ഇലന്തൂർ ആഭിചാരക്കൊല
പത്മ, റോസിലി വധക്കേസിൽ സാക്ഷികളെ വിസ്തരിച്ചു

കൊച്ചി
ഇലന്തൂർ ആഭിചാര കൊലപാതകക്കേസിൽ സാക്ഷിവിസ്‌താരം പുരോഗമിക്കുന്നു. കടവന്ത്ര പൊലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർചെയ്‌ത പത്മ കൊലക്കേസിൽ 42 സാക്ഷികളെയും കാലടി സ്‌റ്റേഷനിൽ രജിസ്‌റ്റർചെയ്‌ത റോസിലി കൊലക്കേസിൽ 33 സാക്ഷികളെയും വിചാരണക്കോടതി വിസ്‌തരിച്ചു. എറണാകുളം അഡീഷണൽ സെഷൻസ് കോടതി–അഞ്ചിലാണ് വിസ്താരം പുരോഗമിക്കുന്നത്. പത്മ കൊലക്കേസിൽ 166 സാക്ഷികളും റോസിലി കൊലക്കേസിൽ 206 സാക്ഷികളുമാണുള്ളത്.
റോസിലിയുടെ മകളെ കഴിഞ്ഞദിവസം വിസ്‌തരിച്ചു. ഒന്നാംപ്രതി മുഹമ്മദ് ഷാഫിയുടെ സ്കോർപിയോ വാഹനത്തിലെ ഇന്ധനം തീർന്നപ്പോൾ ഡീസൽ വാങ്ങിയ പന്പിലെ ജീവനക്കാരനെയും വിസ്‌തരിച്ചിരുന്നു. റോസിലിയുടെ കൊലപാതകസമയത്ത് മുഹമ്മദ് ഷാഫിയും രണ്ടാംപ്രതി ഭഗവൽസിങ്ങും സ്‌കോർപിയോയിൽ ഒന്നിച്ച് സഞ്ചരിച്ചപ്പോഴാണ് ഡീസൽ തീർന്നത്. തുടർന്ന് ഇലന്തൂരിലെ പെട്രോൾ പന്പിലേയ്‌ക്ക് ഇരുവരും ബൈക്കിൽ പോയാണ് ഡീസൽ വാങ്ങിയത്.
കൊലപാതകത്തിനുമുന്പ് ഭഗവൽസിങ്ങിന്റെയും ലൈലയുടെയും ഇലന്തൂരിലെ വീട്ടിൽ മൺചിരാത് കത്തിച്ച് പൂജ നടത്തിയിരുന്നു. പൂജാസാമഗ്രികളും മൺചിരാതും കണ്ടെടുത്ത സമയത്തുണ്ടായിരുന്ന സാക്ഷിയെയും വിസ്തരിച്ചു. പത്മയെയും റോസിലിയെയും ഇലന്തൂരിലേക്ക് കൊണ്ടുപോകാൻ ഷാഫി ഉപയോഗിച്ച സ്കോർപിയോ വാഹനം കോടതിയിൽ ഹാജരാക്കിയിരുന്നു. സെഷൻസ് ജഡ്‌ജി ടി മധുസൂദനനാണ് വാദം കേൾക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. വി അജകുമാറാണ് ഹാജരായത്.
സാമ്പത്തിക ഉന്നമനത്തിനും ഐശ്വര്യപൂജയ്‌ക്കും എന്നപേരിൽ പത്മയെയും റോസിലിയെയും ഭഗവൽസിങ്ങിന്റെ ഇലന്തൂരിലെ വീട്ടിലെത്തിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 2022ലായിരുന്നു സംഭവം.











0 comments