ad
Deshabhimani

ക്വാർട്ടറിൽ പുറത്തായെങ്കിലും വിംബിൾഡൺ ജൂനിയറിൽ ചരിത്രം കുറിച്ച് അർണവ്; ഇന്ത്യൻ ടെന്നീസിന്റെ ഭാവി വാഗ്ദാനം

tennis.

Photo Credit:Social Media

വെബ് ഡെസ്ക്

Published on Jul 09, 2026, 11:00 PM | 1 min read

ലണ്ടൻ: വിംബിൾഡൺ 2026 ജൂനിയർ ബോയ്സ് സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ അർണവ് പാപ്പർക്കർ പുറത്ത്. അമേരിക്കയുടെ ജോർദാൻ ലീയോട് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ടാണ് പതിനെട്ടുകാരനായ ഇന്ത്യൻ താരം ടൂർണ്ണമെന്റിൽ നിന്ന് മടങ്ങിയത്.


കഴിഞ്ഞ ഒരു മാസത്തിനിടെ ജോർദാൻ ലീയോട് അർണവ് നേരിടുന്ന മൂന്നാമത്തെ തോൽവിയാണിത്. തന്ത്രപരമായ നീക്കങ്ങളിലൂടെ മത്സരത്തിൽ ഉടനീളം ആധിപത്യം പുലർത്താൻ അമേരിക്കൻ താരത്തിന് സാധിച്ചു.


മത്സരത്തിൽ അർണവ് മികച്ച പോരാട്ടവീര്യം പുറത്തെടുത്തെങ്കിലും, രണ്ടാം സർവ്വീസിലെ പിഴവുകൾ താരത്തിന് തിരിച്ചടിയായി. അർണവ് എട്ട് ഏസുകൾ അടിച്ചെങ്കിലും, നിർണ്ണായക നിമിഷങ്ങളിൽ ജോർദാൻ ലീയുടെ അച്ചടക്കമുള്ള കളി അർണവിനെ സമ്മർദ്ദത്തിലാക്കി.



ക്വാർട്ടറിൽ പുറത്തായെങ്കിലും, വിംബിൾഡൺ 2026 അർണവിന്റെ കരിയറിലെ സുപ്രധാന നാഴികക്കല്ലാണ്. 1990-ൽ ലിയാണ്ടർ പേസിന് ശേഷം വിംബിൾഡൺ ജൂനിയർ ബോയ്സ് സിംഗിൾസ് ക്വാർട്ടറിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടം താരം ഇതിനകം സ്വന്തമാക്കി കഴിഞ്ഞു.


ടൂർണ്ണമെന്റിൽ ജൂനിയർ ലോക റാങ്കിംഗിൽ മൂന്നാം സ്ഥാനക്കാരനായ കീറ്റൺ ഹാൻസിനെ അട്ടിമറിച്ചതടക്കം അർണവിന്റെ പ്രകടനം കായിക ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.


റോളണ്ട് ഗാരോസിലെ മൂന്നാം റൗണ്ട് പ്രവേശത്തിന് പിന്നാലെ വിംബിൾഡണിലെ ഈ ക്വാർട്ടർ ഫൈനൽ പ്രവേശം അർണവിന്റെ കരിയറിലെ കുതിപ്പിന് അടിവരയിടുന്നു.


വരാനിരിക്കുന്ന പ്രൊഫഷണൽ ടെന്നീസ് ടൂറുകളിലേക്ക് കൂടുതൽ ആത്മവിശ്വാസത്തോടെയും അനുഭവസമ്പത്തോടെയുമാണ് താരം ലണ്ടനിൽ നിന്ന് മടങ്ങുന്നത്. ഇന്ത്യൻ ടെന്നീസ് ലോകം വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന അർണവിന്റെ ഈ കുതിപ്പ് കൗമാര താരങ്ങൾക്ക് വലിയ പ്രചോദനമാണ് പകരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home