print edition മന്ത്രി ബഷീറിന്റെ വിശദീകരണം തുരങ്കപാതാവിരുദ്ധർക്ക് മറുപടി

തുരങ്കപാതയുടെ നേട്ടങ്ങൾ വിശദീകരിച്ച് ജൂൺ 29ന് നിയമസഭയിൽ മന്ത്രി പി കെ ബഷീറിന്റെ മറുപടി
തിരുവനന്തപുരം: വയനാട്ടിലേക്കുള്ള ആനക്കാംപൊയിൽ– കള്ളാടി തുരങ്കപാത യാഥാർഥ്യമായാലുള്ള നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ നിയമസഭയിൽ നൽകിയ വിശദീകരണം മതിയാകും തുരങ്കപാതയ്ക്കെതിരായ കോൺഗ്രസ്, മുസ്ലിംലീഗുകാർക്കുള്ള മറുപടി. ജൂൺ 29ന് എ പ്രഭാകരന്റെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ വിശദമായ മറുപടി.
എല്ലാ അനുമതികളും കൃത്യമായി ലഭിച്ചിരുന്നതായും നിർമാണം സുഗമമായി മുന്നോട്ടുപോകുന്നതായും മന്ത്രി പറഞ്ഞു. പദ്ധതി പൂർത്തിയായാൽ വയനാട്ടിലേക്കുള്ള യാത്രാസമയം ഒന്നര മണിക്കൂറും ദൂരം 22 കിലോമീറ്ററും കുറയും. വയനാട്ടിൽ എളുപ്പത്തിൽ വൈദ്യസഹായം ലഭിക്കും. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സമീപ കോളേജുകളിലേക്കും സ്‌കൂളുകളിലേക്കും വിദ്യാർഥികൾക്ക് എളുപ്പത്തിൽ എത്താം. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽനിന്ന് ചരക്കുകളും നിർമാണസാമഗ്രികളും കുറഞ്ഞ ചെലവിൽ എത്തിക്കാം. തിരക്കേറിയ താമരശേരി ചുരം റോഡിന് ബദൽമാർഗമാകും. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നവരുടെ എണ്ണം വർധിക്കുകയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയുംചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
തുരങ്കനിർമാണത്തിനിടെയല്ല മണ്ണിടിഞ്ഞതെന്നും മണ്ണ് കൂട്ടിയിട്ടത് ഇടിഞ്ഞതാണെന്നും മന്ത്രിമാർ തന്നെ വ്യക്തമാക്കിയിട്ടും ചില കോൺഗ്രസ്, ലീഗ് നേതാക്കൾ തുരങ്കത്തിനെതിരായി രംഗത്തുവന്നിരിക്കുകയാണ്. തുടക്കംമുതൽ എതിർത്ത എം എം ഹസ്സൻ നിർമാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.











0 comments