മണ്ണത്തൂർ ആടുകുഴി പാറമട പ്രവർത്തനം
ദുരന്തം ദൂരെയല്ല; ആശങ്കയോടെ മണ്ണത്തൂർ

മണ്ണത്തൂർ ആടുകുഴിയിലെ പാറമടയിൽ കൂട്ടിയ മണ്ണ്

സ്വന്തം ലേഖകൻ
Published on Jul 10, 2026, 02:15 AM | 1 min read
കൂത്താട്ടുകുളം
മണ്ണത്തൂർ ആടുകുഴിയിലെ പാറമടയിൽ കൂട്ടിയിട്ട മണ്ണ് ഏതുനിമിഷവും ഇടിഞ്ഞുവരുമെന്ന ഭീതിയിൽ നാട്ടുകാർ. കള്ളാടി മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ മഴ ശക്തമാകുന്ന സമയത്തെല്ലാം വീടിന് പുറത്തിറങ്ങി കഴിയുകയാണ് ഇവിടെയുള്ളവർ.
പാറ കണ്ടെത്താനായി ആടുകുഴി മല തുരന്ന നൂറുകണക്കിന് ലോഡ് മണ്ണാണ് മലയുടെ ചരുവിൽ അശാസ്ത്രീയമായി വലിയ കൂനയായി കൂട്ടിയിരിക്കുന്നത്. റവന്യു, മൈനിങ് ആൻഡ് ജിയോളജിവകുപ്പ് ഉദ്യോഗസ്ഥർക്ക് നാട്ടുകാർ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ദുരന്തനിവാരണ അതോറിറ്റിയും അറിഞ്ഞ ഭാവം കാണിക്കുന്നില്ല.
മഴ ശക്‌തമായാൽ കൂട്ടിയ മണ്ണ് താഴേക്ക് പതിച്ച് വലിയ ദുരന്തത്തിനിടയാക്കും. ഇരുപതോളം വീടുകളും അങ്കണവാടിയുമുൾപ്പെടെ പ്രദേശത്തുണ്ട്. കനാൽ, ചെക്ക് ഡാം, കനാൽപ്പാലം, നീർപ്പാലം തുടങ്ങിയവയും തകരും. പാറമടയിലെ വലിയ സ്ഫോടനംമൂലം ജനങ്ങൾ ഇവിടത്തെ വീടും സ്ഥലവും വിൽക്കാൻ നെട്ടോട്ടമോടുകയാണ്. നിരവധി വീടുകൾക്ക് വിള്ളലുണ്ടായി.
ലോറികൾ അമിതഭാരം കയറ്റി ഓടുന്നതിനാൽ അടുത്തിടെ നവീകരിച്ച ചൂണ്ടി-–പണ്ടപ്പിള്ളി സെൻട്രൽ ക്രോസ് റോഡ് തകർന്നു. ഈ റോഡിന്റെ ഭാഗമായ കനാൽ ബണ്ട് ഭാഗവും പ്രധാന പാലവും തകർച്ചയിലാണ്. നിയമങ്ങൾ പാലിച്ചാണ് ക്വാറി പ്രവർത്തിക്കുന്നതെന്ന വാദമാണ് റോൺ കോ കമ്പനിയുടേത്.
സിപിഐ എം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പ്രദേശം സന്ദർശിച്ചു. ലോക്കൽ സെക്രട്ടറി എം കെ ശശി, എ സി ജോൺസൺ, വർഗീസ് മാണി, ലിസി രാജൻ, മഞ്ജുഷ സുരേഷ് തുടങ്ങിയവർ ഒപ്പമുണ്ടായി.
സിപിഐ എം ഏരിയ കമ്മിറ്റി അംഗം അനിൽ ചെറിയാൻ, പഞ്ചായത്ത് അംഗം
ബിനോയ് കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ കലക്ടർ ജി പ്രിയങ്കയ്‌ക്ക്
പരാതി നൽകുന്നു
സിപിഐ എം കലക്‌ടർക്ക് പരാതി നൽകി
മണ്ണത്തൂർ ആടുകുഴി പാറമട പ്രവർത്തനം അടിയന്തരമായി നിർത്തണമെന്നാവശ്യപ്പെട്ട് സിപിഐ എം കലക്‌ടർക്ക് പരാതി നൽകി. ഏരിയ കമ്മിറ്റി അംഗം അനിൽ ചെറിയാൻ, പഞ്ചായത്ത് അംഗം ബിനോയ് കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ കലക്ടർ ജി പ്രിയങ്കയ്‌ക്ക് പരാതി കൈമാറി. അടിയന്തര നടപടി ഉണ്ടാകുമെന്ന് കലക്ടർ ഉറപ്പുനൽകി.











0 comments