപ്പർ, മാഡ്രിഡ് ഓപ്പൺ പൂർത്തിയാകുന്നതോടെ 50-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാനാണ് സാധ്യത. കഴിഞ്ഞ വർഷം മാഡ്രിഡിൽ റണ്ണറപ്പായതിലൂടെ ലഭിച്ച 650 പോയിന്റുകൾ പ്രതിരോധിക്കാൻ സാധിക്കാത്തതാണ് ഇതിന് കാരണം. ഇതേ നില തുടർന്നാൽ ജൂണോടെ താരം ആദ്യ നൂറ് റാങ്കിംഗിന് പുറത്തുപോയേക്കും.
കരിയറിന്റെ തുടക്കം മുതൽ പരിക്കുകൾ ഡ്രാപ്പർക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഈ വർഷം മാർച്ചിൽ ഇന്ത്യൻ വെൽസ് മാസ്റ്റേഴ്സ് കിരീടം നേടി ലോക റാങ്കിംഗിൽ നാലാം സ്ഥാനത്തേക്ക് ഉയർന്ന് മികച്ച ഫോമിലായിരുന്നു താരം. എന്നാൽ തോളിലും കൈയിലും മുട്ടിലുമായി മാറിമാറി വരുന്ന പരിക്കുകൾ കരിയറിലെ സുപ്രധാന ടൂർണമെന്റുകൾ നഷ്ടമാക്കുകയാണ്. വരാനിരിക്കുന്ന വിംബിൾഡണിൽ സീഡിംഗ് ലഭിക്കാനുള്ള സാധ്യതയും ഇതോടെ മങ്ങിയിരിക്കുകയാണ്.
ഡ്രാപ്പർക്ക് പുറമെ മറ്റ് പ്രമുഖ ബ്രിട്ടീഷ് താരങ്ങളും പരിക്കിന്റെ പിടിയിലാണ്. വൈറൽ പനി ബാധിച്ച എമ്മ റാഡുക്കാനു വിശ്രമത്തിലാണ്. ഫ്രഞ്ച് ഓപ്പണിനുള്ള താരങ്ങളുടെ പട്ടികയിൽ പേരുണ്ടെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടാൽ മാത്രമേ താരം കളത്തിലിറങ്ങൂ. മറ്റൊരു താരമായ സോണയ് കാർട്ടലിന് പുറംവേദനയെത്തുടർന്ന് സീസൺ മുഴുവൻ നഷ്ടമായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.











0 comments