ഓഞ്ഞിത്തോടിന്റെ കരയിലെ 20 മരങ്ങൾ മുറിച്ചുകടത്തി

കടുങ്ങല്ലൂർ പഞ്ചായത്തിലെ ഓഞ്ഞിത്തോടിന്റെ കരയിൽനിന്ന് മുറിച്ചുകടത്തിയ മരങ്ങളുടെ കുറ്റികൾ
ആലുവ
കടുങ്ങല്ലൂർ പഞ്ചായത്തിലെ ഓഞ്ഞിത്തോടിന്റെ കരയിൽനിന്നിരുന്ന പ്ലാവ്, ആഞ്ഞിലി, മാവ് തുടങ്ങി വിലപിടിപ്പുള്ള 20 മരങ്ങൾ മുറിച്ചു കടത്തി. മരം മുറിച്ചുകടത്തിയവർക്കെതിരെ മോഷണത്തിനും പൊതുമുതൽ നശിപ്പിച്ചതിനും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികാരികൾ ബിനാനിപുരം പൊലീസിന് പരാതി നൽകി.
ഓഞ്ഞിത്തോടിന്റെ വശങ്ങളിൽ പലരും അനധികൃതമായി കൈയേറിയ ഭൂമി ഒഴിപ്പിക്കാൻ റവന്യു അധികൃതർ അടുത്തയിടെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി കുറ്റികൾ സ്ഥാപിച്ചിരുന്നു. ഇതിനിടയിലാണ് പഴയ കൈയ്യേറ്റഭൂമിയിലെ മരങ്ങൾ മുറിച്ച് കടത്തിയത്. മുറിച്ച മരങ്ങളുടെ ചില്ലകൾ ഓഞ്ഞിത്തോട്ടിൽ തള്ളിയതോടെ മൂന്ന് പഞ്ചായത്തുകളുടെ ജലസ്രോതസായ തോട്ടിലെ നീരൊഴുക്കിനും തടസ്സം നേരിട്ടു.
ഓഞ്ഞിത്തോട് കൈയേറ്റ പ്രദേശത്ത് കുറ്റിവച്ച ഭാഗത്തെ മരങ്ങൾ മഹസ്സർ ചെയ്തതായതിനാൽ അവിടെനിന്നും മരം മുറിച്ച് കടത്തിയത് അനധികൃതമാണ്. പഞ്ചായത്ത് അധികാരികളിൽ ചിലരുടെ ഒത്താശയോടെയാണ് മരം മുറിച്ചുകടത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കുറ്റവാളികൾക്കെതിരെ നടപടി ശക്തമാക്കാൻ പഞ്ചായത്ത് അധികൃതർ കാര്യക്ഷമമായി ഇടപെടണമെന്നാണ് ആവശ്യം.










0 comments