തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവർന്നവർ പിടിയിൽ

കോഴിക്കോട്
പുതിയ ബസ് സ്‌റ്റാൻഡിനടത്തുനിന്ന് സ്ത്രീയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് സ്വര്‍ണാഭരണങ്ങള്‍ കവർന്ന കേസിലെ പ്രതികള്‍ പിടിയിൽ. കാക്കൂര്‍ കൊയാളിമുക്ക് പാറന്നൂര്‍ വി പി ക്വാർട്ടേഴ്സിൽ റഹ്മത്ത് (41), എറണാകുളം കാലടി പുളിക്കുന്നത്ത് വീട്ടിൽ അനില്‍ കുമാര്‍ (47), അന്നശേരി എടവനകുഴി നഗറിൽ സുഹറ (42), കല്ലായി ചക്കുംകടവ് ആനമാട് പറമ്പ് വീട്ടില്‍ അയിഷ (43), വെള്ളയില്‍ നാലുകൂടിപറമ്പ് വീട്ടില്‍ സൗദ (45), മുക്കം ചേന്നമംഗലൂര്‍ സുബിരാജ് (46) എന്നിവരെയാണ് കസബ പൊലീസും സിറ്റി ക്രൈം സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ചൊവ്വാഴ്‌ച വൈകിട്ടാണ് സംഭവം. കുന്നമംഗലം സ്വദേശിനിയായ യുവതി പുതിയ ബസ് സ്‌റ്റാൻഡ് ബില്‍ഡിങ്ങിലെ ക്ലീനിങ് ജോലികഴിഞ്ഞ് വീട്ടിലേക്കുപോകാൻ സ്‌റ്റാൻഡിനോട് ചേർന്നുള്ള മില്‍മ ബൂത്തിനടുത്ത് നില്‍ക്കവേ കണ്ട് പരിചയമുള്ള പ്രതികള്‍ പെരിങ്ങളത്തേക്ക് പോകുകയാണെന്നും പറഞ്ഞ് ഓട്ടോയില്‍ കയറ്റുകയായിരുന്നു. യാത്ര തുടങ്ങിയശേഷം പ്രതികൾ പരാതിക്കാരിയെ ആക്രമിക്കുകയും വായയുടെ ഭാഗത്ത് മുഷ്ടിചുരുട്ടി ഇടിക്കുകയുംചെയ്‌തു. ഒന്നേ കാൽ പവന്റെ മാലയും രണ്ടര പവന്റെ പാദസരവും ഒരുപവന്റെ ബ്രെയ്‌സ്‌ലെറ്റും പൊട്ടിച്ചെടുത്തശേഷം ചേവായൂരില്‍ ഇറക്കിവിട്ട് മുങ്ങുകയായിരുന്നു. അക്രമത്തിൽ പരാതിക്കാരിയുടെ മുൻവശത്തെ നാല് പല്ലുകൾ പറിഞ്ഞുപോയി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിൽനിന്ന് പ്രതികളെക്കുറിച്ച് മനസ്സിലായി. പുതിയ ബസ്‌സ്റ്റാൻഡ് പരിസരത്തുവച്ച് പ്രതികളെ ടൗൺ സബ് ഡിവിഷന്‍ അസി. കമീഷണര്‍ പ്രമോദന്റെയും കസബ സ്റ്റേഷൻ ഇൻസ്പെക്ടർ പി ജെ ജിമ്മിയുടെയും നേതൃത്വത്തിൽ അന്വേഷക സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ ചോദ്യംചെയ്തതില്‍നിന്ന് പരാതിക്കാരിയെ സ്ഥിരമായി കണ്ട് പരിചയമുണ്ടെന്നും കെണിയിൽപ്പെടുത്തി സ്വര്‍ണാഭരണം കൈക്കലാക്കി വിറ്റുകിട്ടുന്ന പണം പങ്കിട്ടെടുക്കാന്‍ തീരുമാനിച്ചിരുന്നെന്നും പ്രതികൾ പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.











0 comments