ബില്ലി ജീൻ കിംങ്ങ് കപ്പ്; ഓസ്‌ട്രേലിയയെ നിഷ്പ്രഭമാക്കി ബ്രിട്ടൻ ഫൈനൽ റൗണ്ടിലേക്ക്

മെൽബൺ: ബില്ലി ജീൻ കിങ്ങ് കപ്പ് ടെന്നീസിൽ കരുത്തരായ ഓസ്‌ട്രേലിയയെ തകർത്ത് ഗ്രേറ്റ് ബ്രിട്ടൻ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി. മെൽബണിൽ നടന്ന യോഗ്യതാ മത്സരത്തിൽ 3-0 എന്ന സ്കോറിനാണ് ബ്രിട്ടീഷ് ടീം തകർപ്പൻ വിജയം ഉറപ്പിച്ചത്.
ആദ്യമായി ഒന്നിച്ചു കളിച്ച ഹാരിയറ്റ് ഡാർട്ട് - ജോഡി ബറേജ് സഖ്യം ഡബിൾസ് പോരാട്ടത്തിൽ സ്റ്റോം ഹണ്ടർ - എല്ലെൻ പെരസ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് (6-3, 6-4) പരാജയപ്പെടുത്തിയതോടെയാണ് ബ്രിട്ടന്റെ ഫൈനൽ പ്രവേശനം ഔദ്യോഗികമായത്.
സിംഗിൾസ് മത്സരങ്ങങ്ങളിൽ നേടിയ അപ്രതീക്ഷിത വിജയങ്ങളാണ് ബ്രിട്ടന് തുടക്കത്തിലേ മുൻതൂക്കം നൽകിയത്. 17-കാരിയായ മിഖ സ്റ്റോയിസാവ്ലെവിച്ച് തന്റെ കന്നി മത്സരത്തിൽ തന്നെ റാങ്കിംഗിൽ വൻ മുന്നേറ്റമുള്ള താലിയ ഗിബ്സണെ അട്ടിമറിച്ചത് ബ്രിട്ടന് വലിയ ആത്മവിശ്വാസമായി.
തുടർന്ന് നടന്ന പോരാട്ടത്തിൽ ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും ഹാരിയറ്റ് ഡാർട്ട് ശക്തമായി തിരിച്ചുവന്ന് കിംബർലി ബിറെലിനെ പരാജയപ്പെടുത്തിയതോടെ സിംഗിൾസിൽ ബ്രിട്ടൻ ആധിപത്യം ഉറപ്പിച്ചിരുന്നു.
റാങ്കിംഗിൽ ആദ്യ നൂറിലുള്ള പ്രമുഖ താരങ്ങങ്ങളായ എമ്മ റാഡുക്കാനു, കാറ്റി ബോൾട്ടർ തുടങ്ങിയവരുടെ അഭാവത്തിലാണ് ബ്രിട്ടൻ ഓസ്‌ട്രേലിയയെ നേരിടാൻ ഇറങ്ങിയത്.
താരതമ്യേന അനുഭവസമ്പത്ത് കുറഞ്ഞ ടീമായിരുന്നിട്ടും മൈതാനത്ത് കാണിച്ച പോരാട്ടവീര്യം റാങ്കിംഗിലെ വ്യത്യാസങ്ങളെ അപ്രസക്തമാക്കി. ഇതോടെ തുടർച്ചയായ മൂന്നാം വർഷവും ബില്ലി ജീൻ കിംഗ് കപ്പിന്റെ ഫൈനൽ ഘട്ടത്തിലേക്ക് യോഗ്യത നേടാൻ ബ്രിട്ടീഷ് പടയ്ക്കായി.
ഡബിൾസ് മത്സരത്തിന്റെ തുടക്കത്തിൽ ബ്രിട്ടീഷ് സഖ്യം അല്പം പതറിയെങ്ങിലും അഞ്ച് ഗെയിമുകൾ തുടർച്ചയായി വിജയിച്ച് ആദ്യ സെറ്റ് കൈക്കലാക്കി. സർവുകൾ നിലനിർത്താൻ നാല് താരങ്ങളും ബുദ്ധിമുട്ടിയ രണ്ടാം സെറ്റിൽ നിർണ്ണായകമായ ഒൻപതാം ഗെയിം ബ്രേക്ക് ചെയ്തതോടെ ബ്രിട്ടൻ വിജയം ഉറപ്പിക്കുകയായിരുന്നു.
സെപ്റ്റംബറിൽ ഷെൻഷനിൽ നടക്കുന്ന എട്ട് ടീമുകളുടെ ഫൈനലിൽ ആതിഥേയരായ ചൈനയ്ക്കൊപ്പം ഗ്രേറ്റ് ബ്രിട്ടനും ഇനി മാറ്റുരയ്ക്കും. പരാജയപ്പെട്ട ഓസ്‌ട്രേലിയ നവംബറിൽ നടക്കുന്ന പ്ലേ-ഓഫിൽ കളിക്കേണ്ടി വരും










0 comments